- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ പദ്ധതിയിൽ ആശങ്ക അറിയിച്ച് സിപിഎം നേതാക്കൾ; എത്ര രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന ചോദ്യത്തിന് കെ റെയിൽ എംഡിക്കും ഉത്തരം മുട്ടി; പദ്ധതിക്കായുള്ള പാറ പൊട്ടിക്കൽ ചോദ്യത്തിനും ഉത്തരമില്ല; നഷ്ടപരിഹാര പാക്കേജിലെ ആശങ്ക പരിഹരിക്കണമെന്ന ആവശ്യവുമായി കൂടുതൽ നേതാക്കൾ
പത്തനംതിട്ട: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഎ നേതാക്കളുടെ ആശങ്കകൾക്ക് പോലും വ്യക്തമായ ഉത്തരം നൽകാൻ സാധിക്കാതെ കെ റെയിൽ. കെ റെയിലിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരത്തുക, പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം എന്നിവ സംബന്ധിച്ച് ആശങ്കകൾ അറിയിച്ച് സിപിഎം നേതാക്കൾ രംഗത്തുവന്നു. പത്തനംതിട്ടയിൽ നടന്ന യോഗത്തിലാണ് ഈ ആശങ്ക ഉയർന്നു വന്നത്. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വീണാ ജോർജ് എന്നിവർ പങ്കെടുത്ത വിശദീകരണ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം പീലിപ്പോസ് തോമസാണ് നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. എത്ര രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന ചോദ്യത്തിന് കെ റെയിൽ എംഡി വി.അജിത്കുമാറിനു വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.
വിപണി വിലയുടെ രണ്ടിരട്ടി നഗരപ്രദേശത്തും നാലിരട്ടി ഗ്രാമപ്രദേശത്തും ലഭിക്കുമെന്ന് മറുപടി നൽകിയെങ്കിലും അത് എത്രയെന്നു പറയണമെന്നു പീലിപ്പോസ് തോമസ് വീണ്ടും ആവശ്യപ്പെട്ടു. വില സംബന്ധിച്ചു തീരുമാനം എടുക്കേണ്ടത് റവന്യു വകുപ്പാണെന്നു മറുപടി നൽകി അടുത്ത ചോദ്യത്തിലേക്കു പോകാൻ എംഡി ശ്രമിച്ചെങ്കിലും പീലിപ്പോസ് തോമസ് ചോദ്യങ്ങൾ തുടർന്നു. ഒടുവിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇടപെട്ട് നഷ്ടപരിഹാരത്തുക സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പു നൽകിയ കാര്യം വിശദീകരിച്ച് അടുത്ത ചോദ്യത്തിലേക്കു നീങ്ങി.
നിർമ്മാണത്തിന് പാറ പൊട്ടിക്കുന്നതു വഴി പശ്ചിമഘട്ടത്തിനുണ്ടാകുന്ന മാറ്റങ്ങൾ സംബന്ധിച്ച് വ്യക്തമായ വിശദീകരണം ജനങ്ങൾക്കു നൽകണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.സനൽകുമാർ ആവശ്യപ്പെട്ടു. ഒരു സ്റ്റോപ്പ് പോലുമില്ലാതെ ജില്ലയിലൂടെ റെയിൽ പാത കടന്നു പോകുന്നതിനെ സിപിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം എൻ.രാജീവ് വിമർശിച്ചു. ആലപ്പുഴ ജില്ലയിലെ മുളക്കുഴയിലെ സ്റ്റോപ് പത്തനംതിട്ട ജില്ലയിൽ വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇത് പദ്ധതിയുടെ ചെലവ് വർധിപ്പിക്കുമെന്നും ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും എംഡി മറുപടി നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ പ്രോജക്ട് റിപ്പോർട്ട് പുറത്തുവിടാത്തത് എന്തെന്ന ചോദ്യത്തിന് അന്തിമ അനുമതിക്ക് മുൻപ് അത്തരം വിവരങ്ങൾ പുറത്തുവിടാറില്ലെന്നും എംഡി പറഞ്ഞു.
കെ െറയിലുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് സംബന്ധിച്ചു ജനങ്ങളുടെ ആശങ്ക എങ്ങനെ പരിഹരിക്കുമെന്ന് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ചോദിച്ചു. അദാനി പോർട്ടുമായി ബന്ധപ്പെട്ടു വിഴിഞ്ഞത്ത് പാറക്കല്ലുകൾ അടുക്കിയപ്പോൾ പ്രകൃതിക്കുണ്ടായ മാറ്റം കെ റെയിലിന്റെ കാര്യത്തിലും ബാധകമല്ലേയെന്നും അദ്ദേഹം ചോദിച്ചു. പദ്ധതിക്ക് ആവശ്യമായ കല്ലുകൾ കേരളത്തിനു പുറത്ത് നിന്ന് റെയിൽ മാർഗം കൊണ്ടുവരുമെന്നായിരുന്നു എംഡിയുടെ വിശദീകരണം. ക്ഷണിക്കപ്പെട്ട അതിഥികൾക്കായിരുന്നു വിശദീകരണ യോഗത്തിൽ പ്രവേശനം.
അതേസമയം കെ-റെയിലിനായി ഭൂമി വിട്ടുനൽകുന്ന ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സിൽവർ ലൈനിനെതിരേ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടത്തുന്നത്. 64000 കോടി രൂപ മാത്രമാണ് പദ്ധതിക്കു ചെലവാകുന്നത്. ഇത് ഒരു ലക്ഷം കോടി കടക്കുമെന്നു പറയുന്നത് വ്യാജമാണ്. കെ-റെയിലിനായി സ്ഥലമേറ്റെടുക്കുമ്പോൾ എത്ര കെട്ടിടങ്ങളെ ബാധിക്കുമെന്നു കണക്കാക്കിയിട്ടുണ്ട്. ഇവർക്ക് ആശ്വാസകരമായ പുനരധിവാസ പാക്കേജാണ് തയ്യാറാക്കിയിട്ടുള്ളത്. വീട് നഷ്ടമാകുന്നവർക്ക് നഷ്ടപരിഹാരത്തിനു പുറമേ വീടോ പണമോ നൽകും. കാലിത്തൊഴുത്ത്, വാണിജ്യസ്ഥാപനങ്ങൾ, വാടകക്കെട്ടിടത്തിലെ വാണിജ്യസ്ഥാപനം, വാസസ്ഥലം നഷ്ടമാകുന്ന വാടകക്കാർ, സ്വയംതൊഴിൽ നഷ്ടമാകുന്നവർ, പുറമ്പോക്ക് കച്ചവടക്കാർ, ഒഴിപ്പിക്കപ്പെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവർക്കെല്ലാം നഷ്ടപരിഹാരം ലഭിക്കും.
1383 ഹെക്ടർ സ്ഥലമാണ് കെ-റെയിലിനായി ഏറ്റെടുക്കേണ്ടിവരുന്നത്. 13362.32 ലക്ഷം രൂപയാണ് സ്ഥലമേറ്റെടുക്കുന്നതിന്റെ ചെലവ്. കെ-റെയിൽ ആരംഭിക്കുമ്പോൾ പ്രതിദിനം ഒരു ലക്ഷം യാത്രക്കാരുണ്ടാകും. 2025-ൽ ഇത് ഒന്നേകാൽ ലക്ഷവും 2040-ൽ ഒന്നേ മുക്കാൽ ലക്ഷവുമാകും. 2025-26 വർഷം വരുമാനം 2513 കോടിയും 2031-32 വർഷം 4878 കോടിയുമായിരിക്കും കെ-റെയിലിൽനിന്നു ലഭിക്കുന്ന വരുമാനം.
സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തെ നവകേരളമാക്കി മാറ്റുന്നതാണ്. കാർഷിക-വ്യാവസായിക മേഖലകളിലെ ദൗർബല്യങ്ങൾ പരിഹിക്കാൻ പശ്ചാത്തലസൗകര്യ വികസനം ആവശ്യമാണ്. വ്യവസായ, ടൂറിസം മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് കെ-റെയിൽ വരുന്നത്. ഇത് വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കത്തിനു സഹായിക്കും. കേരളത്തിന്റെ സമ്പദ്ഘടനയ്ക്കു വേഗം കൂട്ടാൻ കെ-റെയിൽ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ