തിരുവനന്തപുരം: അർധ അതിവേഗ റെയിൽ പാതയ്ക്ക്(സിൽവർലൈൻ) ഭൂമി ഏറ്റെടുക്കാൻ പോർട്ടൽ തയ്യാറാക്കുന്നു. റവന്യൂ വകുപ്പിനായി നാഷണൽ ഇൻഫോമാറ്റിക് സെന്റർ(എൻഐസി) ആണ് പോർട്ടൽ നിർമ്മിക്കുന്നത്. പദ്ധതിക്കുള്ള മുഴുവൻ ഭൂമി ഏറ്റെടുക്കലും പോർട്ടൽ മുഖേന ഏകോപിപ്പിക്കും.

കാസർകോടുനിന്ന് തിരുവനന്തപുരം വരെ 529.45 കിലോമീറ്റർ നാലു മണിക്കൂർകൊണ്ട് എത്തിച്ചേരാവുന്ന സിൽവർലൈൻ പദ്ധതിക്ക് ജനസാന്ദ്രത കുറഞ്ഞ മേഖലയിൽക്കൂടി 15 മുതൽ 25 മീറ്റർമാത്രം വീതിയിലാണ് സ്ഥലം ഏറ്റെടുക്കുക. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മികച്ച പ്രതിഫലം നൽകിയാകുമിത്.

പദ്ധതിക്കായി ഒരു വർഷം നീളുന്ന പരിസ്ഥിതി ആഘാത പഠനം നടത്തും. വിശദപദ്ധതി റിപ്പോർട്ടിന്റെ(ഡിപിആർ) ഭാഗമായി മൂന്ന് മാസത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ടെൻഡർ നടപടിക്ക് ഒരുവർഷത്തെ പഠനം ആവശ്യമാണ്. നിർമ്മാണംമൂലം വെള്ളപ്പൊക്ക സാധ്യത, മണ്ണൊലിപ്പ്, ജനത്തെ ബാധിക്കുന്ന പ്രദേശം, തണ്ണീർത്തടത്തിനുണ്ടാകുന്ന ആഘാതം എന്നിവ ഒരു വർഷം നിരീക്ഷിച്ച് പഠനറിപ്പോർട്ട് തയ്യാറാക്കും.

റെയിൽവേ മന്ത്രാലയം പദ്ധതി അംഗീകരിക്കുന്നില്ലെങ്കിൽ സംസ്ഥാനം മുഴുവൻ ബാധ്യതയും വഹിക്കണമെന്ന കേന്ദ്ര ധനമന്ത്രാലയ സാമ്പത്തിക കാര്യവകുപ്പിന്റെ നിർദ്ദേശം കത്തിടപാടിന്റെ ഭാഗമാണെന്ന് കെ- റെയിൽ അറിയിച്ചു. പദ്ധതി സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമാണെന്നും വിശദീകരിച്ചു.