- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡിആർഎഫിന്റെ ആറ് ടീം സജ്ജം; സംസ്ഥാനത്ത് 27 ക്യാമ്പുകൾ തുടങ്ങി; ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറെന്ന് റവന്യൂമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തയ്യാറെന്ന് റവന്യൂമന്ത്രി കെ രാജൻ. എൻഡിആർഎഫിന്റെ ആറ് ടീം തൃശ്ശൂർ, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കേന്ദ്ര സേനാ വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാനത്ത് 27 ക്യാമ്പുകൾ പ്രവർത്തനം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. എല്ലാ സ്ഥലത്തും ക്യാമ്പുകൾ ആരംഭിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നീ സാധ്യതകളുള്ള സ്ഥലങ്ങളിൽ ജനങ്ങളെ മാറ്റി പാർപ്പിക്കും അമിതമായ ഭീതി വേണ്ടെന്നും മന്ത്രി അറയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കാൻ ഡിജിപി അനിൽകാന്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉൾപ്പടെ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അത്തരം സാഹചര്യം നേരിടുന്നതിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര രക്ഷാപ്രവർത്തനത്തിനായി ജെസിബി, ബോട്ടുകൾ എന്നിവ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ക്രമീകരിക്കും.
സംസ്ഥാനത്തെ എല്ലാ കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾക്കും പ്രത്യേക ജാഗ്രതാനിർദ്ദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൊലീസ് ജനങ്ങൾക്കൊപ്പമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ