കൊല്ലം: ഗുജറാത്തിലെ ഡാഷ് ബോർഡ് പഠനവും തുണയാകില്ല. ഇ ശ്രീധരനെ പോലുള്ളവരുടെ എതിർപ്പ് പ്രധാനമന്ത്രി മോദി കണ്ടില്ലെന്ന് നടിക്കില്ല. ഇത് കെ റെയിൽ സ്വപ്‌നത്തിന് തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്. അതിനിടെ അർധ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്സ്‌പ്രസ് കേരളത്തിനും ലഭിക്കും.

തിരുവനന്തപുരം ഡിവിഷനിൽനിന്നാകും സർവീസ്. രണ്ടു റേക്കുകൾ (16 പാസഞ്ചർ കാറുകളടങ്ങുന്ന ഒരു യൂണിറ്റ്) തിരുവനന്തപുരത്തിനു ലഭിക്കും. 1,128 യാത്രക്കാർക്ക് ഇരിക്കാവുന്ന 16 പാസഞ്ചർ കാറുകളാണ് ഒരു തീവണ്ടിയിൽ ഉണ്ടാകുക. ഈ തീവണ്ടി അനുവദിക്കുന്നതോടെ റെയിൽ കേരളയുടെ പ്രസക്തി തന്നെ നഷ്ടമാകും. അതിവേഗം സർവ്വീസ് നടത്തുന്നതാണ് ഈ തീവണ്ടി. വന്ദേഭാരത്ത് വരുന്നതോടെ കെ റെയിലിൽ നിന്നും റെയിൽവേയും പിൻവാങ്ങും.

തീവണ്ടി സർവീസുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ തിരുവനന്തപുരത്ത് നടത്തണമെന്ന് റെയിൽവേ ബോർഡ് നിർദ്ദേശിച്ചുകഴിഞ്ഞു. രണ്ടു റേക്കുകൾ നിർത്തിയിടാനും അറ്റകുറ്റപ്പണി നടത്താനും തിരുവനന്തപുരത്ത് എത്രയുംവേഗം സൗകര്യമൊരുക്കണമെന്നാണ് നിർദ്ദേശം. പ്രധാനമന്ത്രിയുടെ പ്രീതി നേടി കെ റെയിൽ എത്തിക്കാനായിരുന്നു നീക്കം. ഇതിനുള്ള നിർണ്ണായക ചർച്ചകൾ അമേരിക്കയിൽ പുരോഗമിക്കുന്നതായാണ് സൂചന. ഇതിനിടെയാണ് വന്ദേഭാരത് ഇരുട്ടടിയും വരുന്നത്.

കേരളത്തിൽ നിലവിലുള്ള പാതയുടെ കിടപ്പനുസരിച്ച്, വിഭാവനംചെയ്ത വേഗത്തിൽ വന്ദേ ഭാരത് എക്സ്‌പ്രസ് തീവണ്ടികൾ ഓടിക്കാൻ കഴിയില്ല. വേഗത്തിൽ അല്പം കുറവ് വരുത്തിയാലും കേരളത്തിലൂടെ തീവണ്ടിയോടിക്കണമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. എങ്കിലും കേരളത്തിൽ ഉടനീളം ആറു മണിക്കൂർ കൊണ്ട് തീവണ്ടിയാത്ര പ്രാപ്തമാകും. തിരുവനന്തപുരത്ത് നിന്ന് ജനശതാബ്ദി കോഴിക്കോട് എത്തുന്നത് ഏഴു മണിക്കൂർ കൊണ്ടാണ്. അതിൽ നിന്നും കുറച്ചു കൂടി വേഗത മാത്രം മതി കാസർഗോട്ടേക്ക് ആറു മണിക്കൂർ കൊണ്ടെത്താൻ. ചെലവും കുറവായിരിക്കും.

പ്രത്യേകമായി രൂപകല്പന ചെയ്ത വന്ദേ ഭാരത് തീവണ്ടികളുടെ നിർമ്മാണം ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുരോഗമിക്കുകയാണ്. ആദ്യ തീവണ്ടിയുടെ നിർമ്മാണം ഇക്കൊല്ലം ഓഗസ്റ്റിൽ പൂർത്തിയാകും. 2023 ഓഗസ്റ്റിനുമുമ്പ് 75 തീവണ്ടികൾ വിവിധ റെയിൽവേ സോണുകൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ഡിവിഷന് രണ്ടാംഘട്ടത്തിലേ തീവണ്ടി ലഭിക്കുകയുള്ളൂ. അങ്ങനെ വന്നാൽ 2024 ഓടെ റെയിൽവേയുടെ അതിവഗ വണ്ടി കേരളത്തിലെത്തും.

സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതിനിടെ കേരളത്തിൽ വന്ദേ ഭാരത് തീവണ്ടി സർവീസിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതു പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. കേരളത്തിന് വന്ദേ ഭാരത് തീവണ്ടി അനുവദിക്കാമെന്ന്, കെ-റെയിൽ പദ്ധതി സംബന്ധിച്ച ചർച്ചകൾക്ക് ഡൽഹിയിലെത്തിയ ബിജെപി. നേതാക്കൾക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയിരുന്നു.

ദക്ഷിണ റെയിൽവേയുടെ കീഴിൽ ചെന്നൈ (ആറ്), കോയമ്പത്തൂർ (മൂന്ന്), തിരുച്ചിറപ്പള്ളി (രണ്ട്), തിരുവനന്തപുരം (രണ്ട്) എന്നിവിടങ്ങളിലാണ് വന്ദേ ഭാരത് റേക്കുകൾ അനുവദിക്കുക. ന്യൂഡൽഹിക്കാണ് ഏറ്റവും കൂടുതൽ റേക്കുകൾ നൽകുക-12 എണ്ണം. ഇവിടങ്ങളിലെല്ലാം അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ സജ്ജമാക്കാൻ റെയിൽവേ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. 

(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01052022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)