ന്യൂഡൽഹി: സംസ്ഥാന സർക്കാർ സ്വപ്‌ന പദ്ധതിയെന്ന് അവകാശപ്പെടുന്ന കെ റെയിൽ പദ്ധതിക്കെതിരെ സാധ്യതാപഠനം നടത്തിയ സംഘത്തലവൻ അലോക് വർമ്മ. പദ്ധതിയുടെ രൂപരേഖ തന്നെ കെട്ടുകഥയാണെന്ന് അലോക് വർമ്മ വ്യക്തമക്കി. പ്രളയ, ഭൂകമ്പ സാധ്യത, ഭൂപ്രകൃതി, ഭൂഘടന, നീരൊഴുക്ക് തുടങ്ങിയവയൊന്നും പദ്ധതിയുടെ രൂപരേഖയിലില്ല. ബദൽ അലൈമെന്റിനെ കുറിച്ച് പഠിക്കാതെയാണ് പാത കടന്നു പോകുന്നതെന്നും അലോക് വർമ പറഞ്ഞു. മാതൃഭൂമി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കെ റെയിൽ പദ്ധതിക്കെതിരെ അലോക് വർമ രംഗത്തുവന്നത്.

സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായി കാണുന്ന കെ- റെയിലിന്റെ സമഗ്ര പദ്ധതി രൂപരേഖ കെട്ടുകഥയാണെന്ന് വെളിപ്പെടുത്തൽ. കെ റെയിലിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവൻ അലോക് വർമയുടേതാണ് വെളിപ്പെടുത്തൽസ്റ്റേഷനുകളും മറ്റും തീരുമാനിച്ചതും കൃത്രിമ ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) വച്ചാണ്. സ്റ്റാൻഡേർഡ് ഗേജ് മതിയോ ബ്രോഡ്ഗേജ് വേണോ എന്ന് ആദ്യം റെയിൽവേ ബോർഡാണ് തീരുമാനിക്കേണ്ടത്. പദ്ധതിരേഖ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. റെയിൽവേ പാത, ഡിസൈൻ, നിർമ്മാണം തുടങ്ങിയ മേഖലയിൽ ഇന്ത്യൻ റെയിൽവേയിൽ വർഷങ്ങളോളം പ്രവർത്തന പരിചയമുള്ള ആളാണ് അലോക് വർമ.

കൃത്രിമമായി കെട്ടിപ്പടുത്ത ഒരു രേഖയാണ് പദ്ധതിയുടെ ഡിപിആർ എന്ന പേരിൽ റെയിൽവേ ബോർഡിന് മുമ്പിൽ വെച്ചിട്ടുള്ളത്. കേരളത്തിന് വേണ്ടി നേരത്തെ ഡിഎംആർസി തയ്യാറാക്കിയ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ടിന്റെ ഏകദേശ രൂപം കോപ്പിയടിച്ചാണ് കെ റെയിലിന് വേണ്ടി കൊടുത്തിട്ടുള്ളത്. യാത്രക്കാരുടെ എണ്ണം കൂട്ടിചേർത്തിരിക്കുകയാണ്. സ്റ്റേഷനുകൾ ക്രമീകരിച്ചതിലും വലിയ പിഴവാണ് വരുത്തിയിട്ടുള്ളത്. നഗരങ്ങളെ ഒഴിവാക്കി ഇടനാടുകളിലാണ് സ്റ്റേഷനുകൾ നൽകിയിരിക്കുന്നത്. ഡിപിആറിൽ 80 ശതമാനം മണ്ണിട്ട് നികത്തിയ പാതയിലൂടെ ഓടിക്കുമെന്നാണ് പറയുന്നത്. ഭൂപ്രകൃതിയും പ്രളയസാധ്യതയും ഒന്നും പഠിക്കാതെ ഇങ്ങനെ ചെയ്യുന്നത്. ലീഡാർ സർവ്വേ ഡാറ്റ ഉപയോഗിച്ച് കൃത്രിമമായി കെട്ടിചമച്ചതാണ് പദ്ധതിയെന്നും അലോക് വർമ ചൂണ്ടിക്കാട്ടുന്നു.

കെ- റെയിൽ പദ്ധതിയുടെ മറവിൽ വലിയ തോതിലുള്ള റിയൽ എസ്റ്റേറ്റ് കച്ചവടമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ മനസ്സിലുള്ളതെന്നാണ് അലോക് വർമ സൂചിപ്പിക്കുന്നത്. അതേസമയം ആരൊക്കെ എതിർത്താലും കെ.റെയിൽ പദ്ധതി നടപ്പാക്കുമെന്നാണ് എൽഡിഎഫിന്റെ തീരുമാനം. മൂന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ട് എത്താൻ കഴിയുന്ന അതിവേഗ റെയിലെന്ന വൻ വികസന പദ്ധതി തകർക്കാൻ യു.ഡി.എഫും ബിജെപിയും ഒന്നിച്ചിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി അടക്കം ഇടതു മുന്നണി നേതാക്കളുടെ ആരോപണം.

വർഷങ്ങളായി പണി ഇഴഞ്ഞു നീങ്ങുന്ന നിലവിലുള്ള റെയിൽ പാത ഇരട്ടിപ്പിക്കൽ ഒന്ന് പൂർത്തിയാക്കിയിട്ട് പോരേ കോടികൾ മുതൽ മുടക്കുള്ളതും നഷ്ടം ഉറപ്പുള്ളതുമായ പദ്ധതിയെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ചോദ്യം. മനുഷ്യ ചങ്ങലയും കല്ലു പിഴുതെടുക്കലും കഴിഞ്ഞ് പുതിയ സമരമുറകൾ യു.ഡി.എഫ് പരീക്ഷിക്കുമ്പോൾ ഇതൊക്കെ എത്ര കണ്ടിട്ടുണ്ടെന്ന മട്ടിലാണ് ഇടതു മുന്നണിയുടെ നിൽപ്പ്.അവസാന അലൈന്മെന്റ് ഇതുവരെ ആയിട്ടില്ല. ആരുടെയയൊക്കെ സ്ഥലം നഷ്ടപ്പെടുമെന്ന് പറയാറായിട്ടില്ല. എങ്കിലും നാട്ടകം, മാടപ്പള്ളി, നട്ടാശേരി, വെള്ളുത്തുരുത്തി ,കൊല്ലാട് തുടങ്ങി അതിവേഗ പാത കടന്നുപോകുമെന്നു കരുതുന്ന സ്ഥലങ്ങളിലെല്ലാം സ്ഥലം നഷ്ടപ്പെടുമെന്ന കരുതുന്നവരുടെ പ്രതിഷേധം ശക്തമാണ് . ആകാശ സർവേ നടത്തി , ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ മാപ്പായി.

ഇനി കല്ലു പിഴുതെടുത്തതുകൊണ്ട് കാര്യമുണ്ടോ എന്നാണ് കെ.റെറയിലിനായി വാദിക്കുന്ന ഇടതു നേതാക്കളുടെ ചോദ്യം.അതിവേഗ റെയിൽ പദ്ധതി ലാഭകരമല്ലാത്തതിനാൽ ഉപേക്ഷിക്കണമെന്നാവശ്യപ്പെടുന്ന ഹർജികൾ, സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാനാവില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി തള്ളിയിരുന്നു. ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ നഷ്ടപരിഹാരവും പുനരധിവാസവും നിയമപ്രകാരം നൽകണമെന്നും നിർദ്ദേശിച്ചിരുന്നു. സർക്കാരിന്റെ നയതീരുമാനങ്ങളുടെ ഔചിത്യവും മേന്മയും പരിശോധിക്കാൻ കോടതിക്ക് കഴിയില്ല.

ചട്ടവും നിയമവും പാലിച്ചിട്ടുണ്ടോയെന്നും മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നുമാണ് പരിശോധിക്കാനാവുക. നയങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് പദ്ധതി കൂടുതൽ മെച്ചപ്പെടുത്തണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ് എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ട സാഹചര്യത്തിൽ സ്ഥലം ഏറ്റെടുക്കലിൽ കോടതി ഇടപെടൽ ഉണ്ടാകുമോ എന്നറിയില്ല.യു.ഡി.എഫ് ഭരണ കാലത്ത് തിരുവനന്തപുരം മുതൽ കാസർകോട് വരെ എക്‌സ് പ്രസ് ഹൈവേ എന്ന പേരിൽ അതിവേഗ പാത നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. എക്‌സ് പ്രസ് ഹൈവേ കേരളത്തെ രണ്ടാക്കുമെന്ന് പ്രചാരണം നടത്തി പദ്ധതിക്ക് ടോർപ്പഡോ വെച്ചത് ഇടതു മുന്നണി നേതാക്കളായിരുന്നു. ഇതിന്റെ മറ്റൊരു പതിപ്പാണ് അതിവേഗ പാത. ഇത് കേരളത്തെ രണ്ടായി മുറിക്കുമെന്നാണ് യു.ഡി.എഫ് ആരോപണം.