- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേഗത കൂടിയ ട്രെയിൻ വേണം എന്നത് ന്യായമായ ആവശ്യം; ജനങ്ങളെ കുടിയൊഴുപ്പിച്ചുള്ള ഒരു പദ്ധതി നല്ലതല്ല; സിൽവർലൈൻ പദ്ധതിക്ക് ബദൽ വയ്ക്കാൻ മോദി സർക്കാർ; കുറഞ്ഞ സമയത്തിൽ വേഗത്തിൽ എത്തുന്ന തീവണ്ടിയെത്തിച്ച് കേരളം പിടിക്കാനുള്ള തന്ത്രമൊരുക്കാൻ ബിജെപി? സിൽവർലൈൻ അംഗീകരിക്കില്ലെന്നും വ്യക്തം; ആ ബദൽ റെയിൽവേയുടെ പരിഗണനയിൽ
ന്യൂഡൽഹി: വിവാദങ്ങളിൽ കുരുങ്ങിയ സിൽവർ ലൈൻ പദ്ധതിക്ക് പകരം കേരളത്തിൽ റെയിൽവേ വികസനത്തിന് ബദൽ പദ്ധതി ഒരുക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ. ഇക്കാര്യം മുൻനിർത്തി കേരളത്തിൽ നിന്നുള്ള ബിജെപി സംഘം കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സഹമന്ത്രി വി.മുരളീധരനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കെ-റെയിൽ ബദൽ പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന ആവശ്യമാണ് യോഗത്തിൽ ബിജെപി നേതാക്കൾ പ്രധാനമായും മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ എംപിമാരുമായി കൂടിയാലോചിക്കാമെന്നാണ് റെയിൽവേ മന്ത്രി ഉറപ്പ് നൽകി. കേരളത്തിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കുന്ന തരത്തിലുള്ള പഠനം കേന്ദ്രം നടത്തിയിട്ടുണ്ടെന്നും ഇത്തരം ബദൽമാർഗം കേരള എംപിമാരുടെ മുന്നിൽ അവതരിപ്പിക്കുമെന്നും റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വി മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരള സർക്കാർ നിർദേശിച്ച സിൽവൻ ലൈൻ പദ്ധതി നടപ്പാക്കരുതെന്നാണ് ബിജെപിയുടെ രാഷ്ട്രീയ നിലപാട്. പദ്ധതിക്ക് സാങ്കേതികമായും സാമ്പത്തികമായും പ്രായോഗിക ഇല്ലെന്നാണ് ബിജെപിയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തുനിന്നുള്ള ബിജെപി പ്രതിനിധി സംഘം റെയിൽവേ മന്ത്രിയെ കണ്ടത്. നിലവിൽ റെയിൽവേ മന്ത്രാലയം കേരളത്തിൽ നടത്തിയ പഠനങ്ങൾ സംബന്ധിച്ചുള്ള തുടർചർച്ചകളായിരിക്കും സംസ്ഥാനത്തെ എംപിമാരുമായി ചർച്ച ചെയ്യുക. ഈ സഭാസമ്മേളന കാലയളവിൽ തന്നെ ഈ നിർണായക കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം.
വേഗത കൂടിയ ട്രെയിൻ വേണം എന്നത് ന്യായമായ ആവശ്യം.പക്ഷെ ജനങ്ങളെ കുടിയൊഴുപ്പിച്ചുള്ള ഒരു പദ്ധതി നല്ലതല്ല.പകരം സംവിധാനം എങ്ങനെ എന്ന് റെയിൽവെ വ്യക്തമാക്കും.സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ മോദി സർക്കാർ തയ്യാറല്ല. സിൽവർ ലൈനിലെ പോലെ കുടിയൊഴുപ്പിക്കൽ ബദൽ പദ്ധതിയിൽ ഉണ്ടാകില്ല.കുറഞ്ഞ സമയത്തിൽ വേഗത്തിൽ എത്തുന്നതാകും പദ്ധതിയെന്നും വി മുരളീധരൻ വ്യക്തമാക്കി.
കെ റെയിൽ അശാസ്ത്രിയമാണ്. പദ്ധതിക്ക് ബദലായിട്ട് നിർദ്ദേശങ്ങൾ ഉണ്ടാകണം എന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചു.ഇതിനായി പാർലമെന്റ് അംഗങ്ങളുടെ യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ടുവെന്നും വി മുരളീധരൻ പറഞ്ഞു
നേമം ടെർമിനൽ പണി അവസാനിപ്പിച്ചു എന്ന റിപ്പോർട്ട് വന്നിരുന്നു. എന്നാൽ പദ്ധതി കേരളത്തിന്റെ വികസനത്തിൽ പ്രധാനപ്പെട്ടതാണ്. പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി.
ടെർമിനലിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറക്കാമെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പ് നൽകിയതായും കേന്ദ്ര മന്ത്രി ഡൽഹിയിൽ പറഞ്ഞു. പദ്ധതി ഉപേക്ഷിക്കാൻ പോകുന്നു എന്ന തരത്തിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ വ്യക്തമാക്കി.
സിൽവർ ലൈനിനായി കേരള സർക്കാർ തയ്യാറാക്കിയിരിക്കുന്ന ഡിപിആർ അശാസ്ത്രീയവും പാരിസ്ഥിതിക ദോഷം ഉണ്ടാക്കുന്നതുമാണ്. അത് സാമ്പത്തികമായി നിലനിൽക്കാത്ത പദ്ധതിയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾക്ക് വേഗത കൂടിയ റെയിൽ സംവിധാനം ലഭ്യമാക്കാനുള്ള ബദൽ നിർദ്ദേശങ്ങൾ ആരായണം എന്ന കാര്യം കേന്ദ്ര റെയിൽ മന്ത്രിയോട് ആവശ്യപ്പെട്ടതായും വി മുരളീധരൻ പറഞ്ഞു. റെയിൽവേ മന്ത്രി ഇതിനോട് പൂർണ്ണമായും യോജിച്ചതായും അദ്ദേഹം അറിയിച്ചു.
കെ റെയിൽ അശാസ്ത്രീയമാണെങ്കിലും അതിന്റെ പേരിൽ കേരളത്തിലെ റെയിൽവേ വികസനം തടസ്സപ്പെടില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ റെയിൽവേ നടത്തിയിട്ടുണ്ട്. അതിവേഗ യാത്ര സാധ്യമാകുംവിധം സിൽവർ ലൈൻ പദ്ധതിക്ക് ബദൽ ഒരുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പദ്ധതി സാധ്യമായാൽ തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഇന്ത്യയിലെ മറ്റ് റെയിൽവേ പദ്ധതിയുടെ ഡി പി ആറിനേക്കാളും വിശദാംശങ്ങൾ അടങ്ങിയതാണ് സിൽവർലൈൻ ഡി പി ആറെന്ന അവകാശവാദവുമായി കെ റെയിൽ കമ്പനി രംഗത്തെത്തിയിരുന്നു. ഒരു ഡിപിആർ തയ്യാറാക്കുമ്പോൾ പാലിക്കണ്ട എല്ലാ മാനദണ്ഡങ്ങളും കെ റെയിൽ പാലിച്ചിട്ടുണ്ടെന്നും ഡിപിആർ, സർവ്വേ റിപ്പോർട്ടുകൾ തുടങ്ങിയവയെല്ലാം പബ്ലിക് ഡൊമെയ്നിൽ ലഭ്യമാണെന്നും അതെല്ലാം ആർക്കുവേണമെങ്കിലും പരിശോധിക്കാവുന്നതുമാണെന്നും കെ-റെയിൽ ഉപദേഷ്ടാവും ഇന്ത്യൻ റെയിൽവേയുടെ റിട്ടയേർഡ് അഡീഷണൽ ജനറൽ മാനേജറുമായ എസ് വിജയകുമാരൻ വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്