- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 ലക്ഷത്തിന്റെ ഭൂമി വിട്ടുകൊടുക്കണമെങ്കിൽ അഞ്ചു കോടി വേണമെന്ന് മന്ത്രി സജി ചെറിയാൻ! തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്ക് പത്തിരട്ടിയിൽ അധികം ഒറ്റയടിക്ക് ഉയർന്നു; അലൈന്മാറ്റ വിവാദത്തിനൊപ്പം മന്ത്രി സജി ചെറിയാനെ കുടുക്കി സത്യവാങ്മൂലവും; കെ റെയിൽ വീരവാദം തിരിച്ചടിയാകുമ്പോൾ
കോട്ടയം: കെ റെയിൽ പദ്ധതിക്കായി തന്റെ വീട് വിട്ടു നൽകുമെന്നും ഇതിന്റെ ആസ്തിയായി അഞ്ചു കോടി കിട്ടിയാൽ അതു വാങ്ങി കരുണ സൊസൈറ്റിക്ക് കൈമാറും എന്നും പറഞ്ഞ മന്ത്രി സജി ചെറിയാൻ കുടുങ്ങി. കെ റെയിൽ സമരക്കാരെ കളിയാക്കാനായിരുന്നു മന്ത്രി ഇതു പറഞ്ഞത്. കെ റെയിൽ വിശദീകരണത്തിനിടെ ആസ്തി അഞ്ചു കോടിയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ മന്ത്രി സജി ചെറിയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ വെളിപ്പെടുത്തിയത് തീരെ ചെറിയ തുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത് ഇപ്പോൾ പറഞ്ഞതിന്റെ പത്തിലൊന്ന് പോലുമില്ല. തനിക്കും ഭാര്യയ്ക്കും ചേർന്ന് വെറും 35,47,191.87 രൂപയുടെ ആസ്തി മാത്രമെ ഉള്ളൂവെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
സജി ചെറിയാന് 25,06,140.87 രൂപയുടെ ആസ്തിയും ഭാര്യയ്ക്ക് 10,41,051 രൂപയുടെയും ആസ്തിയാണ് ആകെയുള്ളത്. 1,14,651 രൂപ കടവും സജി ചെറിയാനുണ്ട്. ആസ്തിയായി പറഞ്ഞിരിക്കുന്നതിൽ 26 ആർ സ്ഥലം പുരയിടമാണ്. ഇതടക്കം വീടിന് കാണിച്ചിരിക്കുന്ന കമ്പോള വില 28 ലക്ഷം മാത്രം. ഭാര്യയുടെ പേരിൽ 4, 41000 രൂപയുടെ കൃഷിഭൂമി ഉണ്ട്.
ഈ 28 ലക്ഷം രൂപയുടെ ഭൂമിക്കാണ് ഇപ്പോൾ അഞ്ചു കോടി വേണമെന്ന് സജി ചെറിയാൻ പറയുന്നത്. കമ്മീഷന് നൽകിയ കണക്കു പ്രകാരം വെറും 8 ഗ്രാം സ്വർണം മാത്രമാണ് സജി ചെറിയാനുള്ളത്. ഭാര്യയ്ക്ക് 64 ഗ്രാം സ്വർണവും ഉണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് സജി ചെറിയാന്റെ കൈവശം ഉണ്ടായിരുന്നത് വെറും 3250 രൂപ മാത്രമായിരുന്നു. ഭാര്യയുടെ കൈവശമാകട്ടെ 2100 രൂപയും.
ഒന്നുകിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിയായതിനു ശേഷം സജി ചെറിയാന്റെ ആസ്തി വലിയ തോതിൽ വർധിച്ചു എന്നാണ് വിലയിരുത്തൽ. എന്നാലും വെറും 10 മാസം കൊണ്ട് 35 ലക്ഷം രൂപയുടെ ആസ്തി 5 കോടി ആയതെങ്ങനെയെന്ന ചോദ്യവും ഉയരുകയാണ്. അതല്ലെങ്കിൽ യഥാർത്ഥ സ്വത്ത് വിവരം മന്ത്രി തെരഞ്ഞെടുപ്പ് കമ്മിഷനിൽ മറച്ചു വച്ചു. രണ്ടും സജി ചെറിയാന് വിനയാകും.
കെ റെയിൽ സർവേയെക്കുറിച്ച് തെറ്റിദ്ധാരണ ജനകമായ വാർത്തപരത്തി മന്ത്രി എന്ന നിലയിൽ തന്നെ വ്യക്തിഹത്യ നടത്തുന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പുപറയണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. തിരുവഞ്ചൂരിന്റെ പ്രസ്താവനയെ കെ റെയിൽ അധികൃതർ പൂർണമായി തള്ളി റിപ്പോർട്ട് നൽകിയിട്ടുണ്ട്. പദ്ധതിയെ അട്ടിമറിക്കാൻ യുഡിഎഫ്, ബിജെപി സംയുക്തമായി നടത്തുന്ന കലാപ ശ്രമത്തിനെതിരെ സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി കൊഴുവല്ലൂർ അറന്തക്കാട് ജങ്ഷനിൽ സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2011 ൽ ഉമ്മൻ ചാണ്ടി സർക്കാർ ഡിപിആർ ഉണ്ടാക്കാൻ തീരുമാനിച്ച്, എൽഡിഎഫ് അടക്കമുള്ള രാഷ്ട്രീയ മുന്നണികളുടെ അംഗീകാരം വാങ്ങിയ പദ്ധതിയാണിത്. പദ്ധതിക്ക് സാങ്കേതിക ഉപദേശം നൽകിയ ഇ ശ്രീധരൻ ഇന്ന് പദ്ധതിയെ തള്ളിപ്പറയുകയാണ്.
റെയിൽ മന്ത്രാലയവും സംസ്ഥാന സർക്കാരും ചേർന്ന് കാസർകോട് റെയിൽവേ അതിവേഗപാതയ്ക്ക് 2019ൽ കേന്ദ്ര സർക്കാരിന്റെ തത്വത്തിൽ അംഗീകാരം ലഭിച്ചതാണെന്ന് കേരളത്തിലെ ബിജെപി നേതൃത്വം ഓർക്കണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 20 ലക്ഷം ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്ന ഒരുലക്ഷം ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിന് പുതിയ മൂലധന നിക്ഷേപങ്ങൾ എത്തേണ്ടതുണ്ട്. ഇതിനായി യാത്രാ സൗകര്യം അടക്കം അടിസ്ഥാന സൗകര്യങ്ങൾ പുരോഗമിക്കണം. വീടും വസ്തുവും നഷ്ടപ്പെടുന്നവരെ പൂർണ വിശ്വാസത്തിലെടുത്തു മാത്രമേ പദ്ധതി നടപ്പാക്കൂ- മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ