- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതു വരെ ചെലവാക്കിയത് 49 കോടി; സാമൂഹിക ആഘാത പഠനം പൂർത്തിയായതിന് ശേഷം കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണം തിട്ടപ്പെടുത്തും; ജനമനസ്സ് അറിയാൻ കല്ലെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവച്ച് കളിയും; അടയാള കുറ്റികൾ എവിടെ കണ്ടാലും പ്രതിഷേധിച്ച് നാട്ടുകാരും; കെ റെയിലിൽ സർവ്വത്ര അനിശ്ചിതത്വം
മലപ്പുറം: സിൽവർലൈനിലെ പ്രതിഷേധം തുടരുന്നത് സർക്കിരന് തലവേദന. തിരുനാവായ വില്ലേജ് ഓഫിസ് മതിൽക്കെട്ടിനുള്ളിൽ സിൽവർലൈൻ അടയാളക്കുറ്റികൾ ഇറക്കുന്നതിനെതിരെ പോലും പ്രതിഷേധം ഉയർന്നു. ഇതോടെ കെ റെയിലുമായി മുമ്പോട്ടു പോകുന്നത് കൂടുതൽ പ്രശ്‌നമാകുമെന്ന് തിരിച്ചറിയുകയാണ് സർക്കാർ.
സമരക്കാർക്കെതിരെ ശക്തമായ നടപടി എടുക്കും. തിരുനാവായയിൽ സമരം ചെയ്തവരെ പൊലീസെത്തി അറസ്റ്റ് ചെയ്തുനീക്കി. ഇന്നലെ രാവിലെ പത്തരയോടെയാണ് സിൽവർലൈൻ അധികൃതർ അടയാളക്കുറ്റികൾ തിരുനാവായ വില്ലേജ് ഓഫിസ് പരിസരത്ത് ഇറക്കിവയ്ക്കാൻ എത്തിയത്. എന്നാൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിൽവർലൈൻ വിരുദ്ധ സമരസമിതി പ്രവർത്തകരും നാട്ടുകാരും ഇതിനെതിരെ പ്രതിഷേധം ഉയർത്തി.
തുടർന്ന് ഇറക്കിവച്ച നൂറോളം കുറ്റികൾ ഇവർ തിരികെ ലോറിയിലേക്ക് കയറ്റിയിട്ടു. ഇതിനിടെ തിരൂരിൽ നിന്ന് പൊലീസ് സ്ഥലത്തെത്തി നേതാക്കളായ 6 പേരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ കുറ്റികൾ ഇവിടെ തന്നെ വീണ്ടും ഇറക്കി. അതേ സമയം, തലക്കാട് വില്ലേജിലെ പുല്ലൂർ ഇന്ദിരാനഗറിൽ സ്വകാര്യവ്യക്തിയുടെ സ്ഥലം വാടകയ്‌ക്കെടുത്ത് സൂക്ഷിച്ചിരുന്ന കുറ്റികളാണ് വില്ലേജ് ഓഫിസ് പരിസരത്തെ സർക്കാർ ഭൂമിലേക്കു മാറ്റിയതെന്ന് സിൽവർലൈൻ അധികൃതർ പറഞ്ഞു.
പ്രതിഷേധം ഉണ്ടാകുമോ എന്ന് അറിയാനാണ് ഇത്തരം നീക്കങ്ങൾ കെ റെയിൽ നടത്തുന്നത്. പല ഇടത്തും കുറ്റികൾ ഇറക്കുന്നത് ഇതിന് മുമ്പും പ്രതിഷേധത്തിന് വഴിവച്ചിരുന്നു. കെ-റെയിൽ പദ്ധതിക്കായി ഇതുവരെ ചെലവായത് 49 കോടിയോളം രൂപയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. കൺസൾട്ടൻസി ചാർജായി മാത്രം നൽകിയത് 20 കോടി 82 ലക്ഷം രൂപയാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾക്കായി റവന്യു വകുപ്പിന് ഇരുപത് കോടിയിലേറെ നൽകി. പി.കെ ബഷീർ എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കണക്കുകളുള്ളത്.
കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. സാമൂഹിക ആഘാത പഠനം പൂർത്തിയായിട്ടില്ലെങ്കിലും കെ-റെയിലിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത് നാൽപത്തിയൊമ്പത് കോടിയോളം രൂപ. കെ-റെയിൽ ഏജൻസിക്ക് കൺസൾട്ടൻസി ചാർജായി നൽകിയത് ഇരുപതു കോടി എൺപത്തി രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപ. പതിനൊന്ന് ജില്ലകളിലെയും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി റവന്യു വകുപ്പിന് നൽകിയത് ഇരുപതു കോടി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ഏരിയൽ സർവേക്കായി രണ്ട് കോടി നൽകി. ഇങ്ങനെ മുപ്പതോളം കാര്യങ്ങളിലായി സർക്കാരിന് ഇതുവരെ 48,22,57,179 രൂപ ചെലവായി. പി കെ ബഷീർ എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി കെ -റെയിൽ കണക്കുകൾ വിശദീകരിച്ചത്.
സാമൂഹിക ആഘാത പഠനം പൂർത്തിയായതിന് ശേഷം മാത്രമെ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണം തിട്ടപ്പെടുത്താനാകൂവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 1383 ഹെക്ടർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമി. വിശദമായ പദ്ധതി റിപ്പോർട്ട് പ്രകാരം 63,941 കോടി രൂപ ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ