തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ റെയിൽപദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് ജോലി ഓഫറും. സ്ഥലവില നിലവിലുള്ള നിരക്കിന്റെ രണ്ടിരട്ടിവരെ ലഭിച്ചേക്കും. കെ-റെയിൽ നിർമ്മാണഘട്ടത്തിൽ അര ലക്ഷം പേർക്കും പ്രവൃത്തി നടപ്പായിക്കഴിഞ്ഞാൽ പതിനായിരം പേർക്കും തൊഴിൽ അവസരമുണ്ട്.

വീടുകൾ നീക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യും. അല്ലാത്തവയ്ക്ക് തുക നൽകും. പറമ്പിൽ നിൽക്കുന്ന മരങ്ങൾക്കുവരെ വില കിട്ടും. ഇതിന് പുറമേ ഒരു കുടുംബത്തിന് മൂന്ന് ലക്ഷം രൂപയോ യോഗ്യതയുള്ളവർക്ക് സിൽവർ ലൈൻ റെയിൽവേയിൽ തൊഴിലോ ലഭിക്കും. റവന്യൂ റിക്കവറി ചട്ടപ്രകാരമാണ് ഇതെല്ലാം.

529.45 കിലോമീറ്റർ ദൂരത്തിൽ 15 മുതൽ 25 മീറ്റർവരെ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുക. നാഷണൽ ഹൈവേക്ക് 45 മീറ്റർ വേണ്ടിടത്താണ് അതിന്റെ മൂന്നിലൊന്നിന് കാര്യം നടത്തുന്നത്. ഇരട്ടവരി പാതയുടെ ഇരുവശത്തും വേലികളുണ്ടാകും. ഇത് മറികടക്കാൻ 500 മീറ്റർ ഇടവിട്ട് ഇടമൊരുക്കും.

നിലവിലുള്ള റോഡുകൾ മേൽപ്പാലമോ അടിപ്പാതയോ നിർമ്മിച്ച് കടത്തിവിടും. ലെവെൽക്രോസ് ഇല്ല. ആകെയുള്ളതിൽ 125 കിലോമീറ്ററും തൂണുകളിൽ ഉയർത്തിയോ ഭൂമിക്കടിയിലോ ആണ് റയിൽപ്പാത. അവിടെ മറ്റ് തടസ്സം വരുന്നില്ല.