ആലപ്പുഴ: സ്വന്തം ജീവിതം പിറന്ന നാടിനും വിശ്വസിച്ച പ്രസ്ഥാനത്തിനും സമർപ്പിച്ച സമർപ്പിത ജീവിതത്തിന്റെ ഉടമയായിരുന്നു പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ എന്ന്

ബിജെപി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ പറഞ്ഞു. നാടിന്റെ ഉൾത്തുടിപ്പുകളെ തൊട്ടറിഞ്ഞ് അന്ത്യോദയത്തിലൂടെ സർവ്വോദയം ലക്ഷ്യമാക്കി കാലത്തിന് മുന്നേ നടന്ന ആ ദാർശനികന്റെ ചിന്തകൾ ഇന്ന് നാടിന്റെ സമൂലമായ മാറ്റത്തിന് കാരണമാവുകയാണ്. പ്രവർത്തകർ മാതൃകയും അനുകരിക്കുകയും ചെയ്യേണ്ട ജീവിതമാണ് ദീനദയാൽജിയുടേതെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ നിയോജകമണ്ഡലം ടൗൺ ഏരിയയിൽ 148 ആം നമ്പർ ബൂത്ത് സംഘടിപ്പിച്ച പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണവും സമർപ്പണ നിധി ശേഖരണത്തിന്റെയും ജില്ലാതല ഉത്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൂത്ത് പ്രസിഡണ്ട് മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ ആമുഖ പ്രഭാഷണം നടത്തി. ഏരിയ ജനറൽ സെക്രട്ടറി മനു ഉപേന്ദ്രൻ, ബൂത്ത് സെക്രട്ടറി എസ്.മുരുകൻ, ഏരിയ സെക്രട്ടറി നിഖിൽ, വാർഡ് കൗൺസിലർ പാർവ്വതി സംഗീത് എന്നിവർ സംബന്ധിച്ചു.