തിരുവനന്തപുരം: നാലുവർഷം മുമ്പ് വാത്സ്യായനന്റെ കാമസൂത്രത്തിന് പെൺവ്യാഖ്യാനമായി സ്‌ത്രൈണ കാമസൂത്രയെന്ന പുസ്തമൊരുക്കി വാർത്തകളിൽ ഇടംപിടിച്ച സാഹിത്യകാരി കെ ആർ ഇന്ദിരയുടെ പുതിയ ഫേസ് ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്നു.

സൗമ്യവധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് കീഴ്‌ക്കോടതികൾ വിധിച്ച വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി പുറത്തുവന്നതിനു പിന്നാലെ അതിൽ പ്രതിഷേധിച്ചും വധശിക്ഷതന്നെ ഇല്ലാതാക്കണമെന്ന വാദമുയർത്തിയും നിരവധി പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവ ചർച്ചാ വിഷയവും ഇതുതന്നെ. ഈ സാഹചര്യത്തിൽ ആകാശവാണി പ്രോഗ്രാം ഡയറക്ടർ കൂടിയായ കെ ആർ ഇന്ദിര താൻ അടിയുറച്ച ഒരു ഫെമിനിസ്റ്റാണെന്ന് വ്യക്തമാക്കി നൽകിയ പോസ്റ്റ് ഇപ്പോൾ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

ഇന്നലെ നൽകിയ പോസ്റ്റ് ഇങ്ങനെ: ഇന്ത്യയിൽ വധ ശിക്ഷ നിരോധിക്കരുത് എന്ന് മാത്രമല്ല, അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യത്തിന് മാത്രം വധ ശിക്ഷ നൽകുന്ന രീതി മാറ്റി കുറേക്കൂടി പുരുഷന്മാരെ കൊന്നു കളയുകയും വേണം. പുരുഷന്മാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് രാജ്യത്തിനു ആപത്താണ്.

ഇത്തരത്തിൽ ഒരു പോസ്റ്റ് നൽകിയതോടെ ഇന്ദിരയ്‌ക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. 'രഞ്ജിനി ഹരിദാസിന്റെ നിലവാരത്തിലേക്ക് താഴ്ന്നു പോകുന്ന വാക്കുകളെ'ന്നും 'ആണുങ്ങൾ പ്രസവിച്ചു കൂട്ടുന്നില്ല... പെണ്ണുങ്ങളെ വന്ധ്യംകരിച്ചാൽ പോരേ' എന്നുമെല്ലാമുള്ള കമന്റുകൾ പ്രതികരണമായി എത്തുന്നു. ഈ പോസ്റ്റിട്ടയാളിന്റെ അച്ഛനും മകനുമുണ്ടെങ്കിൽ ആദ്യം പോസ്റ്റുമുതലാളി അവരെ കൊന്ന് മാതൃക കാണിക്കൂ എന്നാണ് മറ്റൊരാളുടെ പ്രതികരണം. തന്റെ പോസ്റ്റിൽ ഉദ്ദേശിച്ചത് ക്രിമിനലുകളെ കൊല്ലണമെന്നാണെന്ന് ഇന്ദിര മറുപടിയും നൽകുന്നു.

ഫെമിനിസ്റ്റാണെന്ന് തുറന്ന് പ്രഖ്യാപിച്ച് അത്തരം ഇടപെടലുകളുടെ ഭാഗമായി കാമസൂത്രത്തിന് പെൺഭാഷ്യം രചിച്ച സാഹിത്യകാരിയെ കളിയാക്കാനും നിരവധിപേർ രംഗത്തിറങ്ങിയിട്ടുണ്ട്. ഫെമിനിച്ചിയെന്ന് വിളിച്ചാണ് കളിയാക്കൽ. ഇതോടെ 'ഞാൻ ഫെമിനിസ്റ്റ് ആണ്. ഫെമിനിച്ചി എന്ന് ഫെമിനിസ്റ്റിനെ പരിഹസിക്കുന്നവരൊക്കെ എന്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും ടൈം ലൈനിൽ നിന്നും സ്ഥലംവിട്ടുകൊള്ളണം' എന്ന മറ്റൊരു പോസ്റ്റുമായാണ് ഇന്ദിര പ്രതികരിക്കുന്നത്.

ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീംകോടതിയിൽ വാദിച്ച ആളൂർ വക്കീലിനെക്കുറിച്ച് ഇന്ദിര എഴുതിയതും ഇതോടൊപ്പം ചർച്ചയാകുന്നുണ്ട്. ആളൂർ അയാളുടെ സ്വദേശമല്ലെന്നും വീട്ടുപേരാണെന്നും സ്വദേശം തൃശൂരിലെ എരുമപ്പെട്ടി അടുത്ത് പതിയാരമാണെന്നും പറയുന്ന പോസ്റ്റിൽ ആളൂർ വക്കീൽ എന്റെ നാട്ടുകാരനും കളിക്കൂട്ടുകാരനുമാണെന്നാണ് ഇന്ദിര വ്യക്തമാക്കുന്നത്.

64 കാമകലകളെ വിശദമാക്കുന്ന വാത്സ്യായന കാമശാസ്ത്രത്തിന് പെൺഭാഷ്യം കൊടുത്തതും താനൊരു ഫെമിനിസ്റ്റ് ആയതുകൊണ്ടാണെന്ന് ഇന്ദിര മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. പുരുഷന് പതിനാറുവയസ്സുമുതൽ എഴുപതു വയസ്സുവരെ ലൈംഗികാസ്വാദനത്തിന് കഴിവുണ്ടാകുമെന്ന് പറയുന്ന വാത്സ്യായനൻ സ്ത്രീയുടെ ലൈംഗികാസ്വാദനകാലം പറയാത്തതെന്തെന്ന ചോദ്യമുയർത്തിയാണ് ഇന്ദിര സ്‌ത്രൈണ കാമസൂത്ര എഴുതിയത്. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ രചിച്ച്, ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഈ പുതിയ വീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.