പാലാ: പരീക്ഷണങ്ങൾക്ക് മുന്നിൽ അടിപതറാതെ രാജ്യത്തെ ശരിയായ ദിശയിൽ നയിച്ച വ്യക്തിത്വമായിരുന്നു മുൻരാഷ്ട്രപതി കെ.ആർ. നാരായണന്റേതെന്ന് കെ.ആർ. നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ ഉഴവൂർ വിജയൻ പറഞ്ഞു. ലോകത്തിന്റെ ഏതു മൂലയിൽചെന്നാലും മലയാളിയായി അറിയപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ താത്പര്യം. 

കെ.ആർ. നാരായണന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് കെ.ആർ. നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അർഹതയുള്ള അംഗീകാരമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രപതി പദവി. കഴിവിന്റെ അടിസ്ഥാനത്തിൽ ഉയർന്നുവന്ന വ്യക്തിയാണ് കെ.ആർ. നാരായണൻ. അദ്ദേഹത്തിന്റെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ജനറൽ സെക്രട്ടറി എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. ഡോ. സിന്ധുമോൾ ജേക്കബ്, അഡ്വ. മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.