തിരുവനന്തപുരം: എന്തു വന്നാലും കെ റെയിൽ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖരുടെ യോഗത്തിൽ വിശദീകരിച്ചത്. പിണറായിയുടെ രണ്ടാം സർക്കാരാണ് ഇത്. ആദ്യ സർക്കാരിൽ ചർച്ചയാക്കിയ വമ്പൻ പദ്ധതി ശബരിമല വിമാനത്താവളമായിരുന്നു. അതിന്റെ നടപടികൾ ഒരിഞ്ച് മുമ്പോട്ട് പോയില്ല. കേരളത്തിൽ മുഴുവൻ ഇന്റർനെറ്റ് എത്തിക്കാനുള്ള കെ ഫോണും ഇഴുഞ്ഞു നീങ്ങുന്നു. കേരളത്തിന്റെ സ്വന്തം കമ്പ്യൂട്ടറായ കൊക്കോണിക്‌സും പാളി. കോവിഡ് വാക്‌സിൻ നിർമ്മാണ കേന്ദ്രവും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും മൗനം. പക്ഷേ കെ റെയിൽ നടത്തിപ്പിൽ ചില ആത്മവിശ്വാസം മുഖ്യമന്ത്രിക്കുണ്ട്. എന്നാൽ അതെല്ലാം കേന്ദ്ര പദ്ധതികളാണെന്നതാണ് വസ്തുത.

ദേശീയ പാതാ വികസനം, പവർഗ്രിഡ് ലൈൻ, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി തുടങ്ങിയവയെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ കെ റെയിൽ ആത്മവിശ്വാസ പ്രസംഗം. എന്നാൽ ഇതെല്ലാം കേന്ദ്ര പദ്ധതികളാണ്. കേന്ദ്രത്തിന്റെ മുടക്കു മുതലിൽ നടക്കുന്ന പദ്ധതികൾ. അതുകൊണ്ടു തന്നെ കേരളത്തെ സാമ്പത്തികമായി തകർക്കുന്നില്ല. മറുവശത്ത് സാമ്പത്തികം കണ്ടെത്തേണ്ട ശബരിമല വിമാനത്താവളവും കെ ഫോണും കൊക്കോണിക്‌സുമെല്ലാം ആസുത്രണത്തിലെ പിഴവ് മൂലം തകർന്നു. ശതകോടികൾ കടമെടുത്ത് കെ റെയിൽ ഉണ്ടാക്കിയാൽ അതിലെ സാമ്പത്തിക ബാധ്യത കേരളത്തിന് താങ്ങാനാകുമോ എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ഇന്ധനത്തിൽ സെസ് പിരിച്ച് കിഫ്ബിക്ക് കടം തീർക്കാൻ കൊടുക്കുന്നതിന് അപ്പുറമുള്ള മാതൃകകൾ കെ റെയിൽ നടപ്പാക്കിയാൽ കേരളത്തിൽ അനിവാര്യതയാകും. അത്രയും വലിയ സാമ്പത്തിക ബാധ്യതയാകും ഈ പദ്ധതിയുണ്ടാക്കുക. കൊച്ചി മെട്രോയും കെ എസ് ആർ ടി സിയുമെല്ലാം നാളെ എന്തു സംഭവിക്കുമെന്നതിന് തെളിവായി മുമ്പിലുണ്ട് താനം.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പദ്ധതിക്ക് വേണ്ടി കുടിയൊഴിക്കപ്പെടുന്നവർക്ക് മെച്ചപ്പെട്ട പാക്കേജ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിന് 1730 കോടി രൂപയും, 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനും നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 56,881 കോടി രൂപ അഞ്ച് വർഷം കൊണ്ടാണ് ചെലവാക്കുന്നത്. തുക അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കിൽ വായ്പ സ്വീകരിക്കും. കേന്ദ്ര - സംസ്ഥാന വിഹിതങ്ങൾ ഇതിനകത്തുണ്ടാകും. ധനശേഷി ഇല്ലായ്മയിലും കിഫ്ബി പുനരുജ്ജീവിപ്പിച്ച് പദ്ധതികൾ നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വായ്പാ തിരിച്ചിടവും അതിന്റെ പ്രതിസന്ധികൾക്കും മുഖ്യമന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ലെന്നാണ് വിലയിരുത്തൽ.

കാലം മുന്നോട്ട് പോവുകയാണ് നമ്മൾ ഇവിടത്തന്നെ നിന്നാൽ കാലത്തിനനുസരിച്ച് മുന്നോട്ട് പോയില്ലെങ്കിൽ നമ്മൾ പിറകോട്ട് പോകും. നമ്മുടെ നാട്ടിൽ സംഭവിക്കേണ്ടതല്ല ഇതെന്നും. നമ്മുടെ നാടിന്റെ പശ്ചാത്തലം നല്ലത് പോലെ വികസിക്കണം. സഞ്ചാരം വേഗം കുറയുന്നത് നാടിന്റെ വികസന പുരോഗതിക്ക് തടസമാണ്. അനാവശ്യ എതിർപ്പ് ഉയർത്തുന്നവർക്ക് മുന്നിൽ വഴങ്ങിക്കൊടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങളൊന്നും ആരും ചോദിച്ചില്ല. ഉപദേശ രൂപേണ എല്ലാവരും പലതും ഒളിപ്പിച്ച് ചിലതെല്ലാം പറഞ്ഞു. അധികാരത്തിലെത്തുമ്പോൾ ഇവിടെ ഒന്നും നടക്കില്ല എന്ന ശാപവാക്കുകളായിരുന്നു കേട്ടത്. എന്നാൽ പദ്ധതികളുടെ പേരിൽ ജനങ്ങളെ ഉപദ്രവിക്കലല്ല സർക്കാരിന്റെ നയം. കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് പശ്ചാത്തല സൗകര്യം വികസിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും കുറഞ്ഞ തോതിൽ ആഘാതം ഉണ്ടാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കെ-റെയിൽ പരിസ്ഥിതി ലോല പ്രദേശത്ത് കൂടി കടന്നു പോകുന്നില്ല. സംസ്ഥാനത്ത് ഒട്ടേറെ വന്യമൃഗ സങ്കേതമുണ്ട്. എന്നാൽ ഇതിൽ ഏതെങ്കിലും സങ്കേതത്തിൽ കൂടി സിൽവർ ലൈൻ കടന്നു പോകുന്നില്ല. നദികളുടേയും മറ്റു ജല സ്രോതസുകളുടേയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നില്ല. നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങൾക്കും ഒന്നും സംഭവിക്കില്ല. ഇവിടങ്ങളിൽ 88 കിലോ മീറ്റ തൂണുകളിൽ കൂടിയാണ് പാത കടന്നു പോവുക.

കെ-റെയിൽ പരിസ്ഥിതിക്ക് നേട്ടമാണ് ഉണ്ടാകുക. കാർബൺ ബഹിർഗമനത്തിൽ 2,80,000 ടൺ നിർമ്മാർജ്ജനം ചെയ്യാൻ ഇതിൽ കൂടി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണ്ണമായും പരിസ്ഥിതി സൗഹാർദ മാതൃകയിലാണ് സിൽവർ ലൈൻ പദ്ധതി. ചരക്ക് വാഹനങ്ങൾ കടത്തിക്കൊണ്ട് പോകാൻ ഇതിനകത്ത് റോറോ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിൽ കുറവുണ്ടാകും. 500 കോടിയോളം രൂപയുടെ ഫോസിൽ ഇന്ധനങ്ങളുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇത് വലിയ നേട്ടമാണ്.

സിൽവർ ലൈൻ പ്രളയം സൃഷ്ടിക്കാൻ സാധ്യതയുണ്ട് എന്ന പ്രചാരണം നടക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന എംബാങ്ക്‌മെന്റ് പ്രളയം സൃഷ്ടിക്കും എന്നാണ് പ്രചാരണം. എന്നാൽ നിലവിലുള്ള എല്ലാ റെയിൽവെ ലൈനുകളും എംബാങ്ക്‌മെന്റിലാണ് പണിതിട്ടുള്ളത്. കഴിഞ്ഞ നൂറ്റാണ്ടിനിടെ കേരളത്തിലുണ്ടായ പ്രളയങ്ങളുടേയും വേലിയേറ്റത്തിന്റേയും വേലിയിറക്കത്തിന്റേയും കണക്കുകളെടുത്തിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.