- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യ തുല്യതക്കു വേണ്ടി കവിതയിലും ജീവിതത്തിലും കവി ഉയർത്തിക്കൊണ്ടു വരുന്ന പോരാട്ടങ്ങളെ ഫാസിസ്റ്റ് വർഗീയവാദികൾ ഭയക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ വിലക്കെന്ന് പുരോഗമനകലാ സാഹിത്യ സംഘം; കവി സച്ചിദാനന്ദന് എതിരെയുള്ള ഫെയ്സ് ബുക്ക് വിലക്ക് ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: കവി സച്ചിദാനന്ദനു നേരെയുള്ള ഫേസ് ബുക്ക് വിലക്കിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് പുരോഗമന കലാസാഹിത്യ സംഘം. പ്രിയപ്പെട്ട കവി സച്ചിദാനന്ദനെ ഫേസ് ബുക്ക് വിലക്കിയിരിക്കയാണ്. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതക്കും നേരെ സച്ചിദാനന്ദൻ ഉയർത്തിക്കൊണ്ടു വരുന്ന സർഗാത്മകമായ നിരന്തര ജാഗ്രതക്കു നേരെയാണ് ഫേസ് ബുക്ക് വിലക്കെന്ന് സംഘടനാ പ്രസിഡന്റ് ഷാജി എൻ കരുൺ അഭിപ്രായപ്പെട്ടു.
മലയാളത്തിന്റെ മാത്രമല്ല ലോകത്തിന്റെ കവിയാണ് സച്ചിദാനന്ദൻ. അതിർത്തികളില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ മഹത്തായ കവിതകളാണ് സച്ചിദാനന്ദൻ നമുക്ക് തരുന്നത്. തെരുവായ തെരുവുകളില്ലാം കത്തിപ്പടരുന്ന വാക്കുകളാണത്. ഉന്നതമായ നീതിബോധം അത് ഉയർത്തിപ്പിടിക്കുന്നു. മനുഷ്യ തുല്യതക്കു വേണ്ടി കവിതയിലും ജീവിതത്തിലും കവി ഉയർത്തിക്കൊണ്ടു വരുന്ന പോരാട്ടങ്ങളെ ഫാസിസ്റ്റ് വർഗീയവാദികൾ ഭയക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ വിലക്ക്. കാരുണ്യത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മാനവികതയുടെയും കവിതയിലെ വെളിച്ചത്തെ വിലക്കുകൾ കൊണ്ടും ഭീഷണി കൊണ്ടും മറയ്ക്കാനാവില്ല. സച്ചിദാനന്ദനെതിരായ ഫേസ് ബുക്ക് വിലക്കിൽ പ്രതിഷേധിക്കണമെന്ന് മുഴുവൻ ജനാധിപത്യവാദികളോടും അഭ്യർത്ഥിക്കുന്നുവെന്നും ഷാജി എൻ കരുൺ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും വ്യാജ പ്രചരണം നടത്തിയ കവി സച്ചിദാനന്ദന് ഫേസ്‌ബുക്ക് വിലക്ക് ഏർപ്പെടുത്തിയെന്നതാണ് സൂചന. ഫേസ്‌ബുക്കിലൂടെ നിരന്തരമായി പ്രകോപനപരമായ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് വിലക്ക്. ആദ്യപടിയായ താക്കീതിനായി 24 മണിക്കൂർ പോസ്റ്റും ലൈക്കും വിലക്കിയിരിക്കുകയാണ്. ഫേസ്‌ബുക്കിനെ നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. ഇതിനെയാണ് പുരോഗമന കലാസാഹിത്യ സംഘം എതിർക്കുന്നത്.
ഇന്നലെ രാത്രി മുതലാണ് സച്ചിദാനന്ദനെ വിലക്കിയത്. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെതിരെയും ്രപധാനമന്ത്രിക്കെതിരെയുമുള്ള ഒരു വ്യാജവീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നുവെന്നാണ് ആരോപണം. സംഭവത്തെ കുറിച്ച് സച്ചിദാനന്ദൻ പറയുന്നത് ഇങ്ങനെ: ഏപ്രിൽ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമന്റിനായിരുന്നു.
അതിനും മുമ്പും പല കമന്റുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ്‌ബുക്കിൽ നിന്നാണ് വന്നത്. അടുത്ത കുറി നിയന്ത്രിക്കുമെന്ന് അതിൽ തന്നെ പറഞ്ഞിരുന്നു. മെയ് ഏഴിന്റെ അറിയിപ്പിൽ പറഞ്ഞത് 24 മണിക്കൂർ ഞാൻ പോസ്റ്റ് ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തെയ്ക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ് ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്.
അവരുടെ കമ്യൂണിറ്റി സ്റ്റാൻഡേഡ്സ് ലംഘിച്ചു എന്നാണ് പരാതി. ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും .ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു. ഇങ്ങിനെ വിമർശനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ Lancet-ൽ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ You are trying to post something other people on Facebook have found abusive' എന്ന മെസ്സേജ് ഇപ്പോൾ ഫേസ് ബുക്കിൽ നിന്നു കിട്ടി. ഇതിന്നർത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേ ഉണ്ടെന്നാണെന്നും സച്ചിദാനന്ദൻ വിശദീകരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ