തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധം സംസ്ഥാനത്ത് തുടരുന്നതിനിടെ കോൺഗ്രസ് നേതാക്കൾക്ക് എതിരെ സിപിഎം സൈബർ വിഭാഗം സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

മണ്ണ് ലൂസ് ആണെന്നും തൂണുകൾ മറിയുമെന്നും പറഞ്ഞതിനെതിരെ ട്രോൾ വരുന്നുണ്ടല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് വി ഡി സതീശൻ പ്രതികരിച്ചത്.

'വേറൊന്നും കിട്ടിയില്ലല്ലോ, ട്രോൾ ആക്കാൻ വേണ്ടിയിട്ട്, മെട്രോമാൻ ശ്രീധരൻ മുഖ്യമന്ത്രിക്ക് കൊടുത്ത കത്തിലും ഇതുപോലത്തെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ആ കത്തുകൂടി എടുത്ത് വായിച്ചു നോക്കു. സിപിഎമ്മിന്റെ സൈബർ കൈകാര്യം ചെയ്യുന്ന ആളുകൾ അതുകൂടി നോക്കിയിട്ട് ഒരു സിവിൽ എഞ്ചിനീയറോട് സംസാരിച്ചാൽ മതി. ഈ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ എന്ന് വ്യക്തമാകും എന്ന് സതീശൻ പറഞ്ഞു.

കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. സർവേയുടെ ഭാഗമായി സ്ഥാപിക്കുന്ന സർവേക്കല്ലുകൾ പിഴുതെറിയുമെന്ന് പറഞ്ഞാൽ പിഴുതെറിയുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. പദ്ധതിയുടെ ഡിപിആറിലുള്ളതല്ല മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി പോലും വിശ്വസിക്കാത്ത ഡിപിആറാണ് തയാറാക്കിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.

കെ.റെയിൽ വരേണ്യവർഗത്തിനായുള്ള പദ്ധതിയാണെന്ന് അടിയന്തര പ്രമേയ ചർച്ചയിൽ വി.ഡി.സതീശൻ ആരോപിച്ചിരുന്നു. പിണറായി മോദിയെ പോലെ ഏകാധിപതിയാവുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി. സാധാരണക്കാർക്ക് ഗുണകരമല്ലാത്ത പദ്ധതിയാണ് കെ.റെയിൽ. പദ്ധതി നടപ്പായാൽ വരും തലമുറകൾക്ക് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.പി.ആർ വിവരങ്ങൾ പുറത്ത് വന്നപ്പോൾ കെ.റെയിൽ എത്ര മാത്രം ജനവിരുദ്ധ പദ്ധതിയാണെന്ന് ബോധ്യപ്പെടുന്നു. ഇടത് പക്ഷം എന്ന് പറഞ്ഞ് അഭിമാനിച്ചു നടക്കുന്നവർക്ക് ഈ പദ്ധതി നടപ്പാക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. സിൽവർ ലൈൻ പദ്ധതിയിൽ സർക്കാറിന് അനാവശ്യ ധൃതിയുണ്ട്. മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണ്. വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന മോദി സർക്കാറിന്റെ നയം പിണറായിയും പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിൽവർ ലൈനിന്റെ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി. 100 ദിവസത്തിനുള്ളിൽ പഠനം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. സർവേ കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുക. ഇതനുസരിച്ച് കണ്ണൂരിലാവും ആദ്യം പഠനത്തിന് തുടക്കം കുറിക്കുക.