- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ പ്രതീക്ഷിക്കുന്നത് 2025-26-ൽ 2,276 കോടി രൂപ ടിക്കറ്റ് വരുമാനം! ഇത് ശബരിമല വിമാനത്താവളത്തേക്കാൾ വലിയ തള്ള; അഞ്ചു കൊല്ലം കൊണ്ട് കേരളമാകെ ആകാശ പാതയൊരുക്കുമെന്നത് അവിശ്വസനീയം; പുറത്തു വന്ന പദ്ധതി രേഖയിലെ വിശദാംശങ്ങൾ തുറന്നു കാട്ടുന്നതും സ്വപ്നം കാണൽ മാത്രം
തിരുവനന്തപുരം: ശബരിമല വിമാനത്താവളം എന്ന സ്വപ്നം പിണറായി സർക്കാർ അവതരിപ്പിച്ചിട്ട് വർഷം അഞ്ചു കഴിഞ്ഞു. കല്ലു പോയിട്ട് സ്ഥലം പോലും ഇതുവരെ നിശ്ചയിക്കാനായില്ല. അതിന് പിന്നാലെയാണ് വികസനത്തിന് പുതുവേഗം നൽകാനുള്ള അതിവേഗ റെയിൽ എത്തുന്നത്. വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം പോലും സമയത്തിന് പൂർത്തിയാകുന്നുവെന്ന് ഉറപ്പാക്കാനും സർക്കാരിന് കഴിയില്ല. ഈ സാഹചര്യത്തിലാണ് കെറെയിലിൽ സംശയങ്ങൾ ഉയരുന്നത്. എന്നാൽ ഇനി നാലു കൊല്ലത്തിനുള്ളിൽ കെ റെയിൽ വരുമെന്നാണ് അവകാശ വാദം. ഇതിന്റെ വിവരങ്ങളാണ് വിശദപദ്ധതി രേഖയിൽ ഉള്ളത്.
അർധ അതിവേഗ തീവണ്ടിയായ കെ-റെയിലിന്റെ പരിപാലനത്തിന് ഒരുവർഷത്തെ ചെലവ് 542 കോടി രൂപവരുമെന്ന് വിശദ പദ്ധതിരേഖയിൽ (ഡി.പി.ആർ.) പറയുന്നുവെന്നാണ് റിപ്പോർട്ട്. കോച്ചിന്റെയും പാളത്തിന്റെയും അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം, എന്നിവ ഉൾപ്പെടെയാണിത്. പത്തുവർഷത്തിനുശേഷം 694 കോടി രൂപയായി ചെലവ് ഉയരും. ആദ്യഘട്ടത്തിൽ 3384 ജീവനക്കാരെ നേരിട്ടും 1516 പേരെ പരോക്ഷമായും നിയമിക്കേണ്ടിവരും. 2025-26-ൽ 2,276 കോടി രൂപ ടിക്കറ്റ് വരുമാനം പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. ഫലത്തിൽ ഇനി അഞ്ചു കൊല്ലം. വിഴിഞ്ഞത്തെ പണി പൂർത്തിയാക്കാൻ കഴിയാത്ത സർക്കാരിന് അഞ്ചു കൊല്ലം കൊണ്ട് കേരളത്തെ വെട്ടിമുറിക്കുന്ന തരത്തിൽ എങ്ങനെ പാള നിർമ്മാണം പൂർത്തിയാക്കാനാകുമെന്ന സംശയം ബാക്കിയാണ്.
കൺസൾട്ടൻസി അഴിമതിക്ക് വേണ്ടിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന സംശയം ശക്തമാണ്. കുറഞ്ഞ മേഖലയിൽ റെയിൽ പാത ഇരട്ടിപ്പിക്കലിന് പോലും വർഷങ്ങൾ എടുക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ ഉടനീളം പാലം ഇടൽ അഞ്ചു കൊല്ലം കൊണ്ട് നടക്കില്ലെന്നതാണേ്രത വസ്തുത. അതുകൊണ്ട് തന്നെ പുറത്തു വരുന്ന പദ്ധതി രൂപ രേഖയിലെ വിശദാംശങ്ങൾ കൂടുതൽ സംശയങ്ങൾ സജീവമാക്കുകയാണ്. എന്തുവന്നാലും വികസനവുമായി മുമ്പോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. സ്ഥലം ഏറ്റെടുക്കലും നഷ്ടപരിഹാരം നൽകലും പുനരധിവാസവും ഉടൻ തുടങ്ങുമത്രേ. ഇത്തരം അവകാശ വാദങ്ങൾക്കിടെയാണ് കെ റെയിൽ വിശദ പദ്ധതി രേഖയിലെ വിശദാംശങ്ങൾ മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്തയിലെ വിവരങ്ങളിലെ വർഷങ്ങൾ പരിശോധിച്ചാൽ കെ റെയിൽ ഭാവനകളിൽ പണി തുടങ്ങിയെന്ന വിലയിരുത്തലിൽ വേണം എത്താൻ.
സ്ഥലം ഏറ്റെടുക്കലിന് പോലും വലിയ പ്രതിസന്ധിയാണ് മുന്നിലുള്ളത്. അപ്പോഴാണ് അഞ്ചു കൊല്ലം കൊണ്ട് കെ റെയിൽ തുടങ്ങുമെന്ന പദ്ധതി രൂപ രേഖയിലെ പരാമർശം. ശബരിമല വിമാനത്താവളത്തിലും സംഭവിച്ചത് ഏതാണ്ട് ഇതു തന്നെയാണ്. ബിലീവേഴ്സ് ചർച്ചിന്റെ ഭൂമി ഇനിയും സർക്കാരിന് ഉറപ്പിക്കാനായിട്ടില്ല. കെ റെയിലിലും ഭൂമി കിട്ടൽ തടസ്സമായി മാറും. അതുകൊണ്ട് തന്നെ ഡി പി ആറിലെ 2025ലെ സ്വപ്നം നടക്കില്ലെന്നാണ് വിലയിരുത്തൽ. യാഥാർത്ഥ്യ ബോധം ഇല്ലാതെയുള്ള ഡിപിആറാണ് കെ റെയിലിൽ ഉള്ളതെന്ന ചർച്ചകൾ സജീവമാകും. സ്റ്റാൻഡേഡ് ഗേജിലെ ഇരട്ടപ്പാതയാണ് തിരുവനന്തപുരം കൊച്ചുവേളിമുതൽ കാസർകോടുവരെ നിർമ്മിക്കുന്നത് എന്നാണ് അറിയിപ്പ്.
മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയാർജിക്കാൻ കഴിയുന്നവിധത്തിലാണിത്. ഒമ്പത് കോച്ചുകളുള്ള ട്രെയിനാണ് ആദ്യഘട്ടത്തിൽ ഓടിക്കുന്നതെങ്കിലും 15 കോച്ചുകൾവരെയാക്കാം. ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനമായതിനാൽ പത്തുമിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ ഓടിക്കാനാകുമെന്നും കെ-റെയിൽ അവകാശപ്പെടുന്നു. സംസ്ഥാനത്തെ ചരക്കുഗതാഗതം ഭൂരിഭാഗവും റോഡ്മാർഗമാണ്. വേഗ റെയിലിൽ ഇവ കയറ്റിയാൽ റോഡുകളിലെ ദീർഘദൂര ലോറികൾ ഒഴിവാക്കാനാകും. ഭാവിയിൽ കാറുകളടക്കം കൊണ്ടുപോകുന്നവിധത്തിൽ സിൽവർലൈനിനെ മാറ്റാൻകഴിയും.
ലോറികൾ കയറ്റിനിർത്താൻ പാകത്തിലെ പ്ലാറ്റ്ഫോമുള്ള ചരക്കുട്രെയിനുകളിൽ ദിവസം 480 ലോറികൾവരെ കൊണ്ടുപോകാനാകും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗമാർജിക്കാൻ കഴിയുന്നതാണ് ചരക്കുറെയിലുകൾ. സ്റ്റേഷനുകൾക്ക് സമീപം ലോറികൾ നിർത്തിയിടാനുള്ള സൗകര്യമൊരുക്കും. പദ്ധതിക്കായി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഒഴിപ്പിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരങ്ങൾ ഡി.പി.ആറിൽ വ്യക്തമാക്കുന്നില്ല. പരിസ്ഥിതി ആഘാത പഠനത്തിൽ മാത്രമേ ഇത് വ്യക്തമാകുകയുള്ളൂ. എന്നാൽ, 9314 കെട്ടിടങ്ങൾ ഒഴിപ്പിക്കേണ്ടിവരുമെന്ന് സിപിഎം. ഇറക്കിയ ലഘുലേഖയിൽ പറയുന്നു.
സിൽവർലൈൻ സവിശേഷതകൾ
തിരുവനന്തപുരം - കാസർകോട്
റെയിൽപ്പാത 530.6 കി.മി
യാത്രാസമയം നാലുമണിക്കൂർ
നിർമ്മാണകാലയളവ് അഞ്ചുവർഷം
ആവശ്യമുള്ള ഭൂമി 1383 ഹെക്ടർ
വിട്ടുകൊടുക്കുന്ന റെയിൽവേ ഭൂമി 457 ഏക്കർ
സ്ഥലമേറ്റെടുക്കൽ നഷ്ടപരിഹാരം 13,362 കോടി
പ്രതിദിന യാത്രികർ 79,934
പദ്ധതിച്ചെലവ് 63,941 കോടി
വായ്പ 34,454 കോടി
സംസ്ഥാനവിഹിതം 8656 കോടി
തുരങ്കപാത 11.528 കി.മി
പാലങ്ങൾ 12.991 കി.മി
തൂണുകളിലെ ആകാശപാത 88.412 കി.മി
ഉയർത്തിയ തിട്ട 292.728 കി.മി
മറുനാടന് മലയാളി ബ്യൂറോ