- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അര കിലോ ഉണക്കമീൻ വാങ്ങാൻ പോകണമെങ്കിൽ ആർ ടി പി സി ആർ എടുക്കണമെന്ന് പറഞ്ഞാൽ നടക്കുമോ? മദ്യം വാങ്ങാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ട; കടകളിൽ നിന്ന് സാധനം വാങ്ങാൻ ഒരു വാക്സിനെങ്കിലും എടുക്കണമെന്നത് പരിഹാസ്യമെന്ന് കെ.സുധാകരൻ
തിരുവനന്തപുരം: സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങളെ രൂക്ഷമായി വിമർശിച്ച് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ആർ ടി പി സി ആർ എടുക്കാൻ പോയി വന്നിട്ട് സാധനം വാങ്ങാൻ പോകുന്നതൊക്കെ നടക്കുന്നതാണോയെന്ന് അദ്ദേഹം ചോദിച്ചു.
'ഒരു അര കിലോ ഉണക്കമീൻ വാങ്ങാൻ പോകണമെങ്കിൽ ആർ ടി പി സി ആർ എടുക്കണമെന്ന് പറഞ്ഞാൽ നടക്കുമോ? ഇതൊക്കെ ഒരു പരിഷ്കൃത സമൂഹത്തിന് മുൻപിൽ പറയേണ്ടതാണോ? കഷ്ടം'- സുധാകരൻ പറഞ്ഞു.
ആറ് ദിവസം ലോക്ക്ഡൗൺ ഇല്ലാ എന്നതാണ് പ്രതിപക്ഷം സ്വാഗതം ചെയ്തത്. അല്ലാതെ വാക്സിൻ സ്വീകരിച്ച ശേഷം കടയിൽ പോണമെന്നതല്ല. ഇവിടെ വാക്സിൻ കിട്ടാനുണ്ടോ? അതിന് ആരാ കുറ്റവാളി ജനങ്ങളാണോയെന്നും അദ്ദേഹം ചോദിച്ചു. ബിവറേജിൽ മദ്യം വാങ്ങാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ട, കടകളിൽ നിന്ന് സാധനം വാങ്ങാൻ ഒരു വാക്സിനെങ്കിലും എടുക്കണമെന്നത് പരിഹാസ്യകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കടകളിൽ എത്തുന്നവർക്ക് എഴുപത്തിരണ്ട് മണിക്കൂർ മുമ്പ് നടത്തിയ ആർ ടി പി സി ആർ സർട്ടിഫിക്കറ്റോ വാക്സിൻ സ്വീകരിച്ച രേഖയോ കൈയിൽ കരുതണം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വാക്സിനെടുക്കാൻ ആകാത്തവർ നിരവധിയാണെന്നും ആർ ടി പി സി ആർ പരിശോധന പണച്ചെലവുള്ള കാര്യവുമാണെന്നും പ്രതിഷേധക്കാർ പറയുന്നു.
പുതുക്കിയ നിർദ്ദേശങ്ങൾ പിൻവലിക്കാൻ സാധിക്കില്ലെന്നാണ് മന്ത്രി നിയമസഭയിൽ അറിയിച്ചത്. പ്രായോഗികമായ നിർദ്ദേശങ്ങൾ തന്നെയാണ് പുതിയ ഉത്തരവിലുള്ളതെന്നും ഇനി അത് തിരുത്താൻ സാധിക്കില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അതേസമയം, വാക്സിൻ സർട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കേണ്ടത് എന്നതിനെക്കുറിച്ചും വ്യക്തതയില്ല. ജനസംഖ്യയിലെ പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതിലും ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങൾ വാർഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം.
മറുനാടന് മലയാളി ബ്യൂറോ