മുംബൈ: കേരളത്തിൽ വിവിധ മന്ത്രിസഭകളിലായി കൃഷി, ധനം, എക്സൈസ് തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായി ചുമതല നിർവഹിച്ച കെ.ശങ്കരനാരായണൻ 2007ലാണ് നാഗലാൻഡ് ഗവർണറായി നിയമിതനാകുന്നത്. 2009ൽ ഝാർഖണ്ഡിലും 2010ൽ മഹാരാഷ്ട്രയിലും മാറ്റി നിയമിക്കപ്പെട്ടു. കാലാവധി തികച്ച ശേഷം 2012ൽ മഹാരാഷ്ട്രയിൽ രണ്ടാമതും നിയമിക്കപ്പെട്ടു. 2014ൽ മിസോറമിലേക്ക് മാറ്റപ്പെട്ടതിന് പിന്നാലെ സ്ഥാനം ഒഴിഞ്ഞ് പിൻവാങ്ങുകയായിരുന്നു.

2014-മഹാരാഷ്ട്ര ഗവർണർ സ്ഥാനമൊഴിഞ്ഞ ശേഷം കെ.ശങ്കരനാരായണനും ഭാര്യ രാധയും രാജ്ഭവന്റെ പടിയിറങ്ങുമ്പോൾ വികാരനിർഭരമായ യാത്രയപ്പാണ് പൃഥ്വിരാജ് ചവാന്റെ നേതൃത്വത്തിലുള്ള അന്നത്തെ മഹാരാഷ്ട്ര മന്ത്രിസഭ നൽകിയത്. മലയാളികളായ ഡോ. പി.വി. ചെറിയാനും പി.സി. അലക്‌സാണ്ടറും ഗവർണർമാരായി മുമ്പെ മഹാരാഷ്ട്രയിലെത്തിയിട്ടുണ്ട്. പക്ഷേ, ശങ്കരനാരായാണൻ ഗവർണറായി എത്തിയതിന് ശേഷം ഒരു ജനാധിപത്യ ഭരണകൂടത്തിൽ ഗവർണർ എങ്ങനെ വേണമെന്ന് പ്രവർത്തിയിലൂടെ തെളിയിച്ചു. രാജ്ഭവന്റെ വാതിൽ ജനങ്ങൾക്ക് മുന്നിൽ മലർക്കെ തുറന്നിട്ടത്. മഹാരാഷ്ട്ര രാജ്ഭവനെ ജനകീയമാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.

മറ്റുഗവർണർമാരിൽ നിന്ന് വ്യത്യസ്തമായി ബഡ്ജറ്ററി അധികാരങ്ങൾകൂടി മഹാരാഷ്ട്ര ഗവർണറിൽ നിക്ഷിപ്തമായിരുന്നു. തനിക്കും തന്റെ മന്ത്രിസഭയിലെ അംഗങ്ങൾക്കും നിർണായക ഘട്ടങ്ങളിൽ ശങ്കരനായാണൻ തന്ന ബുദ്ധിപരമായ ഉപദേശം വലിയ പ്രയോജനം ചെയ്താതായി മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പൃഥ്വിരാജ് ചവാൻ പറഞ്ഞിട്ടുണ്ട്.

ഗവർണറായിരിക്കുമ്പോൾ പലവിധ സമ്മർദ്ദങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും ഭരണഘടനാ പദവി ദുരുപയോഗം ചെയ്യാൻ ഒരിക്കലും കൂട്ടാക്കിയില്ല. മഹാരാഷ്ട്രയിലെ 19 സർവകലാശാലകളുടെ ചാൻസലർകൂടിയായിരുന്നു അദ്ദേഹം. ഈ സർവകലാശലകളിലേക്ക് വൈസ് ചാൻസലർമാരെ തിരഞ്ഞെടുത്തത് ജഡ്ജിമാരടങ്ങുന്ന പാനൽ വിദഗ്ധ പരിശോധനയും അഭിമുഖവും നടത്തിയാണ്. സ്വകാര്യ സർവകലാശാലകൾ അനുവദിക്കാൻ സർക്കാർ നിർദ്ദേശമുണ്ടായിട്ടും അത്തരം ഓർഡിനൻസ് പുറപ്പെടുവിക്കാൻ ശങ്കരനാരായണൻ വിസമ്മതിച്ചു. രാഷ്ട്രീയ നിയമനങ്ങൾ അവസാനിപ്പിച്ച് യോഗ്യത മാത്രം മാനദണ്ഡമാക്കിയുള്ള നിയമനങ്ങൾ അദ്ദേഹത്തെ ജനങ്ങൾക്കിടയിൽ സ്വീകാര്യനാക്കി.

മഹാരാഷ്ട്ര സർക്കാരുമായി നല്ല നിലയിലുള്ള ബന്ധം നിർത്തുമ്പോൾ തന്നെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ചില മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പും നൽകിയിരുന്നു. രാജ്ഭവനിലെ അനാവശ്യ ചെലവുകൾ നിയന്ത്രിച്ച് പകുതിയാക്കിയതും അദ്ദേഹത്തെ വ്യത്യസ്തനാക്കി.

ഗവർണർ എന്ന പദവിയുടെ സുഖാലസ്യത്തിൽ നിന്ന് ആ പദവിയെ മോചിപ്പിക്കുകയും അതിന്റെ ഭരണഘടനാപരമായ ബാധ്യതകൾ എന്തൊക്കെയുണ്ടോ അതിന് മറ്റൊരു മാനം നൽകുകയും ചെയ്തു ശങ്കരനാരായണൻ.

കേരള രാഷ്ട്രീയത്തിൽ സജീവമായിരുന്ന ശങ്കരനാരായണൻ 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയത്. തൊട്ടടുത്ത വർഷം അരുണാചൽ പ്രദേശിന്റെ ഗവർണറായി ചുമതല നൽകിയാണ് കോൺഗ്രസ് നേതൃത്വം അദ്ദേഹത്തിന്റെ ഭരണ പരിചയം വിനിയോഗിച്ചത്. തുടർന്ന് ആറ് സംസ്ഥാനങ്ങളിലാണ് അദ്ദേഹം ഗവർണറായി പ്രവർത്തിച്ചത്. നാല് വർഷത്തിലേറെ അധികാരത്തിലിരുന്ന മഹാരാഷ്ട്രയിലാണ് അദ്ദേഹം ഏറ്റവും കൂടുതൽ കാലം ഗവർണറായി ഇരുന്നത്.

കേന്ദ്രത്തിൽ ഭരണം മാറിയാൽ ആദ്യം തെറിക്കുന്ന തലകൾ ഗവർണർമാരുടേതാണ്. 2014-ൽ അധികാരത്തിലേറിയ മോദി സർക്കാരും അതാവർത്തിച്ചു. മഹാരാഷ്ട്ര ഗവർണറായി തുടരുന്നതിനിടെ കെ.ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഗവർണർ പദവി അവസാനിക്കാൻ മൂന്നു വർഷം ബാക്കി നിൽക്കെയായിരുന്നു ഇത്. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ കൂടിയായിരുന്നു അർധരാത്രിയിലെ ആ സ്ഥലംമാറ്റം

കേരള രാഷ്ട്രീയം തിളച്ചുമറിഞ്ഞ നാളുകളിൽ ഐക്യജനാധിപത്യ മുന്നണിയുടെ കരുത്തനായ കൺവീനറെന്ന നിലയിലുള്ള ജീവിതമായിരുന്നു ശങ്കരനാരായണന്റേത്. കേരള രാഷ്ട്രീയത്തിലെ ഒട്ടേറെ സുപ്രധാന മുഹൂർത്തങ്ങൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പാലക്കാട്ടെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് കോൺഗ്രസിന്റെ താഴെത്തട്ടിൽ നിന്നു തുടങ്ങിയ രാഷ്ട്രീയ ജീവിതത്തിലെ സംഭവവികാസങ്ങൾ ശങ്കരനാരായണൻ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അനുപമം ജീവിതം' എന്ന ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ലീഡർ കെ. കരുണാകരൻ തനിക്കു ലഭിക്കേണ്ട സ്ഥാനമാനങ്ങൾ വെട്ടിമാറ്റിയെന്ന് അദ്ദേഹം ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നു.

1977-1978ൽ കെ.കരുണാകരൻ, എ.കെ. ആന്റണി മന്ത്രിസഭകളിൽ കൃഷി, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആന്റണി മന്ത്രിസഭയിലെ ധനകാര്യ-എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു. 1985 മുതൽ 2001 വരെ നീണ്ട പതിനാറ് വർഷം യു.ഡി.എഫ് കൺവീനറായിരുന്നു. തൃത്താല, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, പാലക്കാട് മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലെത്തി. 1986 മുതൽ 2001 വരെയുള്ള ദീർഘകാലയളവിൽ യുഡിഎഫ് കൺവീനറായിരുന്നു. സംഘടനാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.