- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ വിമാനത്താവളം പിന്നിലേക്ക് മാറും; ഇനി എല്ലാ ശ്രദ്ധയും കെ റെയിലിൽ; കൊച്ചി മെട്രോയ്ക്ക് കരുത്തായ ശ്രീധരനെ പോലെ ഒരു മുഖത്തെ വേഗ റെയിലിന് മുന്നിൽ നിർത്താൻ അന്വേഷണം; പാർട്ടി സമ്മേളനങ്ങളിൽ ഉയർത്തുക സിൽവർ ലൈനിന്റെ വികസന സാധ്യത; രണ്ടും കൽപ്പിച്ച് കോടിയേരിയും പിണറായിയും
പാലക്കാട്: ശബരിമല വിമാനത്താവളം വിട്ട് അതിവേഗ റെയിൽ പാതിയിലേക്ക് ശ്രദ്ധ ചെലുത്താൻ സർക്കാർ. എന്തു തടസ്സം നേരിട്ടാലും കെ റെയിലുമായി മുമ്പോട്ട് പോകും. വികസനം വിരട്ടലിലൂടെ തടയാമെന്ന ധാരണ വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇതിന്റെ ഭാഗമാണ്. 2025ൽ പാത നിർമ്മാണം പൂർത്തിയാക്കാനാണ് ആലോചന. ഇതിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടലുകൾ നടത്തും. വ്യക്തമായ പദ്ധതിയോടെ നിർമ്മാണം തുടങ്ങും. കൃത്യസമയത്ത് പൂർത്തീകരിക്കുകയും ചെയ്യും.
കൊച്ചി മെട്രോയും കൃത്യം സമയത്തിനുള്ളിൽ ഏതാണ് പൂർത്തിയായ പദ്ധതിയായിരുന്നു. മെട്രോ മാൻ ഇ ശ്രീധരന്റെ ഇടപെടലാണ് ഇതിന് കാരണം. ബാക്കി വൻകിട പദ്ധതികളൊന്നും കൃത്യസമയത്ത് പൂർത്തിയായിട്ടില്ല. വിഴിഞ്ഞം തുറമുഖം അടക്കം പണി ഇഴഞ്ഞു നീളുന്നു. ഈ ഗതി അതിവേഗ പാതയ്ക്കുണ്ടാകില്ലെന്ന് ഉറപ്പിക്കും. അതിവേഗ റെയിലിന് ശ്രീധരൻ എതിരാണ്. ഇതിനൊപ്പം ബിജെപിക്കാരനും. അതുകൊണ്ട് തന്നെ കെ റെയിൽ നടത്തിപ്പിനെ നയിക്കാൻ പുതിയൊരു മുഖത്തേയും പിണറായി തേടുന്നുണ്ട്. സിപിഎമ്മിനെ മുന്നിൽ നിർത്തി പ്രതിഷേധത്തേയും എതിർ പ്രചരണത്തേയും ചെറുക്കും.
എന്തു വ്ന്നാലും കെ റെയിൽ എന്നതാണ് പിണറായിയുടെ നിലപാട്. വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടാൻ നോക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, ആ വിരട്ടലൊന്നും വേണ്ട. അതൊന്നും ചെലവാകുന്ന കാര്യമല്ല.അനാവശ്യമായ ദുർവാശികളൊന്നുമില്ല. പ്രശ്‌നങ്ങൾ വല്ലതുമുണ്ടോ? ആ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാം, നല്ല രീതിയിലുള്ള പരിഹാര നടപടികൾ സ്വീകരിക്കാം. നാടു മുന്നോട്ടു പോകണം, ജനങ്ങളുടെ ജീവിതനിലവാരം വലിയ തോതിൽ മെച്ചപ്പെടണം. അതിനുള്ള പദ്ധതികൾ വരണം. അത്തരം കാര്യങ്ങൾക്ക് എല്ലാവരുടെയും സഹകരണവും പിന്തുണയും ഉണ്ടാകണം-പിണറായി പറയുന്നു.
എതിർപ്പുകൾകണ്ടു പിന്മാറുന്നതല്ല പിണറായി സർക്കാരെന്നും കേന്ദ്രസഹായമില്ലെങ്കിലും കെ-റെയിൽ പദ്ധതി നടപ്പാക്കുമെന്നും സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുന്നു. പാർട്ടി കൊല്ലം ജില്ലാ സമ്മേളനത്തിനു സമാപനംകുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്ങനെ പാർട്ടി സമ്മേളനത്തിൽ കോടിയേരിയും പിണറായിയും ഈ വിഷയമാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. പാർട്ടി കോൺഗ്രസ് വരെ നീളുന്ന സമ്മേളന കാലത്ത് ഇത് പ്രധാന ചർച്ചാ വിഷയമാക്കി നിർത്തും. പിണറായിക്ക് എല്ലാ പിന്തുണയും ഇക്കാര്യത്തിൽ കോടിയേരി നൽകുകയും ചെയ്യും.
അസാധ്യമായതിനെ സാധ്യമാക്കാൻ ലക്ഷ്യബോധത്തോടെയാണ് സർക്കാർ നീങ്ങുന്നത്. കേരളത്തിൽ ട്രെയിനുകൾക്ക് വേഗം കുറവാണ്. രാജധാനി എക്സ്‌പ്രസ് മറ്റു സംസ്ഥാനങ്ങളിൽ 102 കിലോമീറ്റർ വേഗത്തിൽ ഓടുമ്പോൾ കേരളത്തിൽ 55 കിലോമീറ്ററാണ്. യു.ഡി.എഫ്. കാലത്ത് പഠനം നടത്തിയതല്ലാതെ മറ്റൊന്നും ചെയ്തില്ല. സിൽവർലൈൻ കെ-റെയിൽ പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ടു പോകുമെന്ന് കോടിയേരിയും പറയുന്നു.
എട്ടു സംസ്ഥാനങ്ങളിൽ കേന്ദ്രസഹായത്തോടെ പദ്ധതി തുടങ്ങി. രാഷ്ട്രീയ എതിർപ്പു കാരണം സിൽവർലൈനിന് കേന്ദ്രം സഹായം നൽകുന്നില്ല. കേന്ദ്രം സഹായിക്കുന്നില്ലെന്നുപറഞ്ഞ് നിസ്സഹായരായി ഇരുന്നാൽ കേരളത്തിന്റെ ഭാവി ഇരുളടയും. പിണറായി ഭരിക്കുമ്പോൾ വികസനം അനുവദിക്കില്ലെന്ന നിലപാടാണ് കോൺഗ്രസിനും ബിജെപി.ക്കുമുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ അവർക്ക് എതിർപ്പും സമരവുമില്ല.
1.18 ലക്ഷം കോടിയാണ് യു.ഡി.എഫ്. പദ്ധതിക്കു വിഭാവനം ചെയ്തത്. അതിന്റെ പകുതി തുകയേ ഇപ്പോൾ വേണ്ടിവരൂ. പദ്ധതിക്കുവേണ്ടി ഭൂമി നഷ്ടമാകുന്നവരുടെ പ്രശ്‌നങ്ങൾ സിപിഎം. ഏറ്റെടുക്കും. അവരുടെ പുനരധിവാസം ഉറപ്പാക്കും. ഉയർന്ന നഷ്ടപരിഹാരം നൽകും. ഇതിനായി ബൃഹത്തായ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എതിർക്കുന്നവരുടെയെല്ലാം മുന്നിൽ കാര്യങ്ങൾ വിശദീകരിക്കും. ജനപിന്തുണയോടെ പദ്ധതി നടപ്പാക്കും-കോടിയേരി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ