- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടമ്മമാരും കുട്ടികളും അടക്കം ഇറങ്ങി സമരസ്വഭാവം മാറിയതോടെ പണി കിട്ടിയത് കെ റെയിൽ ഉദ്യോഗസ്ഥർക്ക്; ഒരു കല്ലിടാൻ വേണ്ടി വരുന്ന ചെലവ് 5000 രൂപയോളം; നഷ്ടപരിഹാരത്തിന് കേസ് കൊടുക്കാൻ ആലോചന
തിരുവനന്തപുരം: അതിരടയാള കല്ല് പിഴുതെടുക്കുന്നവർക്കെതിരെ കേസ് കൊടുക്കാനൊരുങ്ങി കെറെയിൽ. കല്ല് പിഴുതെടുക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരമീടാക്കാനും ആലോചനയുണ്ട്. ഒരു കല്ല് പിഴുതു മാറ്റിയാൽ 5,000 രൂപ വരെയാണ് നഷ്ടമെന്നാണ് കെറെയിൽ അധികൃതരുടെ വാദം.
സംസ്ഥാനത്തെ പലസ്ഥലങ്ങളിലും സ്ഥാപിച്ച അതിരടയാള കല്ലുകൾ പ്രതിഷേധക്കാർ പിഴുതെറിഞ്ഞതോടെ ഉദ്യോഗസ്ഥർ വെട്ടിലായിരിക്കുകയാണ്. ഇതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് കെറെയിൽ നീങ്ങുന്നത്. ഇട്ട കല്ലുകൾ കൂട്ടത്തോടെ പിഴുതുമാറ്റുന്ന സാഹചര്യത്തിൽ സാമൂഹികാഘാതപഠനം നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കില്ല. പകരം പുതിയ കല്ലുകൾ ഇടാനും സാധിക്കുന്നില്ല. കല്ല് പിഴുതുമാറ്റുന്നവർക്കെതിരെ കേസുകൊടുക്കാൻ ആലോചിക്കുന്നത് ഈ സാഹചര്യത്തിലാണ്.
കല്ല് പിഴുതവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും നിയമനടപടിയെടുക്കും. കേസ് കൊടുക്കുന്നതിന് മുന്നോടിയായി ഇതുവരെ എത്ര കല്ലുകൾ പിഴുതുമാറ്റിയെന്ന കണക്കെടുപ്പ് തുടങ്ങി. തുടർന്ന് കല്ല് പിഴുതവർക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങാനാണ് ആലോചന. ഒരു കല്ലിടാൻ വേണ്ടിവരുന്ന ചെലവ് 5000 രൂപയാണെന്നാണ് കെ റെയിൽ അധികൃതരുടെ വാദം. കല്ല് വാർത്തെടുക്കാൻ ആയിരം രൂപയോളം ചെലവുവരും. ഗതാഗത ചെലവ്, ജീവനക്കാരുടെ കൂലി, പൊലീസ് സംരക്ഷണത്തിനുവേണ്ട ചെലവ് എല്ലാംകൂടി ചേരുമ്പോൾ 5000 രൂപയാകുമെന്നാണ് പറയുന്നത്.
പകരം കല്ലിടണമെങ്കിൽ ഇത്രതന്നെ ചെലവ് വീണ്ടും വരും. കല്ലിടാനുള്ള ചെലവ് പിഴുതുമാറ്റിയവരിൽ നിന്ന് ഈടാക്കുകയും കൂടി ചെയ്താൽ കല്ല് പിഴുതുമാറ്റൽ സമരത്തിന് ശമനമാകുമെന്നാണ് കെ റെയിൽ അധികൃതരുടെ പ്രതീക്ഷ.
സമരത്തിന്റെ സ്വഭാവം മാറി
സിൽവർ ലൈനിന് എതിരായ പ്രക്ഷോഭം കടുക്കുകയാണ്. മാടപ്പള്ളിയിലും കല്ലായിലും കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ തിരൂർ വെങ്ങാനൂരിലും, ചോറ്റാനിക്കരയിലും ആവർത്തിച്ചു. സ്ത്രീകളടക്കം, കല്ലുകൾ പിഴുതുമാറ്റി. പൊലീസും നാട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ വെങ്ങാനൂർ ജുമാ മസ്ജിദിന്റെ പറമ്പിൽ കല്ലിടുന്നത് ഒഴിവാക്കി. പള്ളി പറമ്പിൽ കല്ലിടുന്നത് ഒഴിവാക്കിയെങ്കിലും പൊലീസ് സഹായത്തോടെ വീടുകളുടെ പറമ്പിൽ കല്ലിടുന്നത് തുടർന്നു. എന്നാൽ ഈ കല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു.
കല്ലിടലിന് എതിരെ വീട്ടമ്മമ്മാരും കുട്ടികളും അടക്കം രംഗത്തിറങ്ങിയതോടെ പ്രതിഷേധത്തിന്റെ സ്വഭാവം മാറി. കഴിഞ്ഞ ദിവസം കോട്ടയത്ത് സംഭവിച്ചതിന് സമാനമായ രംഗങ്ങളാണ് മലപ്പുറത്തുമുണ്ടായത്. ചോറ്റാനിക്കരയിലും പ്രതിഷേധം ഉയർന്നു. സമരസജ്ജരായി ജനം അണിനിരന്നതോടെ പ്രതിഷേധം ഭയന്ന് സർവെ അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങി. അതിനാൽ ശനിയാഴ്ച എറണാകുളത്ത് സർവെ ഉണ്ടാകില്ല. യുഡിഎഫ് നേതാക്കളും സമരമുഖത്ത് അണിനിരന്നതോടെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇവിടെ കെ-റെയിൽ ഉദ്യോഗസ്ഥർ നാട്ടിയ കല്ല് പിഴുത് തോട്ടിലെറിഞ്ഞു.
പദ്ധതി നടപ്പാക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിൽ ഒതുങ്ങില്ലെന്ന് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്ന് പിണറായി ആവർത്തിച്ചു. ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ തള്ളിയ മുഖ്യമന്ത്രി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്.
മറുനാടന് മലയാളി ബ്യൂറോ