- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂലൈയിൽ മാത്രം 12 ആത്മഹത്യകൾ; മൂന്നുദിവസത്തിനിടെ രണ്ട് കർഷക ആത്മഹത്യകൾ; ഇടതുസർക്കാർ കയ്യുംകെട്ടി ഇരിക്കുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ദിനംപ്രതി കർഷകർ ഉൾപ്പെടെയുള്ള പാവപ്പെട്ടവർ ആത്മഹത്യ ചെയ്യുന്ന അത്യന്തം സ്ഫോടനാത്മകായ സ്ഥിതിവിശേഷം സംസ്ഥാനത്ത് ഉണ്ടായിട്ടും ഇടതുസർക്കാർ കയ്യുംകെട്ടി ഇരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ഇനിയെത്ര ജീവനെടുത്താലാണ് സർക്കാർ ഉണരുകയെന്ന് അദ്ദേഹം ചോദിച്ചു.
ജൂലൈ മാസത്തിൽ മാത്രം 12 പേരാണ് ആത്മഹത്യ ചെയ്തത്. പാലക്കാട് മൂന്നു ദിവസത്തിനിടയിൽ രണ്ടു കർഷകർ ആത്മഹത്യ ചെയ്തു. എലവഞ്ചേരി കരിങ്കുളം സ്വദേശി കണ്ണൻകുട്ടി കൃഷിക്കെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണിമൂലമാണ് ജീവനൊടുക്കിയത്. വള്ളിക്കോട് പറളോടി വേലുക്കുട്ടിയും വട്ടിപ്പലിശക്കാരെ ഭയന്ന് ജീവനൊടുക്കി. ഇടുക്കിയിൽ ഏലം കർഷകൻ സന്തോഷാണ് മരിച്ചത്.
തിരുവനന്തപുരം നന്തൻകോട്ട് സ്വർണപ്പണിക്കാരൻ മനോജും കുടുംബവും കൂട്ടആത്മഹത്യ നടത്തി. അടിമാലിയിൽ ബേക്കറി കടയുടമ വിനോദ്, തിരുവനന്തപുരം തച്ചോട്ടുകാവിൽ സ്റ്റേഷനറി കടയുടമ വിജയകുമാർ, പാലക്കാട്ട് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പൊന്നുമണി, വയനാട്ടിൽ ബസുടമ പിസി രാജാമണി, തൃശൂരിൽ ഡ്രൈവർ ശരത്തും പിതാവ് ദാമോദരനും തുടങ്ങി നാനാ ജീവിതതുറകളിൽപ്പെട്ടവരാണ് ആത്മഹത്യ ചെയ്തത്.
സംസ്ഥാനത്ത് ജനങ്ങൾ ഈയംപാറ്റപോലെ മരിച്ചുവീഴുമ്പോൾ സർക്കാർ ഇതൊന്നും അറിഞ്ഞ മട്ടില്ല. മൊറട്ടോറിയം അവസാനിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങിയവർക്ക് ബാങ്കുകൾ തലങ്ങും വിലങ്ങും നോട്ടീസ് അയയ്ക്കുകയാണ്. എന്നാൽ ബാങ്കുകളുടെ യോഗം വിളിക്കാൻ സർക്കാർ തയാറല്ല. കൂടുതൽ വായപ്കളും വായ്പാ പുനക്രമീകരണവും ഉണ്ടെങ്കിൽ മാത്രമേ ജനങ്ങൾക്ക് പിടിച്ചുനില്ക്കാനാവൂ. ഇപ്പോഴത്തെ അതീവ ഗുരുതര സാഹചര്യത്തിൽ ബാങ്ക് റിക്കവറികൾ അനുവദിക്കരുത്. വട്ടിപ്പലിശക്കാരെ നിയന്ത്രിച്ചില്ലെങ്കിൽ കൂടുതൽ ജീവനുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കും.
കേരളത്തിലിപ്പോൾ ക്ഷാമമില്ലാത്തത് സർക്കാരിന്റെ പാക്കേജുകൾക്കു മാത്രമാണ്. കോവിഡ് രണ്ടാംതരംഗത്തെ നേരിടാൻ പ്രഖ്യാപിച്ച 40,000 കോടിയുടെ പാക്കേജിന്റെ പൊടിപോലും കാണാനില്ല. ബജറ്റിൽ പ്രഖ്യാപിച്ച കോവിഡ് കരുതൽ പാക്കേജും കുറഞ്ഞ പലിശയിൽ വായ്പയുമൊക്കെ വാചാടോപമായി അവശേഷിക്കുന്നു.
ഗൾഫിൽ നിന്നു മടങ്ങിവന്ന 15 ലക്ഷം പേരാണ് ജോലി നഷ്ടപ്പെട്ട അവസ്ഥയിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. പ്രവാസികൾക്കും കോടികളുടെ പ്രഖ്യാപനം ഉണ്ടായെങ്കിലും ആർക്കും പ്രയോജനം കിട്ടിയില്ല. കട തുറക്കാൻ കഴിയാതെ വ്യാപാരികളും വലിയ പ്രതിസന്ധിയിലാണ്.
ഭരണകക്ഷിയും അവരുടെ സിൽബന്ധികളുമൊഴികെ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണെന്ന യാഥാർത്ഥ്യം സർക്കാർ കണ്ണുതുറന്നു കാണുകയും എത്രയും വേഗം നടപടികൾ സ്വീകരിക്കുകയും വേണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ