- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ പേരിൽ തെരുവിൽ കൈകാര്യം ചെയ്യാനാണ് തീരുമാനമെങ്കിൽ അത് കൈയും കെട്ടിനോക്കി നിൽക്കില്ല; കോൺഗ്രസ് പകരം ചോദിക്കാൻ ഇറങ്ങിയാൽ സിപിഎമ്മിന്റെ പൊടിപോലും കാണില്ല എന്നും കെ.സുധാകരൻ
തിരുവനന്തപുരം: ഭരണത്തിന്റെ തണലിൽ സംസ്ഥാനവ്യാപകമായി കോൺഗ്രസ് പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ സിപിഎമ്മിന്റെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം നടന്നിട്ടും പൊലീസും മുഖ്യമന്ത്രിയും മൗനിബാബയെപ്പോലെ പെരുമാറുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കളെ തെരുവിൽ കൈകാര്യം ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കിൽ കോൺഗ്രസ് അത് കൈയും കെട്ടിനോക്കി നിൽക്കുമെന്ന് കരുതരുത്. അണികളെ നിലയ്ക്ക് നിർത്താൻ സിപിഎം നേതൃത്വം തയ്യാറാകണം. കോൺഗ്രസ് പാർട്ടി ഓഫീസിനും നേതാക്കൾക്കും പിണറായി വിജയന്റെ പൊലീസിന് സംരക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ അത് ഭംഗിയായി നിറവേറ്റാൻ പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ സന്നദ്ധരാണ്. ഉമ്മാക്കികാട്ടി കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് സിപിഎം കരുതിയെങ്കിൽ അത് വെറും മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.
കോൺഗ്രസ് ഓഫീസുകൾക്കും പ്രവർത്തകർക്കുമെതിരെ നടക്കുന്ന അക്രമങ്ങൾ തടയാൻ പൊലീസ് ഒന്നും ചെയ്യുന്നില്ല. പതിനാല് ജില്ലയിലും സിപിഎം അക്രമ പരമ്പരകൾ നടത്തി അഴിഞ്ഞാടുകയാണ്.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്. പൊതുമുതൽ നശിപ്പിക്കുന്ന സിപിഎം ഗുണ്ടകൾക്ക് സംരക്ഷണം ഒരുക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രിയുടെ പൊലീസ്. ജനപ്രതിനിധിയായ മാത്യൂകുഴൽനാടൻ ഉൾപ്പെടെയുള്ള നേതാക്കളെ ഡിവൈഎഫ് ഐ ഗുണ്ടകൾ കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തി. മൂവാറ്റുപുഴ ടിബിയിൽ ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് മാത്യൂകുഴൽ നാടനെതിരെ കയ്യേറ്റ ശ്രമം ഉണ്ടായത്. കൊല്ലം എംപി പ്രേമചന്ദ്രൻ, കായംകുളം യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അരിതാ ബാബു തുടങ്ങിയവർക്കെതിരെയും അതിക്രമം നടന്നു.
കൊലപാതകങ്ങളുടെ പേരിൽ കോൺഗ്രസ് പകരം ചോദിക്കാൻ ഇറങ്ങിയിരുന്നെങ്കിൽ കേരളത്തിൽ സിപിഎമ്മിന്റെ പൊടിപോലും കാണില്ലായിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമല്ല കോൺഗ്രസിന്റെത്. ജനാധിപത്യബോധം എന്താണെന്ന് നല്ല തിരിച്ചറിവുള്ള പ്രസ്ഥനമാണ് കോൺഗ്രസ്. തലയ്ക്ക് വെളിവില്ലാത്ത നേതാക്കളുള്ള സിപിഎമ്മിന് ജനാധിപത്യമര്യാദ തീണ്ടാപ്പാട് അകലെയാണ്.
കലാപത്തിന്റെയും കൊലപാതകരാഷ്ട്രീയത്തിന്റെയും വക്താക്കളായ സിപിഎമ്മുകാർ ഇപ്പോൾ വ്യാപകമായി നുണപ്രചരണം നടത്തി ഇടുക്കി കൊലപാതകത്തിന്റെ പേരിൽ കെപിസിസിയെ പ്രതിക്കൂട്ടിൽ കയറ്റാനുള്ള വൃഥാശ്രമം നടത്തുകയാണ്.ബോംബു നിർമ്മാണവും ആയുധ ശേഖരണവും കുലത്തൊഴിലാക്കിയ പ്രസ്ഥാനമാണ് സിപിഎം. ജനം ഇതെല്ലാം തിരിച്ചറിയുന്നുണ്ട്.ഇടുക്കി സംഭവുമായി ബന്ധപ്പെട്ട പച്ചയായ യാഥാർത്ഥ്യം ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ സംഭവം നടന്ന അന്ന് തന്നെ കോളേജിലെ ചില വിദ്യാർത്ഥികൾ മാധ്യമങ്ങളുമായി ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇടുക്കി കോളേജിലെ അനിഷ്ടസംഭവത്തിലേക്ക് നയിച്ച യഥാർത്ഥ്യം പുറത്തുവരാതിരിക്കാനായി സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടു.ഇടുക്കി കോളേജിലെ കൊലപാതകം ആകസ്മികമായി നടന്നതാണെന്ന് പൊലീസ് സൂപ്രണ്ട് തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നാൽ അത് അംഗീകരിക്കാൻ തയ്യാറാകാത്ത സിപിഎം അവരുടെ തിരക്കഥയ്ക്ക് അനുസരിച്ച് പെരുമാറാൻ എസ്‌പിയെ ഭീഷണിപ്പെടുത്തുകയാണെന്നും സുധാകരൻ പറഞ്ഞു.




