തിരുവനന്തപുരം: പിണറായിയുടെ സിൽവർ ലൈൻ പദ്ധതിക്ക് പണികൊടുക്കാൻ, കേന്ദ്ര റെയിൽവേ മന്ത്രാലയം കേരളത്തിലെ നിലവിലെ ഇരട്ട റെയിൽപാതകൾക്ക് സമാന്തരമായി, വളവുകളില്ലാത്ത രണ്ട് പുതിയ ഇരട്ടപ്പാതകൾ ബൈപ്പാസ് പോലെ ബ്രോഡ്‌ഗേജിൽ നിർമ്മിക്കാൻ വഴിതെളിയുന്നു. ഈ പാതയിലൂടെ 180കിലോമീറ്റർ വരെ വേഗതയുള്ള സെമി-ഹൈസ്പീഡ് ട്രെയിനുകളോടിക്കാനാവുമോയെന്നാണ് പഠിക്കുന്നത്. സിൽവർലൈൻ കേരളത്തെ തെക്ക്- വടക്ക് രണ്ടാക്കി വിഭജിക്കുമെന്ന ആശങ്കകൾ ശക്തമായി തുടരുന്നതിനിടെയാണ് കേരളത്തിന് തെക്കു- വടക്ക് ഗതാഗത ഇടനാഴി പ്രഖ്യാപിക്കാൻ റെയിൽവേ ഒരുങ്ങുന്നത്. പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന്റെ അവസാന ആണിയായി ഇത് മാറും.

സർക്കാർ സംഘടിപ്പിച്ച സിൽവർലൈൻ സംവാദത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റും കണ്ണൂർ ഗവ.എൻജിനിയറിങ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ.ആർ.വി.ജി മേനോനാണ് ഇത്തരമൊരു റെയിൽ ബൈപ്പാസ് നിർദ്ദേശിച്ചത്. ഇതിന്മേൽ പ്രാഥമിക പഠനം നടത്തിയ ശേഷമാണ് കേരളത്തിൽ മൂന്നും നാലും പാതകൾ സാദ്ധ്യമാണെന്ന് റെയിൽവേ നിഗമനത്തിലെത്തിയത്. റെയിൽ ബൈപ്പാസ് വരുമെന്നായതോടെ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഈ ആവശ്യമുന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിയെ കാണും. നിലവിലെ റെയിൽപാതയിലെ വളവുകൾ നിവർത്തി പുതിയ രണ്ട് ലൈനുകളുണ്ടാക്കുന്നത് പരിഗണിക്കണമെന്നും ഭൂമിയേറ്റെടുക്കലിൽ ജനങ്ങളുടെ പ്രയാസം കുറയ്ക്കണമെന്നുമാണ് ദൗത്യസംഘത്തിന്റെ ആവശ്യം.

റെയിൽ ബൈപ്പാസിനെക്കുറിച്ച് ഉയരുന്ന വിദഗ്ദ്ധ അഭിപ്രായം ഇങ്ങനെയാണ്- നിലവിലെ റെയിൽ പാതയിലെ 626വളവുകൾ നിവർത്തിയെടുക്കുക അസാദ്ധ്യമാണ്. പുതിയ പാതയിലൂടെ റെയിൽവേയുടെ എല്ലാ ട്രെയിനുകളുമോടിക്കാനാവും. ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണം. കെ-റെയിൽ കേരളത്തിലെ റെയിൽവേ വികസനത്തിനുള്ള കോർപറേഷനാണ്, സിൽവർലൈൻ വികസനത്തിനുള്ളതല്ല. ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച, 180കിലോമീറ്റർ വേഗത്തിൽ ബ്രോഡ്‌ഗേജിലോടുന്ന സെമി-ഹൈസ്പീഡ് ട്രെയിനുകൾ കേരളത്തിലും ഉപയോഗിക്കാം. എറണാകുളം- ഷൊർണൂർ റൂട്ടിൽ വളവുകൾ നിവർത്തിയുള്ള മൂന്നാം പാതയ്ക്കായി പഠനം നടത്തിയപ്പോൾ ഇത് സാദ്ധ്യമാണെന്നും ചാലക്കുടിയിൽ മാത്രമേ സ്റ്റോപ്പ് അനുവദിക്കാനാവൂ എന്നുമാണ് കണ്ടെത്തിയത്. പുതിയ റെയിൽപ്പാതകൾ വികസിപ്പിക്കുന്നത് കെ-റെയിൽ പരിഗണിക്കണം. പുതിയ ലൈനുകളും സിഗ്‌നൽ സംവിധാനവും വന്നാൽ മിനിറ്റുകൾ ഇടവിട്ട് കൂടുതൽ ട്രെയിനുകളോടിക്കാം. അതിവേഗ ട്രെയിനുകളുമോടിക്കാം. എന്നാൽ ഇതിന് ജപ്പാൻ വായ്പ കിട്ടില്ല. ജപ്പാൻ വായ്പ നൽകുന്നത് അവരുടെ വ്യവസായ വികസനത്തിനും സാങ്കേതികവിദ്യ വിറ്റഴിക്കാനുമാണ്. റെയിൽ വികസനത്തിന് കിഫ്ബിയിൽനിന്ന് പണം മുടക്കണം-ഇതായിരുന്നു നിർദ്ദേശം. ഈ നിർദ്ദേശം റെയിൽവേ സ്വന്തം നിലയിൽ നടപ്പാക്കുന്നതാണ് ആലോചിക്കുന്നത്.

വളവുകളില്ലാത്ത പുതിയ രണ്ട് ലൈൻ നിർമ്മിക്കാനും സ്ഥലമെടുക്കേണ്ടിവരും. റെയിൽപാതയോട് ചേർന്നുള്ള ഭൂമിക്ക് വില കുറവാണ്. സർക്കാർ നല്ല വില കൊടുത്താൽ ജനം ഭൂമി വിട്ടുകൊടുക്കും. എതിർപ്പുകളും കുറയും. റെയിൽവേയ്ക്ക് കേരളത്തോട് അവഗണനയാണ്. റെയിൽപാതയിരട്ടിപ്പിക്കൽ മുപ്പത് വർഷമായി തടസപ്പെട്ടുകിടക്കുന്നു. ഇപ്പോഴാണ് പണികൾ തുടങ്ങാനായത്. ചിങ്ങവനം-ഏറ്റുമാനൂർ പാതയിരട്ടിപ്പിക്കൽ പണികൾ തുടങ്ങിയിട്ട് മുപ്പത് വർഷമായി. അമ്പലപ്പുഴയ്ക്ക് വടക്കോട്ട് ഇരട്ടിപ്പിക്കൽ പണിക്ക് അനക്കമില്ല. പദ്ധതികൾ വൈകുന്നത് രാഷ്ട്രീയ ഇച്ഛാശക്തിയും ശേഷിയുമില്ലാത്തതിനാലാണ്. അതിന് ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 3.17മണിക്കൂർ കൊണ്ട് ജനശതാബ്ദി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തെത്തുന്നുണ്ട്. പാതയിരട്ടിപ്പിക്കൽ പൂർത്തിയായാൽ യാത്രാസമയം ഇനിയും കുറയും.

സിൽവർലൈനിന്റെ സ്റ്റാൻഡേർഡ് ഗേജിലൂടെ നിലവിലെ ട്രെയിനുകൾ ഓടിക്കാനാവില്ല. അതിനാൽ സംസ്ഥാനന്തര യാത്രകൾക്ക് ഗുണമില്ല. ബ്രോഡ്‌ഗേജിൽ റെയിൽവേ 160കിലോമീറ്റർ വേഗത്തിൽ വന്ദേഭാരത്, ഗതിമാൻ ട്രെയിനുകളോടിക്കുന്നുണ്ട്. ഇവയുടെ ഘടകങ്ങൾ ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. ഈ വേഗത്തിൽ സ്റ്റാൻഡേർഡ് ഗേജിൽ ട്രെയിനോടിക്കാനുള്ള കോച്ചുകളും ഘടകങ്ങളും ജപ്പാനിൽ നിന്ന് വരുത്തണം. പുതുതായി പണിയുന്ന ലൈനുകൾ ബ്രോഡ്‌ഗേജിലാണെങ്കിൽ നിലവിലെ സ്റ്റേഷനുകൾ ഉപയോഗിക്കാം. ഹ്രസ്വദൂര യാത്രക്കാർക്കായി മെമു അടക്കം ഓടിക്കാം.

അതിനിടെ, കേരളത്തിലെ ട്രെയിനുകളുടെ വേഗം കൂടാനും യാത്രാസമയത്തിൽ ഗണ്യമായ കുറവു വരാനും ഇടയാക്കുന്ന എറണാകുളം-അമ്പലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കലിന് റെയിൽവേ നടപടി തുടങ്ങി. എറണാകുളം, മരട്, കുമ്പളം വില്ലേജുകളിൽ 5.8700 ഹെക്ടർ ഭൂമിയേറ്റെടുക്കാൻ റവന്യൂ വകുപ്പ് വിജ്ഞാപനമിറക്കി. എറണാകുളംകുമ്പളം (600.82 കോടി), കുമ്പളംതുറവൂർ (825.37 കോടി), തുറവൂർഅമ്പലപ്പുഴ (1,281.63 കോടി) എന്നിങ്ങനെ മൂന്ന് റീച്ചുകളായാണ് 69കിലോമീറ്റർ പാതയിരട്ടിപ്പിക്കൽ. പാതയിരട്ടിപ്പിൽ റെയിൽവേയുടെ ചെലവിൽ നടപ്പാക്കുമെന്നും ചെലവ് പങ്കിടാൻ സംസ്ഥാനത്തോട് ആവശ്യപ്പെടില്ലെന്നും റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.തൃപാഠി വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കാൻ 510കോടി രൂപ കളക്ടറേറ്റുകളിൽ റെയിൽവേ മുൻകൂറായി കെട്ടിവച്ചിട്ടുണ്ട്. നേരത്തേ പദ്ധതിചെലവ് പൂർണമായി സംസ്ഥാനം വഹിക്കണമെന്നായിരുന്നു കേന്ദ്രനിലപാട്. കോട്ടയം വഴിയുള്ള ഇരട്ടപ്പാത പൂർത്തിയാവുന്നതിന് പിന്നാലെ ആലപ്പുഴ വഴിയും ഇരട്ടപ്പാതയാവുന്നതോടെ കേരളത്തിലെ ട്രെയിൻയാത്ര സുഗമമാവും.

കായംകുളം മുതൽ അമ്പലപ്പുഴ വരെ 31കിലോമീറ്റർ പാതയിരട്ടിപ്പിച്ചെങ്കിലും അമ്പലപ്പുഴ മുതൽ എറണാകുളം വരെ 69കിലോമീറ്റർ ഒറ്റ വരിയാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഒരേസമയം 376ത്തോളം ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടി വരുന്നതിനാൽ യാത്രക്കാർക്ക് വലിയ സമയനഷ്ടമുണ്ടാവുന്നതായി റവന്യൂവകുപ്പിന്റെ വിജ്ഞാപനത്തിൽ പറയുന്നു. പാതയിരട്ടിപ്പിക്കുന്നതോടെ കൊച്ചിയിലേക്കുള്ള യാത്രയ്ക്കുള്ള സമയം കുറയും. ക്രോസിംഗിനായി 45മിനിറ്റുവരെ ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാകും. പാതയിരട്ടിപ്പിക്കുന്നതിലൂടെ യാത്രാക്ലേശം ലഘൂകരിക്കാനും മെച്ചപ്പെട്ട റെയിൽവേ ശൃംഖല സ്ഥാപിക്കാനും ട്രെയിനുകളുടെ വേഗത കൂട്ടാനുമാവും. മൂന്നു വില്ലേജുകളിലെ 60കുടുംബങ്ങളെ പദ്ധതിക്കായി കുടിയൊഴിപ്പിക്കണം. പുറമ്പോക്കിൽ 21കുടുംബങ്ങളുമുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്ത് 92 വീടുകളും രണ്ട് ക്ഷേത്രങ്ങളും ഒരു കുരിശടിയുമുണ്ട്. ഭൂവുടമകളിൽ ഭൂരിഭാഗവും പദ്ധതിയെ അനുകൂലിക്കുന്നതായി സാമൂഹ്യാഘാത പഠനറിപ്പോർട്ടിലുണ്ട്. കേന്ദ്രനിയമപ്രകാരം ഏറ്റെടുക്കുന്ന ഭൂമി ഗ്രാമ, നഗര പ്രദേശങ്ങളായി തരംതിരിച്ച് വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പത്തുവർഷം മുൻപുള്ള എസ്റ്റിമേറ്റ് അടുത്തിടെ പുതുക്കിയിരുന്നു. തുറവൂർ-അമ്പലപ്പുഴ റീച്ചിൽ മാത്രം 453കോടിയുടെ വർദ്ധനവുണ്ടായി. കൊച്ചി നഗരത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ഭൂമിവിലയിലെ വർദ്ധനവാണ് എസ്റ്റിമേറ്റ് ഉയർത്തിയത്. ചെലവ് കൂടിയത് ചൂണ്ടിക്കാട്ടി പദ്ധതിയിൽ നിന്ന് പിന്മാറാൻ റെയിൽവേ ശ്രമിച്ചെങ്കിലും സംസ്ഥാനത്തിന്റെ എതിർപ്പിനെത്തുടർന്ന് നടന്നില്ല. ഗുഡ്‌സ് ട്രെയിനുകൾ കുറവായതിനാൽ ലാഭകരമാവില്ലെന്ന് ചൂണ്ടിക്കാട്ടിയും എതിർപ്പുണ്ടായി. തിരുവനന്തപുരംകന്യാകുമാരി പാത ഇരട്ടിപ്പിക്കലിന്റെ മുഴുവൻ ചെലവും റെയിൽവേയാണ് വഹിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഈ പദ്ധതിയുടെ ചെലവും റെയിൽവേ വഹിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. കേരളം പകുതി ചെലവ് വഹിക്കണമെന്ന് കടുംപിടുത്തം പിടിച്ചെങ്കിലും 2021ജൂണിൽ 'വിഷൻ 2024' പദ്ധതിയിലുൾപ്പെടുത്തി ഭൂമിയേറ്റെടുക്കാൻ 510കോടി റെയിൽവേ ബോർഡ് അനുവദിക്കുകയായിരുന്നു.