തിരുവനന്തപുരം: ബംഗാളിയാണെങ്കിലും മലയാളികൾക്ക് ഏറെ പരിചിതമായ ശബ്ദമാണ് ശ്രേയാ ഘോഷാലിന്റെത്. അടുത്തകാലത്തായി പുറത്തിറങ്ങിയ പാട്ടുകളിൽ നല്ലൊരു പങ്ക് മികച്ച ഗാനങ്ങളും ആലപിച്ചത് ശ്രേയാ ഘോഷാലാണ്. എന്നാൽ അന്യസംസ്ഥാനത്തു നിന്നുള്ള പാട്ടുകാർ കൂടുതൽ മലയാളം പാട്ടുപാടാൻ എത്തുമ്പോൾ പിന്നണി ഗായകർക്ക് അവസരം കുറയാറുണ്ട്. ഇങ്ങനെ അവസരം കുറയുന്നത് കൂടുതലായ സാഹചര്യത്തിലാണ് ഇതിനെതിരെ വിമർശനവുമായി ഗായിക കെഎസ് ചിത്ര രംഗത്തെത്തിയത്.

ശ്രേയാഘോഷാലിന് അവസരങ്ങൾ നൽകുന്നതിനെതിരെ പരസ്യവിമർശനവുമായാണ് ചിത്ര രംഗത്തെത്തിയത്. ഇവിടെയുള്ളവർക്കും പരിഗണന നൽകണമെന്നതാണ് ചിത്രയുടെ പക്ഷം. നന്നായി പാട്ടു പാടിയാൽ മലയാളി ആരേയും അംഗീകരിക്കും. എന്നാൽ മറ്റിടങ്ങളിൽ അങ്ങനെയല്ലെന്നും അവർ പറഞ്ഞു. ശ്രേയ ഘോഷാൽ ഒന്നാന്തരം പാട്ടുകാരിയാണെന്നതിൽ ചിത്രയ്ക്ക് ഒരു സംശയവുമില്ല. എന്നാലും അതിനൊപ്പം നമ്മുടെ കുട്ടികൾക്കും അവസരം നൽകണം.

റിയാലിറ്റിഷോകൾ കുട്ടികൾക്ക് നല്ലൊരു പരിശീലനക്കളരിയാണ്. പിന്നണിയിൽ പാടുകയെന്നത് കരിയർ ആക്കിയെടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. കാരണം ഒരുപാട് ഗായകർ ഇപ്പോൾ തന്നെയുണ്ട്. പിന്നണിഗായകർക്ക് സിനിമയിൽ പ്രധാന്യം കുറഞ്ഞു വരികയാണെന്നും ചിത്ര പറഞ്ഞു. മുമ്പൊക്കെ പാടുന്നത് ഒരു പ്രൊഫഷനായി സ്വീകരിക്കാൻ പുതിയ ഗായകരോടു പറയുമായിരുന്നു. ഇന്ന് അങ്ങനെ പറയാൻ കഴിയില്ല.

സംഗീതത്തിൽ ഒഴുക്കിനൊപ്പം നീങ്ങുന്നതാണ് നല്ലത്.ന്യൂജനറേഷൻ സംഗീതം, പഴയ സംഗീതം എന്നിങ്ങനെ വേർ തിരിച്ചു കാണുന്നതിൽ അർത്ഥമില്ല. നമ്മുടെ ജീവിത രീതികളെല്ലാം മാറി. അതുപോലെ സംഗീതവും മാറുന്നു. എല്ലാറ്റിനോടും പരാതി പറഞ്ഞ് നടന്നിട്ട് കാര്യമില്ല. പാട്ട് പാടി റെക്കോർഡ് ചെയ്തു കഴിഞ്ഞാൽ പിന്നെ എന്റെ പണി കഴിഞ്ഞു. അതു ഏതു രീതിയിൽ എങ്ങനെ മിക്‌സു ചെയ്തു എന്നു ചോദിക്കാറില്ല. റിയാലിറ്റി ഷോകളിലൂടെ കുട്ടികൾക്ക് നല്ല പരിശീലനം കിട്ടുന്നുണ്ട്. ഷോയുടെ ഷൂട്ടിങ് എല്ലാം റിയാലിറ്റി അല്ലെന്നും ചിത്ര പറഞ്ഞു.

സർക്കാരിന്റെ ഓണാഘോഷത്തിന് പാട്ടുപാടാൻ തലസ്ഥാനത്തെത്തിയതായിരുന്നു ചിത്ര. കുറച്ചുവർഷമായി താൻ ഓണം ആഘോഷിക്കാറില്ലെന്നും ഓർമ്മകളിലെ ഓണത്തിന് കുട്ടിക്കാലത്തിന്റെ മണമാണെന്നും ചിത്ര പറഞ്ഞു.