- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്തുവർഷം മുമ്പ് മുല്ലപ്പെരിയാർ ഡാം ഇപ്പോൾ പൊട്ടും എന്ന് പറഞ്ഞ് മനുഷ്യചങ്ങല തീർത്തത് ആരാണ്? ഇപ്പോൾ ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിൽ അടയ്ക്കുമെന്നു പറയുന്നത് വങ്കത്തരം; പിണറായി പഴയതൊന്നും മറക്കരുതെന്നു കെ. സുധാകരൻ
തിരുവനന്തപുരം: പത്തുവർഷം മുമ്പ് മുല്ലപ്പെരിയാർ ഡാം ഇപ്പോൾ പൊട്ടും എന്നു പറഞ്ഞ് മുല്ലപ്പെരിയാർ മുതൽ കൊച്ചി വരെ മനുഷ്യച്ചങ്ങല തീർക്കുകയും ഘോരഘോരം പ്രസംഗിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടയ്ക്കുമെന്നു പറയുന്നത് വങ്കത്തരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. അന്ന് ഏറ്റവും കൂടുതൽ ഭീതി പരത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായിരുന്നു.
പ്രതിപക്ഷത്തിരുന്നപ്പോൾ മുൻ വൈദ്യുതമന്ത്രി എംഎം മണിയെപ്പോലുള്ള സിപിഎം നേതാക്കളാണ് മുല്ലപ്പെരിയാർ പ്രദേശത്തെ ഭൂചലനങ്ങളെ തുടർന്ന് ഡാമിന്റെ സുരക്ഷ സംബന്ധിച്ച പരിഭ്രാന്തി പടർത്താൻ മുന്നിൽ നിന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലനിൽപ്പ് സംബന്ധിച്ച് കേരളത്തിന് ആശങ്കയുണ്ടെന്നത് യാഥാർത്ഥ്യമാണ്. ആശങ്ക പ്രകടിപ്പിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാൻ ശ്രമിക്കുന്നതിന് പകരം അണക്കെട്ടിന് ഭീഷണിയുർന്നാൽ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് കേരളം നടത്തേണ്ടത്. അതോടൊപ്പം പുതിയ ഡാമിനുവേണ്ടിയുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയും വേണം. കേരളത്തിനു സുരക്ഷ, തമിഴ്നാടിന് വെള്ളം എന്ന് മുൻ യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാടാണ് അഭികാമ്യം.
ഡാമിന്റെ കാലപ്പഴക്കം, ബലക്ഷയം,ചോർച്ച എന്നിവ ഗുരുതരമായ വിഷയമാണ്. കാലവർഷത്തിന് പിന്നാലെ തുലാവർഷവും ശക്തിപ്പെടുകയാണ്. കാലവർഷക്കെടുതി നാം കണ്ടതും അനുഭവിച്ച് അറിഞ്ഞതുമാണ്. ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിലുള്ള ഏജൻസി തയ്യാറാക്കിയ റിപ്പോർട്ടിൽ ലോകത്ത് അപകടാവസ്ഥയിലുള്ള ആറുഡാമുകളിൽ ഒന്ന് മുല്ലപ്പെരിയാറാണ് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇതിൽ നാലെണ്ണം ഡികമ്മീഷൻ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.
അനാവശ്യ ആശങ്കയും ഭയവും പടർത്തുന്നതിന് പകരം കാര്യക്ഷമമായ സർക്കാർ ഇടപെടലുകളാണ് ആവശ്യം. പുതിയ ഡാം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയുമായി മുന്നോട്ട് പോകാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. കേരളത്തിലെ പ്രകൃതി ക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ അണക്കെട്ട് സംബന്ധിച്ച കേരളത്തിന്റെ പദ്ധതി റിപ്പോർട്ട് എത്രയും വേഗം പൂർത്തിയാക്കണം.
പ്രകൃതിയേയും ജനങ്ങളെയും ഒരുപോലെ ഗുരുതമായി ബാധിക്കുന്ന കെ റെയിൽ പദ്ധതിക്ക് പണം കണ്ടെത്തുന്നതിനെക്കാൾ സർക്കാർ മുൻഗണന നൽകേണ്ടത് മുല്ലപ്പെരിയാറിൽ ജനസുരക്ഷ മുൻ നിർത്തി പുതിയഡാം നിർമ്മിക്കുന്നതിനാണ്. ഇതിന് തമിഴ് നാടിന്റെ സഹകരണം ഉറപ്പാക്കണം. കേരള ജനതയുടെ സുരക്ഷ മുൻ നിർത്തിയുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ