- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിലിന് പച്ചക്കൊടി കാട്ടി റെയിൽവേയും; റെയിൽവേ ഭൂമിയിൽ സർവേ നടത്താനും ആവശ്യമുള്ള സ്ഥലം അടയാളപ്പെടുത്തി അതിർത്തിക്കല്ലുകൾ സ്ഥാപിക്കാനും അനുമതി നൽകിയത് ദക്ഷിണ റെയിൽവേയുടെ എതിർപ്പ് അവഗണിച്ച്; കേന്ദ്രസർക്കാർ അന്തിമ അനുമതി നൽകാൻ മടിക്കുമ്പോഴും കേരള സർക്കാർ മുന്നോട്ട്
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി കേരള സർക്കാർ മുന്നോട്ട്. അർധ അതിവേഗ തീവണ്ടിപ്പാതയായ സിൽവർലൈന് റെയിൽവേ ഭൂമി വിട്ടുകൊടുക്കാനുള്ള റെയിൽവേ ബോർഡ് തീരുമാനം ദക്ഷിണ റെയിൽവേയുടെ എതിർപ്പ് അവഗണിച്ച്. ഭാവിയിലെ റെയിൽവേ വികസനത്തിന് സ്ഥലം ആവശ്യമായതിനാലാണ് സ്ഥലം കൈമാറുന്നതിനെ ദക്ഷിണറെയിൽവേ അധികൃതർ എതിർത്തിരുന്നത്.
റെയിൽവേ ഭൂമിയിൽ സർവേ നടത്താനും ആവശ്യമുള്ള സ്ഥലം അടയാളപ്പെടുത്തി അതിർത്തിക്കല്ലുകൾ സ്ഥാപിക്കാനുമാണ് അനുമതി നൽകിയിട്ടുള്ളത്. ഇതുസംബന്ധിച്ച് റെയിൽവേ ഉത്തരവിറക്കുകയും ചെയ്തു. കെ-റെയിൽ ഉദ്യോഗസ്ഥർക്കൊപ്പം സർവേയിൽ പങ്കെടുക്കാൻ റെയിൽവേ ഉദ്യോഗസ്ഥർക്കും നിർദ്ദേശംനൽകി. സർവേ നടപടികൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കും.
457 ഏക്കർ റെയിൽവേ ഭൂമിയാണ് പദ്ധതിക്കുവേണ്ടത്. തിരൂർ മുതൽ കാസർകോടുവരെ നിലവിലെ റെയിൽവേ പാളത്തിന് സമാന്തരമായിട്ടാണ് അർധ അതിവേഗ തീവണ്ടിപ്പാത കടന്നുപോകുന്നത്. കൊച്ചുവേളി, കഴക്കൂട്ടം, മുരുക്കുംപുഴ ഭാഗങ്ങളിലും കോട്ടയത്തും ഇതേരീതിയിൽ സിൽവർലൈൻ റെയിൽപ്പാതയുമായി അടുപ്പം പാലിക്കുന്നുണ്ട്. ഭാവിയിലെ റെയിൽവേ വികസനത്തിന് ആവശ്യമില്ലാത്തതും സിൽവർലൈനിന് ആവശ്യമുള്ളതുമായ ഭൂമിയാണ് തിട്ടപ്പെടുത്തുന്നത്. നിലവിലെ റെയിൽപ്പാതയെ കെ-റെയിൽ മുറിച്ചുകടക്കുന്നുമുണ്ട്.
സംസ്ഥാനത്തെ റെയിൽവേ വികസനത്തിന്റെ നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോൾ കെ-റെയിലിന് ഭൂമി വിട്ടുകൊടുക്കുന്നതിന് വലിയ തടസ്സമുണ്ടാകില്ല. തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽപ്പാതയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ അതിരടയാളക്കല്ല് സ്ഥാപിക്കാനാണ് തീരുമാനം. കെ റെയിലുമായി ബന്ധപ്പെട്ട് ധനസഹായം നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ മടിച്ചുനിൽക്കുമ്പോഴും റെയിൽവേയുമായുള്ള സഹകരണം സംസ്ഥാന സർക്കാർ മുന്നോട്ടു കൊണ്ടുപോവുകയാണ്.
അതേസമയം കെ റെയിൽ പാത നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേയുടെ അനുമതി കിട്ടിയെന്ന തരത്തിലുള്ള വാദം അടിസ്ഥാന രഹിതമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. തിരൂരിൽ നിന്ന് കാസർകോട് വരെ നിലവിലുള്ള റെയിൽവേ ലൈനിന്റെ സമീപത്തുകൂടി റെയിൽവേ വക സ്ഥലമേറ്റെടുത്തു പാത നിർമ്മിക്കാനാണ് കെ റെയിൽ ഉദ്യോഗസ്ഥന്മാർ അലൈന്മെന്റ് ഉണ്ടാക്കിയിരിക്കുന്നത്. റെയിൽവേയുടെ അനുവാദമില്ലാതെ ഏകപക്ഷീയമായി സംസ്ഥാന സർക്കാർ അലൈന്മെന്റ് ഉണ്ടാക്കി അതിന്റെ അംഗീകാരത്തിനായി സംസ്ഥാന ചീഫ് സെക്രട്ടറിയും കെ റെയിൽ ഉദ്യോഗസ്ഥന്മാരും റെയിൽവേ മന്ത്രിയെ സമീപിച്ചിരിക്കുകയാണ്.
സാധാരണഗതിയിൽ റെയിൽവേ സ്ഥലത്തുകൂടി ഇത്തരമൊരു പാത നിർമ്മിക്കുന്നതിന് റെയിൽവേ ബോർഡിൽ നിന്നു മുൻകൂർ അനുവാദം വാങ്ങിയിരിക്കണമെന്നാണു നിയമം. മാത്രവുമല്ല, അലൈന്മെന്റ് സംബന്ധിച്ചു സർവേ നടത്തുമ്പോൾ റെയിൽവേ മന്ത്രാലയത്തിലെ എഞ്ചിനീയറിങ് വിഭാഗം ഉദ്യോഗസ്ഥന്മാരുടെ സാന്നിദ്ധ്യം ഉണ്ടാകണമായിരുന്നു. ഇത്തരം നടപടികൾ പാലിക്കാതെ കെ റെയിൽ ഉദ്യോഗസ്ഥന്മാർ കൺസൾട്ടൻസി ഏജൻസികളെ വച്ച് സർവേ നടത്തുകയാണ് ചെയ്തതെന്നും കൊടിക്കുന്നിൽ സുരേഷ് സമൂഹമാധ്യമത്തിലെ കുറിപ്പിൽ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ