- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റൽ സർവേ പൂർത്തിയാക്കി എല്ലാവർക്കും ഭൂരേഖകൾ നൽകും; ജനസൗഹൃദ വില്ലേജ് ഓഫീസ് പ്രാവർത്തികമാക്കുമെന്നും മന്ത്രി കെ.രാജൻ
തിരുവനന്തപുരം: ഡിജിറ്റൽ സർവേ പൂർത്തിയാക്കി എല്ലാവർക്കും ഭൂരേഖകൾ നൽകുമെന്നും ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ തുടങ്ങി വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം സ്മാർട്ടാക്കുമെന്നും മന്ത്രി കെ. രാജൻ. പത്രപ്രവർത്തക യൂണിയനും കേസരി സ്മാരകവും ഹോട്ടൽ വിവാന്തയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 1028 വില്ലേജുകളുടെ റീസർവേ പൂർത്തിയായി. 54 കൊല്ലമായി 54 ശതമാനം റീസർവേയാണ് പൂർത്തിയാക്കാനായത്. വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ച് കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി സർവേ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ജനസൗഹൃദ വില്ലേജാഫീസ് പ്രാവർത്തികമാക്കും. ഇതിലേക്കായി എല്ലാ രേഖകളും ഡിജിറ്റലാക്കും. ഒരിക്കൽ ലഭിക്കുന്ന രേഖ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാൻ സംവിധാനം ഒരുക്കും. ഇതിലൂടെ വീണ്ടും വില്ലേജ് ഓഫീസിലെത്തി സർട്ടിഫിക്കറ്റിനായി ക്യൂ നിൽക്കുന്നത് ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
നിയമകുരുക്ക് ഒഴിവാക്കി എല്ലാവർക്കും പട്ടയം നൽകുകയാണ് സർക്കാർ ലക്ഷ്യം. നിലവിൽ 153000 പട്ടയം നൽകിക്കഴിഞ്ഞു. അതേസമയം അനധികൃതമായി ഭൂമി കൈയേറിയത് സർക്കാർ തിരിച്ചുപിടിക്കും.റവന്യൂ വകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് റവന്യൂ ജോലികളും നിയമങ്ങളും സംബന്ധിച്ച് പരിശീലനം നൽകും.
25 സെന്റിനു താഴെയുള്ള ഭൂമി തരം മാറ്റാനായി നൽകി അപേക്ഷയിൽ ഇതേവരെ തീരുമാനമെടുത്തിട്ടില്ല. റവന്യൂ വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാരുമായി ചർച്ച നടത്തിയശേഷം 2021- 2026 വിഷൻ ഓഗസ്റ്റിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ