- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമി ഏറ്റെടുക്കൽ അല്ല, സാമൂഹികാഘാത പഠനമാണ് നടക്കുന്നതെന്ന് സർക്കാറിന്റെ പെരുംനുണ; നുണകളുടെ ട്രാക്കിൽ കെ റെയിൽ; ഭൂമി ഏറ്റെടുക്കാനെന്ന സർക്കാർ വിജ്ഞാപനം പുറത്തു വരുമ്പോഴും കള്ളം ആവർത്തിച്ച് അധികാരികൾ; പുകമറ സൃഷ്ടിച്ചുള്ള സർക്കാറിന്റെ പോക്ക് എങ്ങോട്ട്?
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിയുള്ള പിടിവാശിയിലാണ് സംസ്ഥാന സർക്കാർ. ഇതിന് വേണ്ടി നുണകളുടെ കെട്ടാണ് അഴിച്ചു വിടുന്നത്. സുതാര്യം അല്ലാത്ത വിധത്തിലാണ് പദ്ധതികൾ മുന്നോട്ടു കൊണ്ടു പോകുന്നത്. ജനങ്ങളുടെ മുന്നിൽ കൃത്യമായ മറുപടി പറയാതെ ഇപ്പോൾ നടക്കുന്നത് സാമൂഹികാഘാത പഠനം മാത്രമാമെന്ന പച്ചക്കള്ളമാണ് സർക്കാർ വൃത്തങ്ങൾ ആവർത്തിക്കുന്നത്. ഈ കള്ളം ആവർത്തിക്കുകയാണ് പാർട്ടി വൃത്തങ്ങളും. ഇങ്ങനെ കള്ളക്കൾ കൊണ്ട് ദുരൂഹതകളുടെ കോട്ട കെട്ടി സർക്കാർ എങ്ങോട്ടാണ് പോകുന്നത് എന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്.
സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിയുള്ള സാധ്യത പാഠനം ഭൂമി ഏറ്റെടുക്കുന്നതിന് തന്നെയെന്ന് വ്യക്തമാക്കുന്ന സർക്കാർ വിജ്ഞാപനം പുറത്ത്. ഇപ്പോൾ നടക്കുന്നത് സാമൂഹികാഘാത പഠനമാണെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് മരങ്ങൾ ഉൾപ്പെടെ മുറിച്ച് മാറ്റുന്നതിനെക്കുറിച്ച് വിജ്ഞാപനത്തിൽ വ്യക്തമാാക്കുകയും ചെയ്യുന്നു. സംസ്ഥാന സർക്കാർ 2021 ഒക്ടോബർ എട്ടിന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സിൽവർലൈൻ പദ്ധതിക്ക് വേണ്ടി നടപ്പിലാക്കേണ്ട കാര്യങ്ങൾ വിശദമായി വിവരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച് കാര്യങ്ങൾ കൂടുതൽ വ്യക്തതയുള്ളത്.
തിരുവനന്തപുരം-കാസർകോട് അതിവേഗ പാതയ്ക്കായി വിവിധ വില്ലേജുകളിൽ സ്ഥലമെടുപ്പിന്റ ഭാഗമായി പട്ടിക തിരിച്ച് സർവേ നടത്തണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. സർവേയ്ക്ക് തടസമായി നിൽക്കുന്ന മരങ്ങൾ ഉണ്ടെങ്കിൽ മുറിച്ച് മാറ്റണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. അതിരടയാളങ്ങൾ ഇടണമെന്നും നിർദ്ദേശിക്കുന്നുണ്ട്. 1961 ലെ സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളാണ് വിജ്ഞാപനത്തിൽ വിവരിക്കുന്നത്. അതേ സമയം കേന്ദ്ര അനുമതിക്ക് ശേഷമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നും വിജ്ഞാപനത്തിൽ സർവേയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നുമാണ് സർക്കാർ വിശദീകരിക്കുന്നത്.
2021 ഓഗസ്റ്റ് 28 ന് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് ഇതിന് ആധാരമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങുക റെയിൽവേ മാന്ത്രാലത്തിന്റെ അന്തിമ അനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ ഈ ഉത്തരവ് ഇറക്കി രണ്ട് മാസം കഴിഞ്ഞാണ് റവന്യൂ വകുപ്പ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
അതുകൊണ്ട് തന്നെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർവ്വത്ര ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. മാത്രമല്ല കേന്ദ്ര അനുമതിക്ക് ശേഷമേ ഭൂമി ഏറ്റെടുക്കുകയുള്ളു എന്ന് പറയുന്ന ഉത്തരവിൽ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെയും സ്പെഷ്യൽ തഹസിൽദാർമാരെയും ചുമതലപ്പെടുത്തിയതായും പറയുന്നുണ്ട്.
അതേസമയം ഈ ഗസ്റ്റ് നോട്ടിഫിക്കേഷനും സർക്കർ ഉത്തരവുമെല്ലാം വ്യക്തമാക്കുമ്പോഴും ഇതെല്ലാം വെറും നടപടി ക്രമം മാത്രമാണെന്നാണ് റവന്യൂ മന്ത്രി കെ രാജൻ അടക്കമുള്ളവർ വാദിക്കുന്നത്. സിൽവർ ലൈൻ കല്ലിടലിൽ തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു.വിജ്ഞാപനത്തിൽ പുതിയതായി ഒന്നുമില്ല. സർക്കാർ ഭൂമി ഏറ്റെടുക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
വിജ്ഞാപനം സംബന്ധിച്ച് തെറ്റിദ്ധാരണയുടെ ആവശ്യമില്ല. എല്ലാം നടപടി ക്രമമനുസരിച്ചാണ് നടക്കുന്നത്. ആളുകൾ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. വിജ്ഞാപനം സാധാരണ നടപടി ക്രമം മാത്രമാണ്. ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ല. സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്നും മന്ത്രി പറഞ്ഞു.
കെ റെയിൽ സിൽവർലൈനിനായുള്ള സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സർക്കാരിന്റെ വിജ്ഞാപനം പുറത്ത് വന്നതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങൾ അടക്കം മുറിച്ച് അടയാളങ്ങൾ നൽകിയുള്ള സർവേയെക്കുറിച്ച് വിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കൽ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണ് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തിൽ സർവേയുടെ ഉദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സർക്കാർ വിശദീകരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ