- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധ അതിവേഗ തീവണ്ടികളായ ഗതിമാനും വന്ദേഭാരതും റെയിൽവേ ഓടിക്കുന്നുണ്ട്; ബ്രോഡ്‌ഗേജ് പാത ശക്തിപ്പെടുത്തി ഈ വണ്ടികൾ കേരളത്തിലും എത്തിക്കണം; കെ റെയിൽ നിർത്തണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്; പിണറായിയുടെ സ്വപ്ന പദ്ധതിക്ക് ബദൽ നിർദ്ദേശം
തിരുവനന്തപുരം: നിർദിഷ്ട തിരുവനന്തപുരം- കാസറഗോഡ് സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ (കെ. റെയിൽ) പദ്ധതിയ്‌ക്കെതിരെ പരസ്യ നിലപാട് പ്രഖ്യാപനവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്. സർക്കാരിനോട് ചേർന്ന് നിൽകുന്ന ഇടത് ബുദ്ധി ജീവികളാണ് കെ റെയിലിന് എതിരായ നിലപാട് എടുക്കുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ഏ. പി. മുരളീധരനും ജനറൽ സെക്രട്ടി രാധൻ കെയും കേരളത്തിലെ യാത്രാ മാർഗ്ഗ വികസനത്തിന് മുമ്പോട്ട് വയ്ക്കുന്നത് ഇന്ത്യൻ റെയിൽവേയുടെ സാധ്യതകളാണ്.
സമഗ്ര പാരിസ്ഥിതിക ആഘാത പഠനം തയ്യാറാക്കി, പ്രസ്തുത രേഖയും വിശദ പദ്ധതി രേഖയും ജനങ്ങൾക്ക് ചർച്ചയ്ക്കായി നല്കണമെന്നും അത്തരമൊരു ചർച്ച നടക്കും വരെ പദ്ധതി സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നുമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സർക്കാരിനോട് ആവശ്യപ്പെടുന്നത്.
കേരളത്തിലെ ജനങ്ങളുടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടത് സമഗ്രമായ ഗതാഗത നയവും അതിനനുസൃതമായ പ്രവർത്തനങ്ങളുമാണ്. പൊതുഗതാഗതത്തെ കേന്ദ്രമാക്കിയാവണം അത്തരമൊരു നയം ആസൂത്രണം ചെയ്യേണ്ടത്. റെയിൽ ഗതാഗതം ആകണം അതിന്റെ കേന്ദ്ര സ്ഥാനത്ത്. കേരളത്തിലങ്ങോളമിങ്ങോളം പാളം ഇരട്ടിപ്പിക്കലും പൂർണമായ ഇലക്ട്രോണിക്‌സ് സിഗ്‌നലിങ് സംവിധാനവും നടപ്പാക്കിക്കഴിഞ്ഞാൽ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിന്റെ ശേഷി വലിയ തോതിൽ വർധിപ്പിക്കാനും കൂടുതൽ വണ്ടികൾ ഓടിക്കാനും കഴിയും. ഒപ്പം ബ്രോഡ്‌ഗേജിൽ തന്നെ സമാന്തരമായി മൂന്ന്, നാല് ലൈനുകൾ ആദ്യം എറണാകുളം- ഷൊർണൂർ റൂട്ടിലും പിന്നിട് തിരുവനന്തപുരം- മംഗളൂരു റൂട്ടിലും വന്നാൽ അതനുസരിച്ച് തിരുവനന്തപുരത്തു നിന്ന് കാസർകോടു വരെ 5- 6 മണിക്കൂറിൽ എത്താൻ കഴിയും വിധം വേഗം കൂടിയ വണ്ടികളും ഓടിക്കാൻ കഴിയും.
മാത്രവുമല്ല, 96 ശതമാനവും ബ്രോഡ്‌ഗേജിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെയിൽവെയുമായി പൂരകമായി നിലകൊള്ളാനും കേരളത്തിൽ നിന്ന് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ട്രെയിനുകളുടെ വേഗം വർധിപ്പിക്കാനും കഴിയും. കേരളത്തിലെ റെയിൽ യാത്രക്കാരിൽ ഭൂരിഭാഗവും അന്തർ സംസ്ഥാന യാത്രക്കാരും, അന്തർ ജില്ലാ യാത്രക്കാരുമാണ്. ഇത്തരം കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് കേരളത്തിലെ റെയിൽ ഗതാഗതം മെച്ചപ്പെടുത്താൻ ഇന്ത്യൻ റെയിൽവെക്ക് മേൽ രാഷ്ട്രീയ സമ്മർദവും ബഹുജന പ്രക്ഷോഭങ്ങളും ഉണ്ടാകണം. ആവശ്യമായ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ റെയിൽവേക്ക് നൽകാൻ കഴിയുന്ന മറ്റു പിന്തുണ സംവിധാനങ്ങളും നല്കണം.
സിൽവർ ലൈൻ പദ്ധതി സ്റ്റാൻഡേർഡ് ഗേജിലാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള ബ്രോഡ്‌ഗേജുമായി പരസ്പരം ചേർന്നുപോകില്ല. അതിനാൽ അന്തർ സംസ്ഥാന യാത്രക്കാർക്ക് പ്രയോജനം ചെയ്യില്ല. മാത്രമല്ല, നിലവിലുള്ള പാതയിൽ നിന്ന് വളരെ മാറിയാണ്. അതുകൊണ്ടുതന്നെ അതൊരു ഒറ്റയാൻ പാതയായിരിക്കും. ഇപ്പോഴത്തെ മതിപ്പ് ചെലവായ 65000 കോടി രൂപ എന്നത് ഇരട്ടിയെങ്കിലും ആകുമെന്ന് നീതി ആയോഗ് പറഞ്ഞുകഴിഞ്ഞു. പണി പൂർത്തിയാകുമ്പോൾ അതിൽ കൂടുതലാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. 90 ശതമാനം മൂലധനവും വായ്പയായാണ് സ്വരൂപിക്കുന്നത്.
ഒരു ട്രിപ്പിൽ 675 യാത്രക്കാരുള്ള 74 ട്രിപ്പുകൾ ആണ് പ്രതിദിനമെന്നു മനസ്സിലാക്കുന്നു. കിലോമീറ്ററിന് 2.75 രൂപയാണ് യാത്രാക്കൂലി ഇപ്പോൾ കണക്കാക്കുന്നത്. തുടക്കത്തിൽ പ്രതിദിനം 79000 യാത്രക്കാർ ഉണ്ടാകുമെന്നും പദ്ധതി സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങളിൽ നിന്ന് മനസ്സിലാവുന്നു. ഇത്രയും വലിയ ചാർജ് നല്കി ഇത്രയും യാത്രക്കാർ പ്രതിദിനം ഉണ്ടാകുമോയെന്നത് സംശയമാണ്. ഉണ്ടായാലും ടിക്കറ്റ് പണം കൊണ്ട് പദ്ധതി ലാഭകരമായി നടപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തം.
ഇത്രയും വലിയൊരു പ്രോജക്ടിന്റെ വിശദ പദ്ധതി രേഖ, സമഗ്ര പാരിസ്ഥിതിക ആഘാത പഠനം എന്നിവയൊന്നും ലഭ്യമല്ല. ലഭിച്ച വിവരം വെച്ച് 88 കി.മീ. പാടത്തിലൂടെയുള്ള ആകാശ റെയിലാണ്. 4- 6 മീറ്റർ ഉയരത്തിൽ തിരുവനന്തപുരം- കാസറഗോഡ് മതിൽ പോലെ ഉയരത്തിലാണ് പാത. 11 കി.മീ. പാലങ്ങൾ, 11.5 കി.മീ. തുരങ്കങ്ങൾ 292 കി.മീ. എംബാങ്ക്‌മെന്റ് (ലായമിസാലി)േ എന്നിവ ഉണ്ടാകും. ആയിരക്കണക്കിന് വീടുകൾ, പൊതു കെട്ടിടങ്ങൾ എന്നിവ ഇല്ലാതാകുമെന്നും ലഭ്യമായ പാരിസ്ഥിതിക ആഘാത പഠനത്തിൽ പറയുന്നു. ഇതൊക്കെ നമ്മുടെ സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കും.
ഇപ്പോൾ തന്നെ ഇന്ത്യൻ റെയിൽവെ പൊതുമേഖലയിൽ നിർമ്മിച്ച അർധ അതിവേഗ തീവണ്ടികളായ ഗതിമാൻ, വന്ദേഭാരത് എന്നീ എക്സ്‌പ്രസ്സുകൾ ഓടിക്കുന്നുണ്ട്. അവ ബ്രോഡ്‌ഗേജിലാണ്. കേരളത്തിലും ബ്രോഡ്‌ഗേജ് പാത ശക്തിപ്പെടുത്തിയാൽ ഇത്തരം വണ്ടികൾ ഓടിക്കാം. ഇന്ത്യൻ റെയിൽവെക്ക് പൂരകമായ സംവിധാനം ഉണ്ടാക്കാനും കഴിയും. ലോകത്തിൽ ചില വികസിത രാജ്യങ്ങൾ സ്റ്റാന്റേർഡ് ഗേജ് ഉപയോഗിക്കുന്നു എന്നതുകൊണ്ട് കേരളത്തിന് അത് അനുയോജ്യമാവണമെന്നില്ലല്ലോ.
ജനങ്ങൾക്ക് ഇന്നത്തേതിനേക്കാൾ കൂടുതൽ മെച്ചമാണല്ലോ സിൽവർ ലൈൻ കൊണ്ടുണ്ടാകേണ്ടത്. അത് ലഭ്യമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. അതിന്റെ തുടക്കമെന്ന നിലയിൽ പദ്ധതിയുടെ ഡി.പി.ആർ, സമഗ്ര ഇ.ഐ.എ എന്നിവ ജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ചചെയ്യണം. സാമൂഹിക ചെലവുകൾ കൂടി പരിഗണിച്ചുള്ള നേട്ട- കോട്ട വിശ്ലേഷണം നടക്കണം. ഇത്തരം പ്രാരംഭ നടപടികൾ പോലും പൂർത്തിയാക്കാതെ സിൽവർ ലൈനുമായി മുന്നോട്ടു പോകുന്നത് ആശാസ്യമല്ലെന്ന് പരിഷത്ത് കരുതുന്നു. ആയതിനാൽ കെ-റെയിലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെക്കണമെന്ന് കേരള സർക്കാരിനോടും പ്രോജക്ട് മാനേജ്‌മെന്റിനോടും ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ