- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസഭയിൽ ഇനി ചേലക്കരയുടെ നിറസാന്നിദ്ധ്യവും; മുൻസ്പീക്കർ കെ രാധാകൃഷ്ണൻ ഇനി പിണറായി ക്യാബിനറ്റിൽ; നൂറുമേനി വിളയിക്കുന്ന കർഷകൻ മന്ത്രിയാകുന്നത് നിയമസഭയിലെ അഞ്ചാമൂഴത്തിന്റെ അനുഭവ സമ്പത്തുമായി; പ്രതീക്ഷയോടെ കേരളം
തൃശ്ശൂർ: ലളിത ജീവിതവും വിനയവും കൊണ്ട് ഏവരുടെയും ആദരം നേടിയ നേതാവാണ് പിണറായി വിജയൻ മന്ത്രിസഭയിൽ അംഗമായി മാറുന്ന കെ.രാധാകൃഷ്ണൻ. മന്ത്രിയായും സ്പീക്കർ ആയും തിളങ്ങിയ കെ രാധാകൃഷ്ണൻ ഒരിക്കൽ കൂടി ഭരണ രംഗത്ത് എത്തുമ്പോൾ അത് അർഹതക്കുള്ള അംഗീകരമാവുകയാണ്.
ലാളിത്യവും പരിചയ സമ്പന്നതയുമാണ് കെ രാധാകൃഷ്ണൻ എന്ന അടിയുറച്ച കമ്മ്യൂണിസ്റ്റിന്റെ മുഖമുദ്ര. നാട്ടുകാർക്ക് ഏതു പ്രശ്നത്തിനും പരിഹാരം തേടി എപ്പോഴും സമീപിക്കാവുന്ന ചേലക്കരക്കാരുടെ സ്വന്തം രാധേട്ടൻ. മികച്ച പൊതുപ്രവർത്തകൻ എന്നതിനൊപ്പം നൂറുമേനി വിളയിക്കുന്ന കർഷകൻ കൂടിയാണ് രാധാകൃഷ്ണൻ.
ചേലക്കരയിൽനിന്ന് നിയമസഭയിലേക്ക് അഞ്ചാം ജയം. ഇത്തവണ 39,400 വോട്ടിന്റെ ഭൂരിപക്ഷം. നിയമസഭാ സ്പീക്കർ, മന്ത്രി എന്നീ പദവികൾ നേരത്തെ വഹിച്ചിരുന്നു. നിലവിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം. 1964 മാർച്ച് 24ന് ഇടുക്കി ജില്ലയിലെ പുള്ളിക്കാനത്ത് ജനനം. ഇപ്പോൾ ചേലക്കരയ്ക്കടുത്ത് തോന്നൂർക്കരയിൽ താമസം.
തോന്നുർക്കര വടക്കേവളപ്പിൽ കൊച്ചുണ്ണിയുടേയും, ചിന്നയുടെയും മകനായ രാധാകൃഷ്ണൻ കഷ്ടതകളുടെ കനൽ വഴികൾ ഏറെ താണ്ടിയാണ് ചേലക്കരക്കാരുടെ മുഴുവൻ പ്രിയപ്പെട്ട രാധേട്ടനായി വളർന്നത്. പട്ടിണി നിറഞ്ഞ ബാല്യകാലം. നാട്യൻചിറയിലെയും തോന്നൂർക്കരയിലെയും പാടങ്ങളിൽ കന്നു പൂട്ടിയും വിത്തെറിഞ്ഞും നിവർന്നു നിൽക്കാൻ പണിപെട്ട കൗമാരകാലം.
തോന്നൂർക്കര എയുപി സ്കൂൾ, ചേലക്കര എസ്എംടി ജിഎച്ച്എസ്, വടക്കാഞ്ചേരി ശ്രീവ്യാസ കോളജ്, ശ്രീ കേരളവർമ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരളവർമ്മകോളജിലെ ബിരുദക്ലാസിലെത്തിയ രാധാകൃഷ്ണൻ എന്ന എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് പൊതുകാര്യവും തൻകാര്യവും രണ്ടായിരുന്നില്ല. സിപിഎം ജില്ലാ സെക്രട്ടറി, ദലിത് ശോഷൺ മുക്തി മഞ്ച് ദേശീയ പ്രസിഡന്റ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാലാ സംഘം എന്നിവയിൽ പ്രവർത്തിച്ചു. സമ്പൂർണ സാക്ഷരതാ യജ്ഞത്തിൽ പങ്കാളിയായി.
ചേലക്കരയുടെ അടിയുറച്ച ജനകീയ മുഖമാണ് കെ രാധകൃഷ്ണൻ. കോൺഗ്രസ് മണ്ഡലമായിരുന്ന ചേലക്കരയിൽ നിന്നാണ് 1996 ൽ ആദ്യമായി രാധാകൃഷ്ണൻ ജനവിധി തേടുന്നത്. 1996 ലെ നായനാർ മന്ത്രിസഭയിൽ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം, യുവജനകാര്യ വകുപ്പു മന്ത്രിയായിരുന്നു. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും ചേലക്കരയിൽ നിന്നും വൻഭൂരിപക്ഷത്തോടെ വിജയിച്ചു. 2001ൽ പ്രതിപക്ഷ ചീഫ് വിപ്പായി. 2006 ൽ ഹാട്രിക്ക് വിജയത്തോടെ നിയമസഭാ സ്പീക്കർ ആയി.
2016 ലെ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന രാധാകൃഷ്ണൻ സംഘടനരംഗത്ത് സജീവമായി.സിപിഎം തൃശൂർ ജില്ല സെക്രട്ടറിയായി. പിന്നീട് കേന്ദ്രകമ്മിറ്റി അംഗവും. പൂർണമായി സംഘടനാ പ്രവർത്തനവും കൃഷിയുമായി കഴിഞ്ഞിരുന്ന രാധാകൃഷ്ണൻ ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചത് അപ്രതീക്ഷിതമായി. 5ാം തവണ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ രാധേട്ടനെ ചേലക്കരക്കാർ ജയിപ്പിച്ചത് വമ്പിച്ച ഭൂരിപക്ഷത്തിൽ. പതിറ്റാണ്ടുകളോളം ജനപ്രതിനിധിയായ തഴക്കവും പഴക്കവുമുള്ള നേതാവ് വീണ്ടും മന്ത്രിയാകുമ്പോൾ കേരളത്തിന്റെ പ്രതീക്ഷകൾ ഏറെയാണ്.
മറുനാടന് മലയാളി ബ്യൂറോ