തിരുവനന്തപുരം: രാഷ്ട്രീയ വിഷയങ്ങളോ പ്രസ്താവനകളോ എന്നും പരസ്യത്തിന് അടിസ്ഥാനമാകാറുണ്ട്.ഇപ്പോഴിത ഇ പി ജയരാജൻ ഇൻഡിഗോ വിവാദത്തെ പരസ്യമാക്കിയിരിക്കുകയാണ് കെ റെയിൽ.എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ഇൻഡിഗോ വിമാന ബഹിഷ്‌കരണത്തിനിടെ 'അല്ലെങ്കിലും ട്രെയ്ൻ യാത്ര തന്നെയാണ് സേഫ്' എന്ന പരസ്യവുമായാണ് കെ റെയിൽ രംഗത്ത് വന്നിരിക്കുന്നത്.

കുറഞ്ഞ യാത്രാ നിരക്കും, സുരക്ഷിതത്വവും, ഏറ്റവും കുറവ് അപകടനിരക്കും കെ റെയിൽ പരസ്യത്തിലൂടെ അവകാശപ്പെടുന്നു.കുറഞ്ഞ ഇന്ധനച്ചെലവ്, പുനരുപയോഗ ഊർജ്ജത്തിന്റെ പരമാവധി വിനിയോഗം എന്നീ സവിശേഷതകളും കെ റെയിൽ പരസ്യത്തിൽ പറയുന്നുണ്ട്. കൂടാതെ കണ്ണൂരിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരപരിധിയും കെ റെയിൽ വിശദീകരിച്ചു.

 

നാടിന്റെ വികസനത്തിനൊപ്പം നാട്ടുകാരുടെ പുരോഗതിയും കണ്ണൂർ എന്നും ഉറപ്പാക്കിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളം, സർവ്വകലാശാല, പരിയാരം മെഡിക്കൽ കോളേജ്, മലബാർ കാൻസർ സെന്റർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി എല്ലാ രംഗത്തും കണ്ണൂരിന് സ്വന്തമായൊരു ഇടമുണ്ടെന്നും കെ റെയിൽ കൂട്ടിച്ചേർത്തു.

 

രണ്ട് പരസ്യങ്ങളാണ് ഇത്തരത്തിൽ കെ റെയിൽ തയ്യറാക്കിയിരിക്കുന്നത്.ആട്ന്നും ഈട്ന്നും ബേമ്പോം എന്നാണ് രണ്ടാമത്തെ പരസ്യം.കണ്ണൂരിൽ നിന്നും കാസർഗോട്ടേക്ക് 35 മിനുട്ട്, കോഴിക്കോട്ടേക്ക് 39 മിനുട്ട്, തൃശ്ശൂരിലേക്ക് ഒരു മണിക്കൂർ 23 മിനുട്ട്, എറണാകുളത്തേക്ക് ഒരു മണിക്കൂർ 56 മിനുട്ട്, തിരുവനന്തപുരം മൂന്ന് മണിക്കൂർ 19 മിനുട്ട് എന്നിങ്ങനെയായിരിക്കും ദൂരമെന്ന് കെ റെയിൽ വിശദീകരിച്ചു. കൂടുതൽ വേഗത്തിൽ കുറച്ചു സമയം കൊണ്ട് മികച്ച സുരക്ഷ ഉറപ്പാക്കി കെ റെയിലിൽ യാത്ര ചെയ്യാമെന്നും പരസ്യത്തിൽ പറയുന്നുണ്ട്.