- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാണോ സർക്കാർ? ഇങ്ങനെയാണോ ഭൂമി ഏറ്റെടുക്കുന്നത്? ഇറക്കി വിട്ടാൽ ഞങ്ങൾ എങ്ങോട്ടുപോകും? കെ റെയിലിന് ഭൂമി ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ചങ്കുപൊട്ടി ചാത്തന്നൂരിലെ ജനങ്ങൾ; മരിച്ചാലും പിറന്ന മണ്ണ് വിട്ടുപോകില്ലെന്നും പ്രഖ്യാപനം; വീടൊഴിഞ്ഞു കൊടുക്കില്ലെന്ന വാശിയിൽ നാട്ടുകാർ
കൊല്ലം: 'പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ഞങ്ങളുടെ തലയിൽ കൂടിയാണോ അതിവേഗ ട്രെയിൻ ഓടിക്കുന്നത്!' കെ റെയിലിന് സ്ഥലമേറ്റെടുപ്പിന് എത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ വികാരനിർഭരമായ രംഗങ്ങൾ. ഗേറ്റ് അടച്ചു പൂട്ടിയ ശേഷം മതിൽക്കെട്ടിനുള്ളിൽ നിന്നാണ് വീട്ടമ്മ അധികൃതർക്ക് മുന്നിൽ നെഞ്ചുപൊട്ടി കരഞ്ഞത്. യാതൊരു മുന്നറിയിപ്പുമില്ലാതെ, നോട്ടീസ് പോലും നൽകാതെ കെ റെയിലിന് കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ ചാത്തന്നൂരിലെ സ്ത്രീകൾ അടക്കമുള്ള പ്രദേശവാസികൾ തടഞ്ഞു. ഗേറ്റ് പൂട്ടി കെ റെയിൽ അധികൃതരെ വീട്ടുവളപ്പിലേക്കു കടക്കാൻ അനുവദിക്കാതെ നിലയുറപ്പിച്ച പ്രതിഷേധക്കാരെ മതിൽ ചാടിക്കടന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
തങ്ങളുടെ വീടിന് പിന്നിൽ കല്ലിട്ടുപോയ ഉദ്യോഗസ്ഥരോട് സങ്കടം പറയുന്ന സ്ത്രീയുടെ വീഡിയോ ഏറെ വൈറലായിരുന്നു. സ്ഥലം ഏറ്റെടുക്കുമ്പോൾ ഇവരുടെ വീട് പൂർണമായും നഷ്ടപ്പെടും. എന്നാൽ പകരം സ്ഥലം നൽകുന്നതിനോ നഷ്ടപരിഹാരം നൽകുന്നതിനോ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. സ്ഥലം ഏറ്റെടുത്താൽ എവിടെ പോകുമെന്ന് ഞങ്ങൾക്കറിയില്ല, കിടപ്പാടം പോകുമോ എന്ന് പേടിച്ച് ദിവസങ്ങളായി ഉറക്കമില്ല. ഇതൊരു മര്യാദയാണോ? ഇതാണോ സർക്കാർ? അവർ ചോദിക്കുന്നു.
പ്രതിഷേധം മൂലം കല്ലിടൽ ജോലി മണിക്കൂറുകളോളം തടസ്സപ്പെട്ടു. കെ റെയിൽ വിരുദ്ധ ജനകീയ സമിതി ഭാരവാഹികളും നാട്ടുകാരുമായി 11 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ വൈകിട്ട് ജാമ്യത്തിൽ വിട്ടു. ഇന്നലെ രാവിലെ ചാത്തന്നൂർ തോടിനു സമീപം ഏതാനും സ്ഥലങ്ങളിൽ കല്ലിട്ട ശേഷം കിണർ മുക്കിനു സമീപം എത്തിയപ്പോഴാണ് ശക്തമായ പ്രതിഷേധം ഉയർന്നത്. വളപ്പിലേക്കു കടക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞു പ്രതിഷേധക്കാർ നിലയുറപ്പിച്ചു. ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ പുറത്തു പൊലീസ് സംഘം കാവൽ നിന്നു.
കെ റെയിൽ അധികൃതർ അലൈന്മെന്റ് നിർണയിക്കാൻ ചുറ്റുമതിലിന്റെ സമീപം എത്തിയതോടെ മുദ്രാവാക്യം വിളികളോടെ ശക്തമായ എതിർപ്പുയർത്തി. ചാത്തന്നൂർ എസിപി ഗോപകുമാറും എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും വീട്ടുവളപ്പിൽ കടന്നു കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. വനിതാ പൊലീസ് ഉൾപ്പെടെ കൂടുതൽ പൊലീസ് സംഘവും ഡപ്യൂട്ടി കലക്ടർ റോയി കുമാറും സ്ഥലത്തെത്തി. ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല.
ഡപ്യൂട്ടി കലക്ടർ സമരസമിതി ഭാരവാഹികളും വീട്ടുകാരുമായി അനുനയച്ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ നിലപാടിൽ ഉറച്ചു നിന്നു. ഇതോടെ അറസ്റ്റ് ചെയ്യുമെന്നു പൊലീസ് വ്യക്തമാക്കി. വനിതാ പൊലീസ് ഉൾപ്പെടെയുള്ള സംഘം ഗേറ്റും മതിലും ചാടിക്കടന്നു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ഈ സമയം തന്നെ അലൈന്മെന്റ് നിശ്ചയിച്ചു കല്ലിടൽ നടത്തി. കെ റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ രക്ഷാധികാരി ഷൈല കെ.ജോൺ, കൺവീനർ ബി.രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.പി.പ്രശാന്ത് കുമാർ, കെ.മഹേഷ്, ഷെറഫ് കുണ്ടറ, ഫ്രാൻസിസ്, ട്വിങ്കിൾ പ്രഭാകരൻ, ഉഷാകുമാരി, എൻ.ശശിധരൻ, ജോൺസൺ രാഹുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ വൈകിട്ട് വിട്ടയച്ചു
അതിവേഗ പാത ഇങ്ങനെ
കെ റെയിൽ അതിവേഗ പാതയിൽ രണ്ടു ലൈനുകൾ ഉണ്ടാകും. ഓരോ പാതയ്ക്കും 1.43 മീറ്റർ വീതിയുണ്ടാകും. ഭൂനിരപ്പിൽ നിന്ന് 8 മുതൽ 20 മീറ്റർ വരെ താഴ്ചയിൽ പോകുന്ന സ്ഥലങ്ങൾ കട്ട് ആൻഡ് കവർ പാതയായിരിക്കും. പാത കടന്നു പോകുന്ന ഭാഗം മുറിച്ചു മാറ്റിയ ശേഷം കോൺക്രീറ്റ് ചെയ്തു ടണൽ നിർമ്മിച്ചു മുകളിൽ മണ്ണ് നിറയ്ക്കുന്നതാണ് രീതി. ജില്ലാ അതിർത്തിയിൽ നാവായിക്കുളത്തിനു സമീപം 36 മീറ്ററും പള്ളിക്കലിനു സമീപം 40 മീറ്ററും താഴ്ചയിൽ ടണലിലൂടെയാണ് അതിവേഗ പാത കടന്നു പോകുന്നത്. കുണ്ടറ സിറാമിക്സിനു സമീപവും 23 മീറ്റർ താഴ്ചയിൽ ടണലിലൂടെ അതിവേഗ പാത കടന്നു പോകും.
ദേശീയപാതയിൽ ചാത്തന്നൂർ സ്പിന്നിങ് മില്ലിനു സമീപം 13.8 മീറ്റർ ആഴത്തിലും മൈലക്കാട് ഇറക്കത്ത് 11.45 മീറ്റർ ഉയരത്തിലും കൊട്ടിയം-കുണ്ടറ റോഡിൽ 9.33 മീറ്റർ താഴ്ചയിലും പാത കടന്നു പോകും. ചാത്തന്നൂർ- ചിറക്കര റോഡിൽ 4.69 മീറ്റർ ഉയരത്തിലാണ് പാത വരുന്നത്. പരവൂർ- ചാത്തന്നൂർ റോഡ് അതിവേഗ റെയിൽപാതയ്ക്കു മുകളിലൂടെ കടന്നു പോകും.
മറുനാടന് മലയാളി ബ്യൂറോ