- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടിൽ മരംമുറിക്കേസ് സർക്കാർ അട്ടിമറിക്കുന്നു; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് പ്രതികളെ സംരക്ഷിക്കാൻ; മുഖ്യമന്ത്രിയുടെ പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്നും കെ സുധാകരൻ
തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസ് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അതിന് തെളിവാണ് കുറ്റപത്രം സമർപ്പിക്കുന്നതിൽ പൊലീസ് കാലവിളംബം വരുത്തിയതിന്റെ പേരിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. മുട്ടിൽ മരംമുറിക്കേസിന്റെ തുടക്കം മുതൽ കേസ് അന്വേഷണം തടസ്സപ്പെടുത്താനും പ്രതികളെ സംരക്ഷിക്കാനുമുള്ള നീക്കമാണ് ഉന്നതങ്ങളിൽ നടന്നത്. പ്രതികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും യഥാർത്ഥ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല. സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണമെന്ന അവശ്യം കോൺഗ്രസും യുഡിഎഫും മുന്നോട്ട് വെച്ചിങ്കിലും അത് സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറല്ല.
മുട്ടിൽ മരം മുറിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച വനം കൺസർവേറ്റർ എൻ ടി സാജനെതിരെ വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ റിപ്പോർട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ സംരക്ഷിച്ചത് മുഖ്യമന്ത്രി തന്നെയാണ്. വനംമാഫിയയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധമാണ് ഇതിന് കാരണം. മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ പ്രതികൾ നടത്തിയ ശ്രമങ്ങൾ സംബന്ധിക്കുന്ന ശബ്ദരേഖ ഉൾപ്പെടെയുള്ള നിർണ്ണായക രേഖകൾ പുറത്ത് വന്നിട്ടും കാര്യമായ അന്വേഷണം നടന്നിട്ടില്ല. മുട്ടിൽ മരംമുറിക്കേസിലെ പൊലീസ് അന്വേഷണം അനിശ്ചിതത്വത്തിലാകാൻ പ്രധാനകാരണം അന്വേഷണ ഉദ്യോഗസ്ഥനായ സുൽത്താൻ ബത്തേരി ഡിവൈഎസ്‌പിയുടെ പൊടുന്നനെയുള്ള സ്ഥലംമാറ്റമാണ്. പിടികൂടിയ തടികളുടെ സാമ്പിൾ ശേഖരണം,വനം റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് എന്നിവ പരിശോധിക്കുക ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ബാക്കി നിൽക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
കടത്തിയ മരവുമായി എത്തിയ മരംലോറി ശരിയായ പരിശോധനയില്ലാതെ വിട്ടതിന് സസ്പെൻഷനിലായ ലക്കിടി ചെക്ക് പോസ്റ്റിലെ രണ്ടു സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരെ കഴിഞ്ഞ ദിവസം സർക്കാർ സർവീസിലേക്ക് തിരിച്ചെടുത്തിരുന്നു. കള്ളക്കാർക്കും വനംമാഫിയയ്ക്കൊപ്പമാണ് സർക്കാരെന്ന വ്യക്തമായ സന്ദേശമാണ് ഈ നടപടിയിലൂടെ സർക്കാർ നൽകിയതെന്നും സുധാകരൻ പരിഹസിച്ചു.
മറുനാടന് മലയാളി ബ്യൂറോ