കണ്ണൂർ: കനത്ത പ്രതിഷേധങ്ങൾക്കിടെയിലും മുഖ്യമന്ത്രിയുടെ നാടായ കണ്ണുരിൽ കെ.റെയിൽ കോർപറേഷന്റെ അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവേ കുറ്റി സ്ഥാപിക്കൽ തുടരുന്നു. കെ റെയിൽ കോർപറേഷന്റെ സിൽവർ ലൈൻ പദ്ധതിയുടെ സർവ്വേയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ പ്രദേശവാസികൾ എതിർപ്പുയർത്തിയതോടെ വീണ്ടും സംഘർഷമുണ്ടായി കെ. റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവ്വേ കല്ലിടലിനെതിരെ കണ്ണൂർ മേലെചൊവ്വയിലാണ് ഇന്നും പ്രതിഷേധം നടന്നത്.

കോർപ്പറേഷൻ 44-ാം ഡിവിഷൻ ചൊവ്വ തറച്ചാമ്പറത്ത് റോഡ് കണ്ണൂർ ഹോം ടെക്സ്റ്റയിൽസ് വളപ്പിലും വാട്ടർ ടാങ്ക് റോഡ് കൈരളി ഹാന്റ് ലൂം കോംപൗണ്ടിലുമാണ് ഇന്ന് രാവിലെ 11.30 ഓടെ തഹസിൽദാർ വി.കെ പ്രഭാകരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കല്ലിടാനെത്തിയത്. ഡെപ്യൂട്ടി മേയർ കെ ഷബീന മുൻ കൗൺസിലർ എം സി ശഫീഖ്, ഹിന്ദു ഐക്യവേദി നേതാവ് കെ ജി ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ടൗൺ സിഐ ശ്രീജിത്ത് കോടേരിയിടെ നേതൃത്തിലെ ശക്തമായ പൊലീസ് കാവലിൽ ഉദ്യോഗസ്ഥരും ജോലിക്കാരും തറച്ചാമ്പറത്ത് റോഡ് കണ്ണൂർ ഹോം ടെക്സ്റ്റയിൽസ് വളപ്പിൽ കല്ലിടൽ പൂർത്തിയാക്കുകയായിരുന്നു.

കല്ലിടൽ പ്രവൃത്തി തടസ്സപ്പെടുത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന പൊലീസ് മുന്നറിയിപ്പിൽ പ്രതിഷേധം മുദ്രാവാക്യത്തിൽ ഒതുങ്ങുകയായിരുന്നു. എന്നാൽ കൈരളി ഹാന്റ് ലൂമിൽ സ്ത്രീ തൊഴിലാളികളടക്കം ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ ഉദ്യോഗസ്ഥരും പൊലീസും മറുപടിയില്ലാതെ നിൽക്കേണ്ടി വന്നു. ഒടുവിൽ കൈരളി ഹാന്റ് ലൂംസ് കോംപൗണ്ടിലും പൊലീസ് കാവലിൽ കെ-റെയിൽ മാർക്കിങ് നടത്തുകയായിരുന്നു. ഹാന്റ് ലൂം കോംപൗണ്ടിന്റെ ഇരുവശത്തായും 13 മീറ്റർ വീതം വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ജോലി ചെയ്യുന്ന സ്ഥാപനം അടച്ച് പൂട്ടേണ്ടി വന്നാൽ തങ്ങൾക്ക് ആത്മഹത്യ ചെയ്യണ്ടി വരുമെന്ന് തൊഴിലാളികൾ പറഞ്ഞു.