- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിലിന്റെ ഡിപിആർ ഡിസ്‌ക്ലോസ് ചെയ്യണമെന്ന ഒരാവശ്യം വന്നുകൊണ്ടിരിക്കുകയാണ്; ഡിസ്‌ക്ലോസ് ചെയ്യേണ്ട ആവശ്യമില്ല എന്ന് ഉത്തരവ് തന്ന വിവരാവകാശ കമീഷണറാണ് ഞാൻ; പൗരപ്രമുഖരുടെ യോഗത്തിൽ താരമായത് സോമനാഥൻ പിള്ള; കെ ഫോണും കോ വാക്സിനും പോലെ 2025ൽ കെ റെയിലും! ഡിപിആർ പുറത്തുവിടാത്തതിന് കാരണം ഇങ്ങനെ
തിരുവനന്തപുരം: എങ്ങുമെത്താത്ത കെ ഫോൺ... എല്ലാവരും വിട്ടു കളഞ്ഞ ശബരിമല വിമാനത്താവളം... പോരാത്തതിന് കൊക്കോണിക്‌സ് എന്ന കമ്പ്യൂട്ടർ. ഇഴഞ്ഞു നീങ്ങുന്ന വിഴിഞ്ഞം..... കോ വാക്‌സിന് ഫാക്ടറി... അങ്ങനെ പലതും മലയാളി കാണുകയും കേൾക്കുകയും ചെയ്തു. ഇത് 2022 ജനുവരി. ഇനി മൂന്ന് കൊല്ലം. അതിനുള്ളിൽ കേരളത്തെ കുറുകെ മുറിക്കുന്ന റെയിൽപാത ഉണ്ടാക്കുമെന്നും തീവണ്ടി ഓട്ടിക്കുമെന്നും പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
2018ലാണ് കെ-റെയിൽ പദ്ധതിയുടെ ആസൂത്രണം നടക്കുന്നത്. 5 പാക്കേജുകളിലായി ഒരേ സമയം നിർമ്മാണം നടത്തി 2025-ഓട് കൂടി പദ്ധതി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി വർഷത്തിൽ 365 ദിവസം 24 മണിക്കൂറും പ്രവർത്തി നടക്കും. രണ്ട് വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി അടുത്ത 3 മൂന്ന് വർഷം കൊണ്ട് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വിശദ പദ്ധതി രേഖ പുറത്തു വിടുകയുമില്ല.
തിരുവനന്തപുരത്തെ പൗര പ്രമുഖരുടെ യോഗത്തിൽ ആരും കാര്യമായൊന്നും ചോദിച്ചില്ല. ചോദ്യങ്ങൾക്കെല്ലാം അനുകൂല പ്രതികരണവും. വിശദ പദ്ധതി രേഖ പുറത്തു വിടില്ലെന്നും വിശദീകരിച്ചു. ഇതിന് വേണ്ടി ആസൂത്രണത്തോടെയുള്ള ഇടപെടലും ഉണ്ടായി. അങ്ങനെ നാടകീയത നിറച്ചായിരുന്നു പൗര പ്രമുഖരുടെ യോഗം. ഫെയ്‌സ് ബുക്കിൽ ഹസനുൽ ബന്ന എഴുതിയ കുറിപ്പ് ഇതിന് തെളിവാണ്.
ഹസനുൽ ബന്നയുടെ കുറിപ്പ് ചുവടെ
കെ -റയിലിന്റെ ഡി.പി.ആർ ആരും കാണാൻ പാടില്ലത്രേ !
ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത പൗരപ്രമുഖരുടെ യോഗം ആദ്യാവസാനം ലൈവായി കേട്ടത് കെ റയിലിന്റെ ഡി.പി.ആർ സംബന്ധിച്ച് എന്തു പറയും എന്നറിയാനായിരുന്നു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കെ-റയിലിന്റെ ഡി.പി.ആർ എവിടെ എന്ന് ചോദിച്ചപ്പോൾ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞത്, അതൊന്നും വെളിപ്പെടുത്താൻ സർക്കാറിന് ഒരു മടിയുമില്ലെന്നും അതൊക്കെ വെളിപ്പെടുത്തിയാണ് മുഖ്യമന്ത്രി പദ്ധതി വിശദീകരിക്കാൻ ജനങ്ങളിലേക്ക് ഇറങ്ങുന്നത് എന്നുമായിരുന്നു.
എന്നാൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ 'വിവരാവകാശ കമീഷണറാണ് ഞാൻ' എന്ന് സ്വയം പരിചയപ്പെടുത്തിയ സംസ്ഥാന വിവരാവകാശ കമീഷണർ എസ്. സോമനാഥൻ പിള്ള ഡി.പി.ആർ പുറത്തുവിടരുതെന്ന് നടത്തിയ 'ഭീഷണി'യും ടെണ്ടർ വിളിക്കും വരെ വിടില്ലെന്ന് വ്യക്തമാക്കി കെ -റയിൽ മാനേജിങ് ഡയരക്ടർ വി. അജിത് കുമാർ അതിന് നൽകിയ മറുപടിയും കേട്ട് ശരിക്കും അമ്പരന്നു. വികേന്ദ്രീകൃതാസൂത്രണത്തിലെ കേരള മാതൃക തള്ളി കേരളം കേന്ദ്രീകൃതാസൂത്രണത്തിലേക്ക് പോകുകയാണ് എന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ ആ 'ചോദ്യോത്തരം' താഴെ:
'സംസ്ഥാന വിവരാവകാശ കമീഷണർ എസ്. സോമനാഥൻ പിള്ള :
'' കെ റയിലിന്റെ ഡി.പി.ആർ ഡിസ്‌ക്ലോസ് ചെയ്യണമെന്ന് ഒരാവശ്യം വന്നുകൊണ്ടിരിക്കുകയാണ്. അത് യാതൊരു കാരണവശാലും ഡിസ്‌ക്ലോസ് ചെയ്യേണ്ട ആവശ്യമില്ല എന്ന് ഉത്തരവ് തന്ന വിവരാവകാശ കമീഷണറാണ് ഞാൻ. അത്തരമൊരു ഉത്തരവ് തരാനുണ്ടായ സാഹചര്യം കെ -റയിൽ വിവരാവകാശ നിയമത്തിന്റെ 8(1)(എ) പ്രകാരം സ്‌റ്റേറ്റ് ആയി ഡിക്ലയർ ചെയ്യാവുന്നതാണ്.
അതു പോലെ അതിന്റെ ബിഡ്ഡിങ് സ്‌റ്റേജിൽ നിങ്ങളുടെ കമേഴ്‌സ്യൽ അഡ്വന്റേജ് നഷ്ടപ്പെടുകയും ചെയ്യും. മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷന്റെയും മിനിസ്ട്രി ഓഫ് ഡിഫൻസിന്റെയും പല രഹസ്യങ്ങളും നിങ്ങൾക്ക് കൈമാറപ്പെട്ടിട്ടുണ്ട്. അത് നിങ്ങളുടെ ഡി.പി.ആറിന്റെ സ്‌റ്റേജിൽ പരിഗണിക്കപ്പെട്ടിട്ടുണ്ട്. വന്നിട്ടുമുണ്ട്. അത്‌ലെലാം പരിഗണിച്ച് കൊണ്ട് ഒരു ഫിഡ്യൂഷറി റിലേഷന്റെ (പരസ്പര വിശ്വാസം) ഭാഗമായിട്ടാണ് അവർ നിങ്ങൾക്ക് കൈമാറിയത്. അതായത് നിങ്ങളിൽ നിന്ന് യാതൊരു കാരണവശാലും അത് വെളിപ്പെടില്ല എന്ന ഒരു വിശ്വാസത്തിന്റെ പേരിൽ. ആ ഫിഡ്യൂഷറി റിലേഷന്റെ പേരിൽ കൈമാറപ്പെടുന്ന വിവരങ്ങൾ യാതൊരു കാരണവശാലും കൈമാറപ്പെടുവാൻ പാടില്ല.
ഈ ഡി.പി.ആർ ഡിസ്‌ക്ലോസ് ചെയ്യുകയാണെങ്കിൽ അത് ഭാവിയിൽ ഒരു ലിറ്റിഗേഷനിലേക്ക് പോകാം. ഈ പ്രൊജക്റ്റ് തന്നെ താമസിക്കപ്പെടാം. അതുകൊണ്ട് നിങ്ങളുടെ ഈപ്രൊജക്റ്റ് ഇംപ്ലിമെന്റ് ചെയ്യുന്ന സ്‌റ്റേജ് വരെ ഈ ഡി.പി.ആർ ഡിസ്‌ക്ലോസ് ചെയ്യപ്പെടാൻ പാടില്ല. അതിന് നിയമപരമായിട്ടുള്ള സപ്പോർട്ട് കമ്മിഷൻ തന്നെ തന്നിട്ടുണ്ട്. വിവരാവകാശ കമീഷനാണ് ഒരു വിവരം ഡിസ്‌ക്ലോസ് ചെയ്യുന്നതിന്റെ പരമാധികാരി. ഒരു തീരുമാനമെടുക്കേണ്ട പരമാധികാരി. അത് നിങ്ങൾക്ക് തന്നിട്ടുണ്ട്.''
കെ -റയിൽ മാനേജിങ് ഡയരക്ടർ വി. അജിത് കുമാർ നൽകിയ മറുപടി:
''നമ്മൾ ലിഡാർ സർവേ ചെയ്തു കഴിയുമ്പോൾ തന്നെ മിനിസ്ട്രി ഓഫ് ഡിഫൻസും സിവിൽ ഏവിയേഷനും നമ്മളെ കൊണ്ട് എഴുതി വാങ്ങിക്കുകയാണ് ഈ ഡാറ്റ ആർക്കും ഷെയർ ചെയ്യാൻ പാടില്ല എന്നത്. സർവേ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് തന്നെ ഏത് ഡോക്യുമെന്റ് എടുക്കുമ്പോഴും ഈ ഡാറ്റ ആർക്കും ഷെയർ ചെയ്തു കൊടുക്കാൻ പാടില്ല എന്ന് നമ്മൾ ഡിക്ലേർ ചെയ്തുകൊടുക്കണം. ഈ എല്ലാ കാര്യങ്ങളും വെച്ചിട്ടാണ് ഡി.പി.ആർ ചെയ്യുന്നത്. സാർ പറഞ്ഞത് കറക്റ്റാണ്. അതുകൊണ്ട് തന്നെയാണ് നമ്മൾ ഡി.പി.ആർ കൊടുക്കാത്തതും. ഞങ്ങൾ മാത്രമല്ല, ഇന്ത്യയിലെ ഒരു പ്രൊജക്റ്റും അതിന്റെ ഡി.പി.ആർ ഏളി സ്‌റ്റേജിൽ കൊടുക്കാറില്ല. അത് കഴിയുമ്പോൾ കോൺഫിഡൻഷ്യൽ ഇൻഫർമേഷൻ മാറ്റിവെച്ച് ബാക്കിയുള്ളതുകൊടുക്കാറുണ്ട്. പ്രൊജക്റ്റിന്റെ ടെണ്ടറിങ് സ്‌റ്റേജ് കഴിഞ്ഞിട്ട്.''
-ഹസനുൽ ബന്ന
N.B: കെ റയിലിന്റെ ഡി.പി.ആർ കൊടുക്കരുതെന്ന് ഉത്തരവിട്ട സംസ്ഥാന വിവരാവകാശ കമീഷണർ എസ്. സോമനാഥൻ പിള്ള കെ റയിലിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വന്ന് സംസാരിക്കുന്നതാണ് ചിത്രം.
മറുനാടന് മലയാളി ബ്യൂറോ