- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിന്റെ എതിർപ്പ് ഇത് പിണറായി വിജയൻ സർക്കാർ നടപ്പാക്കാൻ പാടില്ല എന്നതുമാത്രമാണ്; കേരളത്തിൽ മാത്രമാണ് വികസനത്തോട് അവരുടെ എതിർപ്പ്; കെ റെയിൽ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് കോടിയേരി
കൊട്ടാരക്കര: കെ റെയിൽ സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നതിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ടില്ലെന്നും പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇ കാസിം നഗറിൽ(കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഭാവി വികസനം തടസപ്പെടുത്താനുള്ള രാഷ്ട്രീയ എതിർപ്പുകൾ അംഗീകരിക്കില്ല.
എതിർപ്പുള്ളവരോട് സംസാരിക്കാൻ സർക്കാർ തയാറാണ്. സംശയങ്ങൾ ദൂരീകരിക്കാനും നടപടിയുണ്ടാവും. വസ്തു നഷ്ടപ്പെടുന്നവരുടെ വികാരം മാനിക്കുന്നു. അവരോട് കാര്യങ്ങൾ വിശദീകരിക്കാനും അവർക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാനും സർക്കാർ തയാറാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് യോഗങ്ങൾ വിളിക്കും. ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാർ ഉത്തരവാദിത്തം നിറവേറ്റും. കേരളത്തിൽ അതിവേഗ റെയിൽപ്പാത എന്ന പദ്ധതി കൊണ്ടുവന്നത് യുഡിഎഫ് സർക്കാർ ആണ്. എന്നാൽ പദ്ധതി എങ്ങുമെത്തിയില്ല. ഇപ്പോൾ എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത് അർധഅതിവേഗ പാത ആണ്. ഇതിന് യുഡിഎഫ് സർക്കാർ നീക്കിവച്ച തുകയുടെ പകുതി മതിയാവും. സിൽവർ ലൈൻ നടപ്പാക്കാൻ കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങൾ തയാറായി മുന്നോട്ടുവന്നു. അവിടങ്ങളിൽ ഒന്നും എതിർപ്പുമായി കോൺഗ്രസും ബിജെപിയും രംഗത്തുവന്നിട്ടില്ല.
കേരളത്തിൽ മാത്രമാണ് വികസനത്തോട് അവരുടെ എതിർപ്പ്. കോൺഗ്രസിന്റെ എതിർപ്പ് ഇത് പിണറായി വിജയൻ സർക്കാർ നടപ്പാക്കാൻ പാടില്ല എന്നതുമാത്രമാണ്. പിണറായിയെ ചരിത്രപുരുഷനാക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുകഴിഞ്ഞു. എൽഡിഎഫ് വിരോധത്തിന്റെ പേരിൽ വികസനത്തിന് തുരങ്കംവയ്ക്കുന്നത് ജനങ്ങൾ അംഗീകരിക്കില്ല. ഇത്തരം എതിർപ്പുകൾ കണ്ട് പിന്മാറിയിരുന്നെങ്കിൽ ഗെയിൽ ഗ്യാസ് പദ്ധതിയും ദേശീയപാത വികസനവും ഉൾപ്പെടെ നടപ്പാവില്ലൊയിരുന്നുവെന്നും കോടിയേരി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ