കണ്ണൂർ: സൈബർ ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നതു കെ ആർ ഇന്ദിര എന്ന എഴുത്തുകാരിയുടെ വാക്കുകളാണ്. മുസ്ലിങ്ങളുമായും ക്രിസ്ത്യാനികളുമായും കൊമ്പു കോർക്കണമെങ്കിൽ ഹിന്ദുമതം നിലനിൽക്കണമെന്ന പരാമർശമാണ് വിവാദത്തിലായിരിക്കുന്നത്.

അവരങ്ങനെ അങ്കം വെട്ടട്ടെയെന്നും എനിക്കതു കാണണമെന്നും ഇന്ദിര പറഞ്ഞതിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. 'അധികാരവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ് മതം.ഈയൊരു ഘടകത്തിൽ, അധികാരവുമായുള്ള ഈ ബന്ധത്തിന്റെ പേരിൽ അവിശ്വാസിയായ ഞാൻ ഹിന്ദുമതം നിലനിൽക്കണമെന്ന് പറയുന്നു. അതെന്തിനാണ്, മറ്റ് രണ്ട് മതങ്ങളുമായി തുല്യമായി നിന്ന് കൊമ്പുകോർത്ത് കാണാൻ വേണ്ടിയിട്ടാണ്. ഇതൊരു അധികാരസ്ഥാപനമാണെങ്കിൽ തുല്യമായ മൂന്നാമതൊരു ശക്തികൂടിയുണ്ടായിട്ട് അവരങ്ങനെ അങ്കം വെട്ടട്ടെ, എനിക്കത് കാണണം. അതിനുവേണ്ടി ഹിന്ദുമതം ഇല്ലാതാകരുത് നിലനിൽക്കണം.'- ഇങ്ങനെയാണു കെ ആർ ഇന്ദിരയുടെ വാക്കുകൾ.

സ്വതന്ത്ര ലോകം സെമിനാറിൽ സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചു നടത്തിയ പ്രഭാഷണത്തിനിടെയാണ് ഇന്ദിരയുടെ പരാമർശം. പന്ത്രണ്ടാം വയസിൽ നിരീശ്വരവാദിയായെന്നും ആർത്തവ സമയത്ത് പല ക്ഷേത്രങ്ങളിലും കയറി താൻ അശുദ്ധയാക്കിയിട്ടുണ്ടെന്നുമുള്ള അവകാശവാദങ്ങൾക്കൊപ്പമാണ് ഹിന്ദു മതം നിലനിന്നു കാണാൻ താൻ ആഗ്രഹിക്കുന്നതിന്റെ കാരണമായി അവർ ഇത്രയും പറഞ്ഞത്.

എന്നാൽ, കടുത്ത വിമർശനം വിവിധ കോണുകളിൽ നിന്നുയർന്നു. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഒതുക്കാൻ ഹിന്ദു മതം നില നിലനിൽക്കണം എന്ന് സ്വപ്നം കാണുന്ന നാലാം കിട വർഗീയ വാദി മാത്രമാണ് ഇന്ദിരയെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ശശികല ടീച്ചറിൽ നിന്നും ഇന്ദിരയിലേക്കുള്ള ദൂരം സ്‌കൂൾ മുറ്റത്ത് നിന്നും ആകാശവാണി വരെയുള്ള ദൂരം മാത്രമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഹൈന്ദവത നിറഞ്ഞാടുന്ന ഗുജറാത്തിൽ പോലും ഗർഭനൃത്തം ചെയ്യാൻ വേണ്ടി പാതിരാത്രിയിൽ പോലും സ്ത്രീകൾ നിർഭയം നടക്കാറുണ്ടെന്നും എന്നാൽ കേരളത്തിൽ സ്ത്രീകൾക്ക് ഇത്തരത്തിൽ സഞ്ചരിക്കാനാവില്ലെന്നുമുള്ള എഴുത്തുകാരിയുടെ പ്രസംഗത്തിലെ പരാമർശവും വലിയ വിമർശങ്ങൾക്ക് വഴി തുറന്നിട്ടുണ്ട്. സ്ത്രീ സ്വാതന്ത്ര്യം എന്നതുകൊണ്ട് ഇന്ദിര എന്താണ് അർഥമാക്കുന്നതെന്ന ചോദ്യവും സോഷ്യൽ മീഡിയ ഉയർത്തി.

എന്നാൽ, എല്ലാ മതങ്ങളെയും കടുത്ത ഭാഷയിൽ വിമർശിക്കുകയാണു കെ ആർ ഇന്ദിര ചെയ്തതെന്ന മറുവാദവും ഉയരുന്നുണ്ട്. ക്രൈസ്തവരും മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിൽത്തല്ലി ഒടുങ്ങട്ടെ എന്ന തരത്തിലാണ് ഇന്ദിര പരാമർശിച്ചത് എന്നാണ് ഒരു വിഭാഗത്തിന്റെ വിശദീകരണം. സോഷ്യൽ മീഡിയയിൽ പ്രസംഗം സജീവ ചർച്ചയ്ക്കു വഴിതെളിച്ചിട്ടുണ്ട്.