- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണ്ട് വോട്ടവകാശമുണ്ടായിരുന്നത് പൗരപ്രമുഖർക്കും ഭൂവുടമകൾക്കും സമ്പന്നർക്കും മാത്രം; ജനപ്രതിനിധികളുമായി ചർച്ച ചെയ്യാൻ തയ്യാറാകാത്ത മുഖ്യമന്ത്രി വരേണ്യരുമായി മാത്രം സംസാരിക്കാനിറങ്ങിയതിൽ സംശയം കണ്ട് പ്രതിപക്ഷം; ചർച്ചകൾക്ക് തുടക്കമിടാൻ മുഖ്യമന്ത്രിയും; ഇനി ഭീഷണിയില്ല... നയതന്ത്രം! കെ റെയിലുമായി പിണറായി മുമ്പോട്ട് തന്നെ
തിരുവനന്തപുരം: കെ റെയിലിൽ ഇനി ചർച്ചയുടെ കാലം. ഭയപ്പെടുത്തി പദ്ധതി നടപ്പാക്കാൽ സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചറിയുകയാണ്. ആരൊക്കെ എതിർത്താലും സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടെന്നും പ്രഖ്യാപിച്ച സർക്കാർ സ്വരം മയപ്പെടുത്തുന്നതിന്റെ സൂചനയാണ് പുറത്തു വരുന്നത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്ക്കു സന്നദ്ധത പ്രകടിപ്പിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാധ്യമ സ്ഥാപന മേധാവികൾ എന്നിവരുമായി ചർച്ച നടത്തും.
ജില്ലകളിലെ വിശദീകരണ യോഗത്തിന് ഇന്നു തിരുവനന്തപുരത്തു തുടക്കമാകും. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയും കെ റെയിൽ എംഡിയും പങ്കെടുക്കും. വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ടവരാണു സദസ്സിലുണ്ടാവുക. ഇവർക്കു ചോദ്യങ്ങളും സംശയങ്ങളുമുന്നയിക്കാം. അതേസമയം, പ്രതിപക്ഷത്തെ രാഷ്ട്രീയ കക്ഷി പ്രതിനിധികളെ ക്ഷണിച്ചിട്ടില്ല. ആറിന് എറണാകുളത്തും 24നു കോഴിക്കോട്ടും നടക്കുന്ന യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും. മറ്റു ജില്ലകളിൽ മന്ത്രിമാരാണു പങ്കെടുക്കുന്നത്.
ഇന്നത്തെ യോഗത്തിൽ സർക്കാരിന് താൽപ്പര്യമുള്ളവർ മാത്രമാണ് എത്തുന്നത്. എന്നാൽ ഭാവിയിൽ എല്ലാവരേയും സർക്കാർ ചർച്ചയ്ക്ക് വിളിക്കും. രാഷ്ട്രീയ പാർട്ടികളുടെ യോഗവും ചേരും. ഈ യോഗത്തിൽ മുഖ്യമന്ത്രിക്ക് ആക്ഷേപങ്ങൾക്ക് കൃത്യമായ മറുപടിയും നൽകേണ്ടി വരും. അതിനിടെ പ്രതിപക്ഷം പുതിയ നിർദ്ദേശം മുമ്പോട്ട് വച്ചിട്ടുണ്ട്. സിൽവർലൈനുമായി ബന്ധപ്പെട്ട് ചർച്ചചെയ്യേണ്ടത് പൗരപ്രമുഖരുമായല്ല നിയമസഭയിലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിശദീകരിക്കുന്നു.
നിയമസഭയിൽ ചർച്ചയ്ക്കു തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ഇപ്പോൾ പൗരപ്രമുഖരെ കാണാൻ നടക്കുകയാണ്. പണ്ട് വോട്ടവകാശമുണ്ടായിരുന്നത് പൗരപ്രമുഖർക്കും ഭൂവുടമകൾക്കും സമ്പന്നർക്കും മാത്രമാണ്. ജനപ്രതിനിധികളുമായി ചർച്ചചെയ്യാൻ തയ്യാറാകാത്ത മുഖ്യമന്ത്രി വരേണ്യരുമായിമാത്രം സംസാരിക്കാനിറങ്ങിയിരിക്കുന്നത് പദ്ധതിയെക്കുറിച്ചുള്ള ദുരൂഹതകൂട്ടുന്നു -അദ്ദേഹം പറഞ്ഞു. പൗരപ്രമുഖർക്കും കോർപ്പറേറ്റുകൾക്കും ഒപ്പമല്ല രാഷ്ട്രീയപ്പാർട്ടി നേതാക്കളെ വിളിക്കേണ്ടത്. മുഖ്യമന്ത്രി പറയുന്നതിന് യെസ് പറയുന്നവരെയാണ് വിളിച്ചിരിക്കുന്നത് എന്നും സതീശൻ പറയുന്നു.
പ്രതിപക്ഷ നിലപാടിനോട് സർക്കാരിനുള്ള സമീപനം ഇനി ശ്രദ്ധേയമാണ്. നിയമസഭയിലെ ചർച്ച യാഥാർത്ഥ്യമാകുമോ എന്നതാണ് ഇനി നിർണ്ണായകം. അതിനിടെ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടു പഠനം നടത്താൻ സർക്കാർ ചുമതലപ്പെടുത്തിയ സിസ്ട്ര കൺസൽട്ടിങ് കമ്പനി 2 മാസത്തിനിടെ സമർപ്പിച്ചതു 2 സാധ്യതാ പഠന റിപ്പോർട്ടുകളാണ്. പ്രാഥമിക റിപ്പോർട്ട് 2019 മാർച്ചിലും അന്തിമ റിപ്പോർട്ട് മേയിലും സമർപ്പിച്ചു. പ്രാഥമിക റിപ്പോർട്ടിലെ പല വസ്തുതകൾക്കും വിരുദ്ധമാണ് അന്തിമ റിപ്പോർട്ടെന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പറഞ്ഞു.
ഒരു പദ്ധതി ലാഭകരമാണോ എന്നു മനസ്സിലാക്കുന്നത് അതിന്റെ ഇക്കണോമിക് ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ (ഇഐആർആർ), എക്‌സ്‌പെക്റ്റഡ് നെറ്റ് പ്രസന്റ് വാല്യു (ഇഎൻപിവി) എന്നിവ കണ്ടെത്തിയാണ്. പ്രാഥമിക സാധ്യതാ റിപ്പോർട്ടിൽ 30 വർഷത്തെ ഇഐആർആർ 14.5 ശതമാനവും ഇഎൻപിവി 1604.9 കോടിയുമാണ്. അന്തിമ റിപ്പോർട്ടിൽ ഇഐആർആർ 16.08 ശതമാനവും ഇഎൻപിവി 5578 കോടിയുമായി ഉയർന്നു. പദ്ധതി ലാഭകരമെന്നു വരുത്തിത്തീർക്കാനാണ് ഇത്രയും വലിയ വ്യത്യാസം വരുത്തിയതെന്നാണ് ആരോപണം. പിന്നീട് തയാറാക്കിയ ഡിപിആറിൽ 50 വർഷത്തെ ഇഐആർആർ 24.04 ശതമാനവും ഇഎൻപിവി 19,020 കോടിയുമായാണു കാണിച്ചിരിക്കുന്നത്. പ്രാഥമിക സാധ്യതാ പഠന റിപ്പോർട്ടിൽ പദ്ധതിയുടെ 68 % തൂണുകളിൽ നിർമ്മിക്കാനാണു നിർദ്ദേശിച്ചതെങ്കിലും അന്തിമ റിപ്പോർട്ടിൽ 87 % തറയിൽ തന്നെ നിർമ്മിക്കണമെന്നാണു നിർദ്ദേശിച്ചിരിക്കുന്നതെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
പദ്ധതി എന്തിന്, എന്തുകൊണ്ട് എന്ന കാര്യങ്ങളിൽ വിശദീകരണം നൽകി ജനങ്ങളുടെ സംശയങ്ങൾ അകറ്റാനാണ് സർക്കാർ ശ്രമം. പ്രതിപക്ഷം ഉയർത്തുന്ന എതിർപ്പിനെ രാഷ്ട്രീയമായും വസ്തുതാപരമായും നേരിടാനാണ് സർക്കാർ തീരുമാനം. ഇതിനായുള്ള പ്രചാരണസാമഗ്രികളും തയ്യാറാക്കിവരുന്നു. രാഷ്ട്രീയപ്പാർട്ടികളെ ഉൾപ്പെടുത്തി സർവകക്ഷിയോഗം പിന്നീട് കൂടും. മാധ്യമസ്ഥാപനങ്ങളുടെ മേധാവിമാരുമായുള്ള കൂടിക്കാഴ്ചയും ജനുവരിയിൽത്തന്നെ നിശ്ചയിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായ എല്ലാ ജില്ലകളിലും മുഖ്യമന്ത്രി വിശദീകരണം നടത്താനാണ് നിലവിൽ തീരുമാനം.
സർക്കാരിന്റെ അഭിമാനപദ്ധതിയെന്ന നിലയിൽ കണക്കാക്കുന്നതിനാൽ ജനവികാരം അനുകൂലമാക്കാൻ സിപിഎമ്മും രംഗത്തിറങ്ങി. വിശദീകരണ യോഗങ്ങളും ഭവനസന്ദർശനങ്ങളും നടത്തി പ്രചാരണരംഗത്ത് പാർട്ടിപ്രവർത്തകരും അണിനിരക്കും.
നാവായിക്കുളത്തും പ്രതിഷേധം
കെ-റെയിലിനു സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നാവായിക്കുളം മരുതിക്കുന്നിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെ സ്ഥലത്ത് പ്രതിഷേധം ശക്തമായി. ഇവിടെ മുസ്ലിം, ക്രിസ്ത്യൻ പള്ളികളോടനുബന്ധിച്ചുള്ള ശ്മശാനങ്ങളിൽക്കൂടിയാണ് നിർദിഷ്ട അലൈന്മെന്റ് കടന്നുപോകുന്നത്. ഇതിലാണ് നാട്ടുകാർക്ക് എതിർപ്പുള്ളത്. തങ്ങളുടെ പൂർവികർ അന്തിയുറങ്ങുന്ന ശ്മശാനം ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.
തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ഉദ്യോഗസ്ഥരും തൊഴിലാളികളും കല്ലിടാനെത്തിയത്. ജനങ്ങൾ സംഘടിച്ചതോടെ സർക്കാരിന്റെ മറ്റൊരു പദ്ധതിയാണെന്നും കെ-റെയിൽ അല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നാട്ടുകാർ ഒത്തുചേർന്നു പ്രതിഷേധിച്ചത് ചെറിയ സംഘർഷത്തിന് കാരണമായി. വർക്കല ഡിവൈ.എസ്‌പി. പി.നിയാസിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരുമായി ചർച്ച നടത്തുകയും പരാതി നൽകാനും അലൈന്മെന്റ് മാറ്റിസ്ഥാപിക്കാൻ കഴിയുമെങ്കിൽ ആയതിന് അവസരമെന്ന നിലയ്ക്ക് ഒരാഴ്ച സമയം അനുവദിക്കുകയുമായിരുന്നു.
ഇവിടെ ജനുവരി 10-ന് കല്ലിടൽ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. തുടർന്ന് ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥർ നാവായിക്കുളം പഞ്ചായത്തിലെതന്നെ പുതുശ്ശേരിമുക്കിലെത്തി കൊട്ടറക്കോണം, കപ്പാംവിള വഴിമരുതിക്കുന്ന് വരെയുള്ള മേഖലയിൽ കല്ലിടൽ ജോലി ആരംഭിച്ചതോടെ ഇവിടെയും നാട്ടുകാർ സംഘടിച്ച് പ്രതിഷേധം തീർത്തു. കല്ലമ്പലം, നഗരൂർ, കിളിമാനൂർ, പള്ളിക്കൽ, അയിരൂർ, വർക്കല സ്റ്റേഷനുകളിൽ നിന്നായി വൻ പൊലീസ് സന്നാഹമെത്തി കല്ലിടൽ ജോലികൾ ആരംഭിച്ചു. ഇവിടെ കോട്ടറക്കോണം വരെയുള്ള ഭാഗങ്ങളിൽ വൈകീട്ട് ആറോടെ കല്ലിടൽ പൂർത്തിയാക്കി.
മറുനാടന് മലയാളി ബ്യൂറോ