- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരി പദ്ധതിക്കായി 1000 കോടി മുതൽ മുടക്കാനില്ലെന്ന് പറഞ്ഞ കേരള സർക്കാർ ഇപ്പോൾ ഒരു ലക്ഷം കോടിയുടെ പദ്ധതിയുമായി വരുന്നു; എവിടെ നിന്നാണ് ഈ പണം വരുന്നതെന്ന് കേന്ദ്രമന്ത്രിയുടെ ചോദ്യം; സിൽവർ ലൈനിൽ തീപാറുന്ന വാക്‌പോര്; മുരളീധരൻ രണ്ടും കൽപ്പിച്ച്; പിണറായിയുടെ ഡൽഹി യാത്ര വെറുതെയാകുമോ?
ന്യൂഡൽഹി: സിൽവർ ലൈനിന്റെ പേരിൽ രാജ്യസഭയിൽ തീപാറുന്ന വാക്‌പോര്. പദ്ധതിയുടെ പേരിൽ കേരള സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ രാജ്യസഭയിൽ ആരോപിച്ചു. സിൽവർ ലൈനിന് അനുമതി നൽകില്ലെന്ന കേന്ദ്ര നിലപാടാണ് ഇതിൽ പ്രതിഫലിക്കുന്നതെന്നാണ് സൂചന. പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ലെന്നും മുരളീധരൻ വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഡൽഹിയിൽ എത്തുമെന്ന വാർത്തയ്ക്കിടെയായിരുന്നു ഈ കടന്നാക്രമണം കേന്ദ്രമന്ത്രി നടത്തിയത്.
സിൽവർലൈനിൽ ഉറപ്പുകളൊന്നും പ്രധാനമന്ത്രി നൽകില്ലെന്നാണ് സൂചന. ഇതിന്റെ പ്രതിഫലനമാണ് മുരളീധരന്റെ രാജ്യസഭയിലെ ഇടപെടൽ എന്നാണ് വിലയിരുത്തൽ. വീടുകളിൽ അതിക്രമിച്ചുകയറി കല്ലിടുകയാണ്. നിയമങ്ങൾ പാലിക്കാതെയാണ് നടപടികൾ തുടരുന്നത്. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് പ്രത്യേക പാതവേണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ളത് രാഷ്ട്രീയ എതിർപ്പാണെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ് പറഞ്ഞു
പദ്ധതിക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാരും റെയിൽവേ മന്ത്രാലയവും വ്യക്തമാക്കിയിട്ടും കേരള സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. സർക്കാരിന്റെ ഏകപക്ഷീയമായ നടപടിക്കെതിരേ കേരളത്തിലെ ജനങ്ങൾ ഒരു മാസമായി തെരുവിൽ പ്രതിഷേധത്തിലാണെന്നും മുരളീധരൻ പറഞ്ഞു. കേരളം സമർപ്പിച്ച ഡിപിആറിൽ പിഴവുകളുണ്ടെന്നും വിശദമായ പഠനം ആശ്യമാണെന്നും ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും കേന്ദ്രസർക്കാരും റെയിൽവേ മന്ത്രാലയവും വ്യക്തമാക്കിയതാണ്. പക്ഷേ, കേരള സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. ശബരി പദ്ധതിക്കായി 1000 കോടി മുതൽ മുടക്കാനില്ലെന്ന് പറഞ്ഞ കേരള സർക്കാർ ഇപ്പോൾ ഒരു ലക്ഷം കോടിയുടെ പദ്ധതിയുമായി വരുന്നുവെന്നാണ് പറയുന്നത്. എവിടെ നിന്നാണ് ഈ പണം വരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഭൂമി ഏറ്റെടുക്കലല്ലെന്നും സാമൂഹിക ആഘാത പഠനം മാത്രമാണ് നടത്തുന്നതെന്നുമാണ് കേരള സർക്കാർ പറയുന്നത്. സാമൂഹികാഘാത പഠനമെന്നാൽ ജനങ്ങളെ ഭയപ്പെടുത്തുകയല്ല. സർവേയുടേയും സാമൂഹികാഘാത പഠനത്തിന്റേയും പേരിൽ ജനങ്ങളുടെ ഭൂമിയിൽ കല്ലുകൾ സ്ഥാപിക്കുകയാണ്. വീടുകളിൽ അതിക്രമിച്ചുകയറിയാണ് കല്ലിടുന്നത്. മുൻകൂർ നോട്ടീസ് നൽകാതെ പൊലീസിനെ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
ഈ എതിർപ്പിൽ ബിജെപിയുമുണ്ടെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രമന്ത്രി മുരളീധരൻ എന്നാണ് വിലയിരുത്തൽ. ചങ്ങനാശ്ശേരി എന്ന സ്ഥലത്തെ വിമോചന സമരമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ കൂടി കണക്കിലെടുത്ത് ബിജെപി പ്രതിഷേധം ശക്തമാക്കും. അതേസമയം, സിൽവർലൈൻ പദ്ധതിയുടെ നടപടികൾ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കോൺഗ്രസ് എംപി കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ പേരുപറഞ്ഞാണ് കല്ലിടൽ നടക്കുന്നതെന്നും സിപിഎമ്മും ബിജെപിയും ഒന്നിച്ചാണെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.
അതിനിടെ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് ഇരുവശവും ബഫർ സോൺ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തു വന്നു. ബഫർ സോൺ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തള്ളിയ കോടിയേരി, കെ റെയിൽ എംഡി വി അജിത് കുമാർ പറയുന്നതാണ് ശരിയെന്ന് സ്ഥിരീകരിച്ചു. എല്ലാ കാര്യങ്ങളും എല്ലാവരും പഠിച്ചിട്ടാകില്ല പ്രതികരിക്കുന്നതെന്നാണ് മന്ത്രിയുടെ വാദത്തെ തള്ളി കോടിയേരിയുടെ വിശദീകരണം.
കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും. ഹൈക്കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. സർവേക്കെതിരെ കോഴിക്കോട് കോൺഗ്രസും ബിജെപിയും ഒരുമിച്ച് സമരം ചെയ്യുകയാണെന്നും കോടിയേരി ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ