കൊച്ചി: തൃക്കാക്കരയിൽ കെ.എസ്.അരുൺകുമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും. സിപിഎമ്മിന്റെ നേതൃയോഗത്തിലാണ് സ്ഥാനാർത്ഥിയെക്കുറിച്ച് ധാരണയായത്. മാധ്യമ ചർച്ചകളിലൂടെ കേരളത്തിന് സുപരിചിതനായ അരുൺ കുമാർ, സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ മുൻ ജില്ലാ സെക്രട്ടറി, മുൻ പ്രസിഡന്റ്, ശിശുക്ഷേമ സമിതി ജില്ലാ ആദ്ധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചുണ്ട്.

കാക്കനാട് സെപ്‌സിലെ തൊഴിലാളി യൂണിയൻ നേതാവായ അരുൺകുമാർ കെ- റെയിലുമായി ബന്ധപ്പെട്ട മാധ്യമചർച്ചകളിലൂടെയാണ് ജനശ്രദ്ധ നേടിയത്. തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെയും മന്ത്രി പി. രാജീവിന്റെയും സാന്നിധ്യത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ ചൊവ്വാഴ്ച കൂടിയാലോചിച്ച് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഏകദേശ ധാരണയിലെത്തിയിരുന്നു. ബുധനാഴ്ചത്തെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലകമ്മിറ്റിയിലും ഈ പേര് ചർച്ചചെയ്ത ശേഷമാണ് അന്തിമ തീരുമാനം ഉണ്ടായത്.

അതേമയം ആരെ പിന്തുണക്കുമെന്നതടക്കം കത്തി നിൽക്കവേ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കി ഇ പി ജയരാജനും രംഗത്തുവന്നിരുന്നു. തൃക്കാക്കര യുഡിഎഫ് കോട്ടയാണെന്ന ധാരണ തെറ്റാണെന്നും വികസനത്തിലൂന്നിയുള്ള പ്രചാരണമാകും മണ്ഡലത്തിലുടനീളം ഇടത് മുന്നണി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. കെവി തോമസിനെ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ക്ഷണിച്ച ഇപി ജയരാജൻ, സ്വന്തം നിലപാട് നിശ്ചയിക്കാനുള്ള കരുത്തുള്ള നേതാവാണ് അദ്ദേഹമെന്നും അഭിപ്രായപ്പെട്ടു. വികസന നിലപാടുള്ള ആർക്കും ഇടത് മുന്നണിയുടെ പ്രചാരണത്തിൽ സഹകരിക്കാമെന്നും ഇപി ജയരാജൻ വ്യക്തമാക്കി.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിടി തോമസിനേക്കാൾ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണ്ഡലത്തിൽ മികച്ച മുന്നൊരുക്കങ്ങൾ നടത്താൻ യുഡിഎഫിന് സാധിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം എല്ലാ മുതിർന്ന നേതാക്കളുമായും സംസാരിച്ച ശേഷമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഉമ മികച്ച സ്ഥാനാർത്ഥിയാണ്. ചിട്ടയായ പ്രവർത്തനവും നിയോജക മണ്ഡലത്തിന്റെ പാരമ്പര്യവും സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യുമെന്നും സതീശൻ പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസങ്ങളടക്കം തിരിച്ചടിയായിട്ടുണ്ടെന്നാണ് മുൻ തെരഞ്ഞെടുപ്പ് അനുഭവങ്ങളിൽ നിന്നും പഠിച്ചത്. അതുൾക്കൊണ്ട് തൃക്കാക്കരയിൽ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്താൻ സാധിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എതിർപ്പുകൾ ചെറിയ പക്ഷമാണ്. മുതിർന്ന നേതാക്കൾ എതിർപ്പുയർത്തിയവരുമായി സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.