കോട്ടയം: സംസ്ഥാനത്ത് കെ റെയിൽ വിരുദ്ധ സമരം കൂടുതൽ ശക്തിപ്രാപിക്കുകയാണ്. തദ്ദേശീയമായി രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് പ്രതിഷേധം ഇതിൽ ഉയരുന്നുണ്ട്. വേഗറെയിൽ പദ്ധതിക്കു കല്ലിടാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്തംഗം കയ്യിൽ മണ്ണെണ്ണക്കുപ്പിയുമായി ആത്മഹത്യാഭീഷണി മുഴക്കി രംഗത്തുവന്ന സംഭവവും ഞെട്ടിച്ചിട്ടുണ്ട്.

പനച്ചിക്കാട് പഞ്ചായത്തിലെ കല്ലുങ്കലിൽ വേഗറെയിൽ പദ്ധതിക്കായി കല്ലിടുന്നത് കെറെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയും നാട്ടുകാരും ചേർന്നു കഴിഞ്ഞ ദിവസങ്ങളിൽ തടഞ്ഞിരുന്നു. ഇന്നലെ രാവിലെ വീണ്ടും എത്തിയ ഉദ്യോഗസ്ഥരെയും തടഞ്ഞിട്ടുണ്ട്. ജനപ്രതിനിധികളെയും നാട്ടുകാരെയും ബലമായി നീക്കാൻ പൊലീസ് ശ്രമിച്ചപ്പോഴാണ് പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ കൈതയിൽ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചത്. ഇതോടെ പൊലീസ് പിൻവാങ്ങി.

ഡപ്യൂട്ടി കലക്ടർ മുഹമ്മദ് റാഫി, കെറെയിൽ സ്ഥലമെടുപ്പ് സ്‌പെഷൽ തഹസിൽദാർ റോസ്‌നി ഹൈദ്രോസ് എന്നിവരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ ഉദ്യോഗസ്ഥർ കല്ലിടാതെ മടങ്ങി. പ്രശ്‌നങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപെടുത്തുമെന്നും ജനപ്രതിനിധികളുമായി ആലോചിച്ച് തുടർനടപടി തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചതായി സമര സമിതി പറഞ്ഞു.

അതേസമയം നിർദിഷ്ട അതിവേഗ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കലിന് തദ്ദേശസ്ഥാപന അനുമതി നേടിയെന്ന് തെറ്റായി രേഖപ്പെടുത്തിയ സംഭവവും വിവാദമാകുന്നുണ്ട്. കെ-റെയിൽ അധികാരികൾ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് നൽകിയ സത്യവാങ്മൂലത്തിലാണ് അനുമതി നേടിയെന്ന് പറഞ്ഞിട്ടുള്ളത്. എന്നാൽ, ഭൂമി ഏറ്റെടുക്കലിന് യാതൊരു പ്രമേയവും സമിതികൾ പാസാക്കായിട്ടില്ലെന്ന് തദ്ദേശസ്ഥാപനങ്ങളും വ്യക്തമാക്കിയതോടെ നടപടി വിവാദമായി. വിവരാവകാശ നിയമപ്രകാരമുള്ള മറുപടി ആക്ഷൻകൗൺസിൽ അംഗം പുറത്തുവിട്ടതോടെ പിശകു പറ്റിയതാണെന്ന് കെ-റെയിൽ വിശദീകരണം നൽകി.

ഭൂമി ഏറ്റെടുക്കൽ നടപടിക്ക് ഭരണാനുമതി തേടിയാണ് കഴിഞ്ഞ വർഷം നവംബറിൽ കെ-റെയിൽ എം.ഡി. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. ചെങ്ങന്നൂർ- എറണാകുളം ഭാഗത്ത് കെ-റെയിലിന് ഭൂമി കണ്ടെത്തിയശേഷമാണ് അപേക്ഷ വെച്ചത്. റവന്യൂ നടപടി പ്രകാരം ഭൂമി ഏറ്റെടുക്കലിന് താത്പര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ഫോം നമ്പർ രണ്ടിലാണ് വിശദാംശങ്ങൾ സമർപ്പിച്ചത്.

ആലപ്പുഴമുതൽ എറണാകുളംവരെയുള്ള ഭൂമി വിവരങ്ങൾ തേടി പദ്ധതിക്കെതിരേ നിയമപോരാട്ടം നടത്തുന്ന ഷാജി ചാക്കോ ആറന്മുള നൽകിയ വിവരാവകാശ അപേക്ഷയിലെ മറുപടിയിൽ തദ്ദേശ അനുമതിക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് ശരിയാണോ എന്നറിയാൻ അദ്ദേഹം സ്വന്തം പഞ്ചായത്തായ ആറന്മുളയിൽനിന്ന് ശേഖരിച്ച വിവരാവകാശ മറുപടിയിൽ പഞ്ചായത്ത് അനുമതി നൽകിയില്ലെന്ന് വ്യക്തമാക്കി.

പൊതു ആവശ്യങ്ങൾക്ക് സർക്കാർഭൂമി ഏറ്റെടുക്കാൻ തദ്ദേശസ്ഥാപന അനുമതി ആവശ്യമില്ലെന്ന് കെ-റെയിലും റവന്യൂവകുപ്പും വ്യക്തമാക്കി. ഫോറം പൂരിപ്പിച്ചപ്പോൾ വന്ന പിശകാണെന്നും പരിശോധിക്കുമെന്നും അവർ അറിയിച്ചു.