- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകരക്കാരനായി എത്തി പകരം വയ്ക്കാനാവാത്ത കലാകാരനായി മാറി; കോഴിക്കോട്ടെ നാടകരംഗത്ത് നടനും സംവിധായകനുമായി തിളങ്ങിയ കെ.എസ്.കോയ അന്തരിച്ചു; 66 കാരനായ നാടകപ്രവർത്തകൻ കലാകാരന്മാരുടെ സംഘടനയായ 'നന്മ'യുടെ സംസ്ഥാന സെക്രട്ടറിയും
കോഴിക്കോട്: പ്രശസ്ത നാടക പ്രവർത്തകൻ കെ എസ് കോയ (66) കുണ്ടുങ്ങൽ മാളിയക്കൽ റോഡിലെ വസതിയിൽ നിര്യാതനായി.കലാകാരന്മാരുടെ സംഘടനയായ 'നന്മ' യുടെ സംസ്ഥാന സെക്രട്ടറിയും ജില്ലാ ജനറൽ സെക്രട്ടറിയുമാണ്. ഫ്രാൻസിസ് റോഡ് ചിന്ത ആർട്സ് സെന്ററിന്റെ സ്ഥാപക ഭാരവാഹിയും സി പി എം നടേലം ബ്രാഞ്ച് സെക്രട്ടറിയുമാണ്. വിലങ്ങുകൾ എന്ന നാടകത്തിലൂടെയാണ് അഭിനയ ജീവിതത്തിന്റെ തുടക്കം. തുടർന്ന് കയ്യൂരിന്റെ മക്കൾ, തെലുങ്കാന, നമ്മളെന്ന്, മരിക്കാൻ മനസില്ല, തമ്പുരാന്റെ പല്ലക്ക്, കാട്ടു കടന്നൽ, ശാരദ, ഒരു പിടി വറ്റ്, വിനീത വിധേയൻ, ആറാമിന്ദ്രിയം, ക്ഷണിക്കുന്നു കുടുംബ സമേതം, ആൾമാറാട്ടം, പടനിലം, മേടപ്പത്ത് തുടങ്ങി നിരവധി നാടകങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പത്ത് നാടകങ്ങൾ സംവിധാനം ചെയ്തു. ഒരു നാടകത്തിന്റെ രചന നിർവ്വഹിച്ചു.
ഭാര്യ: ശെരീഫ.മക്കൾ: വസീം, അനീസ് (ഇരുവരും ദുബൈ), റുബീല.മരുമക്കൾ: മനാഫ് (കുവൈറ്റ്), സജ്‌ന, ജുസൈന.
കോഴിക്കോട് ഫ്രാൻസിസ് റോഡിനടുത്തുള്ള യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച കോയ പതിയെ അരങ്ങിനെ പ്രണയിക്കുകയായിരുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം വലിയങ്ങാടിയിൽ ജോലി ചെയ്യുമ്പോഴാണ് അമച്വർ നാടകരംഗവുമായി ബന്ധപ്പെടുന്നത്. അദ്ദേഹം സെക്രട്ടറിയായ ചിന്ത ആർട്സ് സെന്ററിന്റെ ഒന്നാം വാർഷികത്തിന് ഒരു നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു. എ ടി എ കോയ എഴുതി പി കമാൽ സംവിധാനം ചെയ്ത വിലങ്ങുകൾ എന്ന നാടകത്തിൽ പകരക്കാരനായാണ് അഭിനയ ജീവിതത്തിന്റെ തുടക്കം. പിന്നീട് കോഴിക്കോട് ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ കയ്യൂരിന്റെ മക്കൾ നാടകത്തിൽ ചിരുകണ്ടനായി വേഷമിട്ടു.
അടുത്ത വർഷം തെലുങ്കാന എന്ന നാടകത്തിൽ അഭിനയിച്ചു. തുടർന്ന് അക്ഷയ തിയേറ്റേഴ്‌സ് അവതരിപ്പിച്ച ചെറുകാടിന്റെ നമ്മളൊന്നിൽ മുഹമ്മദിന്റെ വേഷം അവതരിപ്പിച്ചു. സംഗമം തിയേറ്റേഴ്‌സിൽ എത്തിയ കെ എസ് കോയ കെ എം രാഘവൻ നമ്പ്യാർ രചിച്ച മരിക്കാൻ മനസില്ല, തിക്കോടിയൻ രചിച്ച തമ്പുരാന്റെ പല്ലക്ക് എന്നീ നാടകങ്ങളിലൂടെ ശ്രദ്ധേയനായി. കുഞ്ഞാണ്ടിയും ശ്രീധരൻ മാഷും ചേർന്ന് സംവിധാനം ചെയ്ത കാട്ടു കടന്നലായിരുന്നു മറ്റൊരു ശ്രദ്ധേയ നാടകം. തുടർന്ന് സൂര്യഗ്രഹണം, ഭ്രമിക, ഇനിയും ഉണരാത്തവർ, നന്ദി വീണ്ടും വരിക, അച്ചുതന്റെ സ്വപ്നം, ഒറ്റപ്പെട്ടവന്റെ ശബ്ദം, ധർമ്മ ചക്രം, ശാരദ, ഒരു പിടി വറ്റ്, വിനീത വിധേയൻ, ആറാമിന്ദ്രിയം, ലക്ഷ്മണ രേഖ , ക്ഷണിക്കുന്നു കുടുംബ സമേതം, അരവിന്ദൻ സാക്ഷിയാണ്, ജ്ഞാനപീഠം, മാട്രിമോണിയൽ. കോം, ആൾമാറാട്ടം, അക്കരപ്പച്ച, പടനിലം, മേടപ്പത്ത്, ഒരു തെരുവിന്റെ കഥ തുടങ്ങി നിരവധി നാടകങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പത്ത് നാടകങ്ങൾ സംവിധാനം ചെയ്യുകയും ഒരു നാടകം എഴുതുകയും ചെയ്തിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. എസ് സുരേഷ് ബാബു രചിച്ച് വിനയൻ സംവിധാനം ചെയ്ത ദാദാസാഹിബ് എന്ന സിനിമയിൽ മമ്മൂട്ടിക്ക് ഇരട്ട വേഷമായിരുന്നു. ഇതിൽ ബാപ്പ കഥാപാത്രത്തിന്റെ സംഭാഷണം മലബാർ ശൈലിയിലേക്ക് മാറ്റിയത് കോയയായിരുന്നു. എണ്ണപ്പാടം നോവൽ സീരിയൽ ആക്കിയപ്പോൾ സംഭാഷണം മാറ്റിയെഴുതിയതും കെ എസ് കോയയായിരുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.