തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാനുള്ള ലേലത്തിൽ കേരളം പങ്കെടുത്തപ്പോൾ ലാഭം കിട്ടയത് കൺസൾട്ടൻസികൾക്ക്. ലേലത്തിൽ അദാനിക്ക് വിമാനത്താവളം കിട്ടിയപ്പോൾ ലീഗൽ കൺസൾട്ടൻസിയിലൂടെ അദാനിയുടെ മകന്റെ ഭാര്യയുടെ അച്ഛന് കേരള ഖജനാവിൽ നിന്നും പണം കിട്ടി. ശബരിമല വിമാനത്താവളത്തിന് സർക്കാർ കണ്ടു വച്ച ഭൂമിയിൽ ആദായ നികുതി വകുപ്പിന്റെ ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു. ബിലീവേഴ്‌സ് ചർച്ചിന്റെ കൈയിലുള്ള സർക്കാർ ഭൂമിയെന്ന് ഏവരും കരുതുന്ന ചെറുവള്ളി എസ്‌റ്റേറ്റിൽ വിമാനത്താവളമെന്ന സ്വപ്‌നവുമായി ഏതൊരു കമ്പനിക്ക് കൺസൾട്ടൻസിക്ക് കോടികൾ കൊടുത്തു. ആ പദ്ധതിയും നടക്കുമെന്ന് ഉറപ്പില്ല. കൺസൾട്ടൻസി രാജിലൂടെ അഴിമതിയുടെ സാധ്യതൾ ചർച്ചയാക്കുന്നതാണ് കെ റെയിലും. അതുകൊണ്ട് കൂടിയാണ് ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം എത്തുന്നത്.

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും ദുരീകരിക്കുന്നതിനായി അടിയന്തിരമായി സർവ്വ കക്ഷി യോഗം വിളിച്ച് ചേർക്കണമെന്നും അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്കണമെന്നുമാവശ്യപ്പെട്ട്്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേന്ദ്ര ധനകാര്യമന്ത്രാലയം ഉപേക്ഷിച്ച കെ.റെയിൽ പദ്ധതി (സിൽവർലൈൻ പദ്ധതി) യുമായി സംസ്ഥാനസർക്കാർ മുന്നോട്ട് നീങ്ങുന്നത് അഴിമതിക്കും, റിയൽ എസ്റ്റേറ്റ് കുംഭകോണത്തിനും വേണ്ടിയാണെന്ന സംശയം ബലപ്പെടുകയാണ്. കെ.ഫോൺ, ഇ-മൊബിലിറ്റി, ബ്രൂവറി- ഡിസ്റ്റിലറി, സ്പ്രിങ്ളർ ഡാറ്റാ കച്ചവടം- പമ്പാ മണൽകടത്ത് തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ക്രമക്കേടുകളും, ആരോപണങ്ങളും ഈ പദ്ധതിയെക്കുറിച്ചും കൂടുതൽ സംശയങ്ങൾ ജനിപ്പിക്കുന്നെന്നും രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു.ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലെന്ന് മാത്രമല്ല, കേന്ദ്ര ധനകാര്യ മന്ത്രാലയം ഈ പദ്ധതി നിരാകരിക്കുകയും ചെയ്തതാണ്. മാത്രമല്ല ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിക ആഘാത പഠനങ്ങളോ സാമൂഹിക ആഘാത പഠനങ്ങളോ നടത്തിയിട്ടുമില്ല.

കേന്ദ്രം അനുമതി നിഷേധിച്ചിട്ടും ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടും അതിനെയെല്ലാം കാറ്റിൽ പറത്തി ഭൂമിയേറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട് പോകുന്നത് തന്നെ റിയൽ എസ്റ്റേറ്റ് കുംഭകോണം ലക്ഷ്യമിട്ടാണെന്ന ആരോപണവും ഉയർന്നുവരുന്നുണ്ടെന്നും രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഉടൻ ഒരു സർവ്വ കക്ഷിയോഗം വിളിച്ച് കെ റെയിലുമായി ബന്ധപ്പെട്ട ആശങ്കകളെല്ലാം പരിഹരിക്കണമെന്നും അതിന് ശേഷമേ ഇക്കാര്യത്തിൽ തുടർ നടപടികൾ കൈക്കൊള്ളാവൂ എന്നും രമേശ് ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെടുന്നത്്്. ഈ ഇതോടെ കെ റെയിലും വിവാദങ്ങളിൽ പെടുകയാണ്.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കൊടുത്ത കത്തിന്റെ പൂർണ്ണ രൂപം താഴെ

25.11.2020.

കേന്ദ്ര ധനകാര്യമന്ത്രാലയം ഉപേക്ഷിച്ച കെ.റെയിൽ പദ്ധതി (സിൽവർലൈൻ പദ്ധതി) യുമായി സംസ്ഥാനസർക്കാർ മുന്നോട്ട് നീങ്ങുന്നത് അഴിമതിക്കും, റിയൽ എസ്റ്റേറ്റ് കുംഭകോണത്തിനും വേണ്ടിയാണെന്ന സംശയം ബലപ്പെടുകയാണ്. കെ.ഫോൺ, ഇ-മൊബിലിറ്റി, ബ്രൂവറി- ഡിസ്റ്റിലറി, സ്പ്രിങ്ളർ ഡാറ്റാ കച്ചവടം- പമ്പാ മണൽകടത്ത് തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ക്രമക്കേടുകളും, ആരോപണങ്ങളും ഈ പദ്ധതിയെക്കുറിച്ചും കൂടുതൽ സംശയങ്ങൾ ജനിപ്പിക്കുന്നു.

കഴിഞ്ഞ യു.ഡി.എഫ് സർക്കാർ മുന്നോട്ട് വച്ചിരുന്ന ബുള്ളറ്റ് ട്രെയിൻ എന്ന ആശയത്തെ അട്ടിമറിച്ചാണ് പുതിയ പ്രോജക്ടിന് എൽഡിഎഫ് സർക്കാർ രൂപം നൽകിയതെന്ന ആക്ഷേപമുണ്ട്. ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിശദമായ പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കിയിരുന്നതാണ്. എന്നാൽ അത് അവഗണിച്ചാണ് പുതിയ പദ്ധതിയുമായി എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നത്. ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലെന്ന് മാത്രമല്ല, കേന്ദ്ര ധനകാര്യ മന്ത്രാലയം ഈ പദ്ധതി നിരാകരിക്കുകയും ചെയ്തതാണ്. സംസ്ഥാനത്ത് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാഘാതപഠനമോ, സാമൂഹ്യാഘാത പഠനമോ നടത്തിയിട്ടില്ല. ഇതിനാവശ്യമായ ധനസ്രോതസ്സ് എവിടെ നിന്ന് കണ്ടെത്താനാകുമെന്ന കാര്യത്തിലും അവ്യക്തയുണ്ട്. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽതന്നെ ഈ പദ്ധതിക്ക് കേന്ദ്ര അനുമതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം ഉപേക്ഷിച്ച പദ്ധതിയാണെന്നും വ്യക്തമാക്കുന്നുണ്ട്. നീതി ആയോഗ്, റവന്യൂ വകുപ്പ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിയുടെ എതിർപ്പ് മറികടന്ന് ഔട്ട് സോർസിങ് സമ്പ്രദായത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടി ഉടൻ ആരംഭിക്കാൻ 20.11.2020 ന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനം തന്നെ പദ്ധതിയുടെ മറവിൽ നടക്കുന്ന ക്രമക്കേടുകളുടെ വ്യക്തമായ സൂചനയാണ്.

മാത്രമല്ല പ്രസ്തുത മീറ്റിംഗിൽ വളരെ വിചിത്രമായ തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫയൽ ഇപ്പോൾ താങ്കളുടെ പരിഗണയിലുണ്ടെന്നാണ് മനസ്സിലാകുന്നത്.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സ്‌ക്രീനിങ് കമ്മിറ്റി 2020 ഓഗസ്റ്റ് 18 ന് ഈ പദ്ധതി വിശദമായി വിലയിരുത്തിയ ശേഷം ഉപേക്ഷിച്ചു എന്നതാണ് വസ്തുത. ഈ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് 2020 സെപ്റ്റംബർ 3 ന് കേന്ദ്ര ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ബുദ്ധദേവ് തുടു സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. ആ നിലയ്ക്ക് കേന്ദ്ര സർക്കാർ ഉപേക്ഷിച്ച പദ്ധതിയുമായി സംസ്ഥാന സർക്കാരിന് എങ്ങിനെ മുന്നോട്ടു പോകാനാകും? ഈ പദ്ധതിക്ക് കേന്ദ്ര റെയിൽവേ ബോർഡിന്റെയോ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയോ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്ര റെയിൽവേ മന്ത്രാലയം stand - alone elevated rail corridor നാണ് 2018 ൽ തത്വത്തിൽ അനുമതി നൽകിയിട്ടുള്ളത്. (18.10.2018 ൽ മുഖ്യമന്ത്രിക്കുള്ള കത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.) പക്ഷേ കേരളത്തിൽ ഭൂ-നിരപ്പിലൂടെയാണ് പാത കടന്നു പോകുന്നത്. 1989 ലെ റെയിൽ വേ ആക്റ്റ് സെക്ഷൻ 21 അനുസരിച്ച് റെയിൽവേ പോലെ മറ്റൊരു പൊതുഗതാഗത സംവിധാനം ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതിയും ഉത്തരവും വാങ്ങേണ്ടതുണ്ട്. ഇവിടെ അതും ലഭിച്ചിട്ടില്ല.

കേന്ദ്രം അനുമതി നിഷേധിച്ചിട്ടും ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടും അതിനെയെല്ലാം കാറ്റിൽ പറത്തി ഭൂമിയേറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട് പോകുന്നത് തന്നെ റിയൽ എസ്റ്റേറ്റ് കുംഭകോണം ലക്ഷ്യമിട്ടാണെന്ന ആരോപണവും ഉയർന്നുവരുന്നുണ്ട്. വിവാദ ഫ്രഞ്ച് കമ്പനിയായ സിസ്ട്ര ആണ് ഈ പദ്ധതിയുടെ കൺസൾട്ടന്റ്. പ്രൊജക്റ്റ് റിപ്പോർട്ടും അലൈന്മെന്റുമെല്ലാം തയ്യാറാക്കിയത് സിസ്ട്രയാണ്. കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ 3 വർഷത്തെ കൺസൾട്ടൻസി കരാറാണ് സിസ്ട്രക്ക് നൽകിയിരിക്കുന്നത്. ഫീസ് 27 കോടി രൂപ. 23.09.20 വരെയുള്ള കണക്കനുസരിച്ച് ഇതുവരെ 12.2. കോടി രൂപ. സിസ്ട്രയ്ക്ക് നൽകിയിട്ടുണ്ട്. മറ്റൊരു കൺസൾട്ടൻസി അഴിമതിക്ക് കൂടിയാണ് സർക്കാർ കളമൊരുക്കുകയാണെന്നും വ്യക്തം.

ഈ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം ഇനിയും നടത്തിയിട്ടില്ല. 20,000 കുടുംബങ്ങളെ കുടിഒഴിപ്പിക്കേണ്ടിവരും, 50,000 കച്ചവട സ്ഥാപനങ്ങൾ പൊളിച്ചുനീക്കേണ്ടിവരും. 145 ഹെക്ടർ് നെൽവയൽ നികത്തേണ്ടി വരും. 1000 മേൽപ്പാലങ്ങളോ അടിപാതകളോ നിർമ്മിക്കേണ്ടിവരും. വലിയൊരുവിഭാഗം ജനങ്ങളുടെ സ്ഥലവും, വീടും, ജീവനോപാധികളും നഷ്ടപ്പെടുത്തുന്ന ഈ പദ്ധതിയുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിൽ നിന്നുയർന്നിട്ടുള്ള ആശങ്കകളും, പ്രയാസങ്ങളും പരിഗണിക്കാതെയുള്ള സർക്കാരിന്റെ ഏകപക്ഷീയവും, തിടുക്കപ്പെട്ടുള്ളതുമായ നടപടികളിൽ ജനങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്.
സുതാര്യവും, നിയമാനുസൃതമായ നപടിക്രമങ്ങൾ പാലിച്ചുകൊണ്ട് നടപ്പിലാക്കുന്ന യാതൊരു വികസന പദ്ധതികൾക്കും യുഡിഎഫ് എതിരല്ല. എന്നാൽ അതിന്റെ മറവിൽ നടത്തുന്ന വഴിവിട്ട നീക്കങ്ങളെ ചെറുക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനുണ്ട്. ഈ സാഹചര്യത്തിൽ സെമി ഹൈസ്പീഡ് റയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ നിന്നും, വിവിധ തലങ്ങളിൽ നിന്നും ഉയർന്നിട്ടുള്ള ആശങ്കളും, സംശയങ്ങളും ദൂരീകരിക്കുന്നതിന് അടിയന്തിരമായി ഒരു സർവ്വക്ഷിയോഗം വിളിച്ചു ചേർക്കണമെന്നും അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ നിറുത്തിവയ്ക്കണമെന്നും താൽപര്യപ്പെടുന്നു.
വിശ്വസ്തതയോടെ

രമേശ് ചെന്നിത്തല

ശ്രീ. പിണറായി വിജയൻ
ബഹു. മുഖ്യമന്ത്രി.