- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറഞ്ഞത് കേട്ടിരുന്ന മോദി; റെയിൽ മന്ത്രിയെ വിളിച്ചു വരുത്തി ആവശ്യപ്പെട്ടത് നിലപാട് മാറ്റേണ്ടതില്ലെന്നെന്നും വ്യക്തം; രാജ്യസഭയിലെ മന്ത്രിയുടെ പ്രസ്താവന കെ റെയിലിന് കേന്ദ്ര ഏതിരെന്നതിന് തെളിവ്; ഡൽഹിയിൽ പിണറായിക്ക് കിട്ടിയത് 'ചുവപ്പു സിഗ്നൽ'; കെ റെയിൽ പ്രതീക്ഷ മാത്രമായേക്കും
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഡൽഹി യാത്ര കെ റെയിലിലെ സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി തന്നെ. സിൽവർലൈൻ പദ്ധതിയോട് കേന്ദ്രസർക്കാരിനു രാഷ്ട്രീയമായോ അല്ലാതെയോ എതിർപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യത്തോടു പ്രധാനമന്ത്രി നരേന്ദ്ര മോദി അനുഭാവ പൂർണമായ നിലപാടാണ് എടുത്തതതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അൽപ്പം കഴിഞ്ഞപ്പോൾ രാജ്യസഭയിലെ റെയിൽ മന്ത്രിയുടെ നയപ്രഖ്യാപനം എത്തി. കെ റെയിലിനോട് ആശങ്കയാണ് കേന്ദ്രത്തിനുള്ളതെന്ന് വ്യക്തമാക്കൽ.
കെ റെയിൽ പദ്ധതിക്ക് അനുമതി തേടിയുള്ള നീക്കങ്ങളുടെ ഭാഗമായി ഇന്നലെ പാർലമെന്റ് മന്ദിരത്തിലെ ഓഫിസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായും മുഖ്യമന്ത്രി അനൗപചാരിക ചർച്ച നടത്തി. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയെയും കണ്ടു. മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയ്ക്കു ശേഷം പ്രധാനമന്ത്രി, റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി. പക്ഷേ കാര്യമായ മാറ്റമൊന്നും ഇതിന് ശേഷവും റെയിൽ മന്ത്രിയിൽ കണ്ടില്ല. ഇതോടെ മോദിയും പദ്ധതിക്ക് എതിരാണെന്ന് വ്യക്തമായി.
കേരളത്തിലെ ജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് മാേ്രതമ സിൽവർ ലൈൻ പദ്ധതി നടപ്പാക്കൂ എന്നായിരുന്നു രാജ്യസഭയിലെ റെയിൽ മന്ത്രിയുടെ പ്രഖ്യാപനം. ജനങ്ങളുടെ പ്രതിഷേധം ഞങ്ങൾ കാണുന്നുണ്ട്. ഈ പദ്ധതി വളരെ സങ്കീർണമാണ്. തിരക്കിട്ട് ഒരു തീരുമാനവും എടുക്കില്ല. നിലവിൽ സംസ്ഥാനം സമർപ്പിച്ചിരിക്കുന്ന പദ്ധതിയിൽ പാരിസ്ഥിതികവും സാമ്പത്തികവും സാങ്കേതികവുമായ പ്രശ്‌നമുണ്ട്. സംസ്ഥാനം 63,000 കോടിയാണ് പറയുന്നതെങ്കിലും ഒരു ലക്ഷം കോടിയെങ്കിലും ആവുമെന്നാണ് ഞങ്ങളുടെ കണക്ക്. സ്റ്റാൻഡാർഡ് ഗേജിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതിനാൽ അതിൽ മറ്റ് സർവീസുകൾ സാധ്യമാവില്ല. തിരക്കിട്ട് ഒരു തീരുമാനവും പാടില്ല-ഇതായിരുന്നു പിണറായിയെ ഞെട്ടിച്ച ആ പ്രഖ്യാപനം.
പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം പിണറായിക്ക് കിട്ടിയത് ചുവപ്പു കൊടിയായിരുന്നുവെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഉന്നയിച്ച മൂന്നാവശ്യത്തിലും പ്രധാനമന്ത്രി കേൾവിക്കാരനായി. കേന്ദ്രമന്ത്രി വി മുരളീധരന്റെ കെ റെയിൽ വിരുദ്ധ നീക്കത്തെ പോലും പ്രധാനമന്ത്രി തള്ളി പറഞ്ഞില്ല. അതുകൊണ്ട് തന്നെ പിണറായിക്ക് ഈ ഡൽഹി സന്ദർശനം തിരിച്ചടി മാത്രമാണ്. മോദിയിൽ നിന്നും പച്ചക്കൊടിയുമായെത്തി മുമ്പോട്ട് കുതിക്കാനുള്ള മോഹം തകരുകയാണ്.
മോദിയെ കണ്ട ശേഷം മുഖ്യമന്ത്രി പറഞ്ഞത്: 'സിൽവർലൈൻ പദ്ധതി സംബന്ധിച്ചു സർക്കാരിന്റെ ഭാഗം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. പറഞ്ഞ കാര്യങ്ങൾ പ്രധാനമന്ത്രി അതീവ താൽപര്യത്തോടെ കേട്ടു. റെയിൽവേ മന്ത്രിയുമായി സംസാരിക്കാമെന്നു പറഞ്ഞു. തികച്ചും അനുഭാവ പൂർണമായ നിലപാടാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. അതിന്റെ നന്ദി അറിയിക്കുന്നു. പദ്ധതിയുടെ ഡിപിആർ സംബന്ധിച്ചു റെയിൽവേ ബോർഡ് ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട്.
ആരെയും ദ്രോഹിച്ചു പദ്ധതി നടപ്പാക്കില്ല. ഇപ്പോൾ നടക്കുന്നത് സാമൂഹികാഘാത പഠനമാണ്. അതു കൊണ്ടു ഭൂമിയുടെ ക്രയവിക്രയത്തിനു തടസ്സമില്ല. ആരെയും കുടിയിറക്കുകയുമില്ല. അർഹതപ്പെട്ട നഷ്ടപരിഹാരം, കൃത്യമായ പുനരധിവാസം എന്നിവ ഉറപ്പുവരുത്തിയാണു പദ്ധതി നടപ്പാക്കുക. പ്രതിഷേധം എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. ഇതാണ് നമ്മുടെ നാടിന് വലിയ തോതിൽ ബാധ്യതയായത്. ദേശീയ പാത വികസനത്തിന് 25% സംസ്ഥാനം നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നത് അതു കൊണ്ടാണ്. വികസന വിരുദ്ധ വിദ്രോഹ സഖ്യമാണ് പദ്ധതിക്കെതിരെ സമരവുമായി ഇറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
പാതയുടെ ബഫർസോൺ വ്യാപ്തി സംബന്ധിച്ചു കെറെയിൽ എംഡി പറഞ്ഞതിൽക്കൂടുതൽ പറയാനില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ബഫർസോണിനു നഷ്ടപരിഹാരമില്ല. ഏറ്റെടുക്കുന്ന ഭൂമിക്കു മാത്രമേ നഷ്ടപരിഹാരം നൽകൂ. സാമൂഹികാഘാത പഠനം കഴിഞ്ഞാൽ പാതയുടെ അലൈന്മെന്റിനു മാറ്റം വരുമോ എന്നതു സംബന്ധിച്ച ചോദ്യത്തിനു താനല്ല മറുപടി പറയേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ പറയേണ്ട ചോദ്യങ്ങൾക്കെല്ലാം ഒഴിഞ്ഞു മാറി കളിച്ച് പിണറായി മുമ്പോട്ട് പോകുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രിയെ കണ്ട് കേരളത്തിലെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ബിജെപി ദേശീയ നിർവ്വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിക്കുകയും ചെയ്തു. പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഒരുഉറപ്പും നൽകിയിട്ടില്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ മന്ത്രിയുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞെന്നുമാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. കൂടിക്കാഴ്ചയ്ക്കുശേഷം റെയിൽവേമന്ത്രി രാജ്യസഭയിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സിൽവർ ലൈനിന് ഒരു കാരണവശാലും അനുമതി നൽകാനാവില്ലെന്നാണ് മന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രിയുടെ സന്ദർശനം വ്യഥാവിലായി.താൻ പറഞ്ഞതെല്ലാം പ്രധാനമന്ത്രി കേട്ടിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതൊരു മാതൃകയാണ്. ഈ മാതൃക മുഖ്യമന്ത്രിക്കും സ്വീകരിക്കാവുന്നതാണ്. എല്ലാവരോടും പ്രധാനമന്ത്രി മാന്യമായാണ് പെരുമാറാറുള്ളത്. തന്നെ സന്ദർശിക്കാൻ വരാറുള്ളവരോട് കടക്കൂപുറത്ത് എന്ന് പ്രധാനമന്ത്രി പറയാറില്ല, അത് മാതൃകയാക്കണം. പ്രധാനമന്ത്രിയുടെ പെരുമാറ്റം കൊണ്ട് മുഖ്യമന്ത്രിക്ക് തെറ്റിദ്ധാരണയുണ്ടോയെന്ന് അറിയില്ല. കേന്ദ്രകമ്മിറ്റിയിൽ പങ്കെടുക്കാൻ വന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വ്യാമോഹം. കെറെയിലിന് കേരളത്തിലെ ജനങ്ങൾ അനുകൂലമാണെന്ന് പറയുന്ന മുഖ്യമന്ത്രി റഫറണ്ടം നടത്താൻ തയ്യാറാകണം.
കെ റെയിൽ തയ്യാറാക്കുന്ന എല്ലാ പദ്ധതിയും റെയിൽവേ അംഗീകരിക്കണമെന്നില്ല. അന്തിമ അനുമതിക്കുവേണ്ടി കേന്ദ്രത്തെയും റെയിൽവേയും സമീപിക്കുമ്പോഴാണ് തീരുമാനം എടുക്കേണ്ടതെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ