- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇത് കോൺഗ്രസ് തന്നെയോ? വേദിയിലിട്ട കസേരകളിൽ ഇരിക്കാനുള്ള നേതാക്കന്മാരുടെ പേരുകൾ; പ്രസംഗിക്കുന്നവർക്ക് മാത്രം വേദിയിൽ ഇടം; രജിസ്ട്രേഷൻ നൽകി ആളുകൾക്ക് പ്രവേശനം; കോഴിക്കോട് ഡിസിസി നേതൃസംഗമം സെമി-കേഡർ ശൈലിയിൽ സംഘടിപ്പിച്ച് കെ.സുധാകരൻ
കോഴിക്കോട്: ഏതുകാര്യവും നന്നായി നടപ്പാക്കാൻ മിനിമം അച്ചടക്കം വേണം. രാഷ്ട്രീയ പാർട്ടികൾക്ക് വിശേഷിച്ചും. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പോരാ, ദൈനംദിന പ്രവർത്തനത്തിലും അത്യാവശ്യം. സംസ്ഥാനത്തെ കോൺഗ്രസിൽ ഇല്ലാതിരുന്നതും അതുതന്നെയാണ്. ആർക്കും എന്തും വിളിച്ചുപറയാവുന്ന, പരസ്യപ്രസ്താവന പാടില്ലെന്ന് പറഞ്ഞ് നാക്കെടുക്കും മുമ്പേ മൈക്കിലൂടെ വിളിച്ചുപറയുന്ന സമ്പ്രദായം കുറച്ചൊന്നുമല്ല, കോൺഗ്രസിനെ പുറകോട്ടടിച്ചത്. കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരൻ വന്നതോടെ, തീരുമാനിച്ച് ഉറപ്പിച്ചതും അച്ചടക്കം നടപ്പിൽ വരുത്തുകയാണ്. സെമി-കേഡർ പാർട്ടി ആക്കുകയാണ് പുതിയ കെപിസിസി നേതൃത്വത്തിന്റെ ലക്ഷ്യം. കോഴിക്കോട് ഡിസിസിയുടെ നേതൃയോഗം സെമി-കേഡർ ശൈലിയിൽ ചേർന്ന് മാതൃക ആവുകയും ചെയ്തു.
വേദിയിലിട്ട കസേരകളിൽ ഇരിക്കാനുള്ള നേതാക്കന്മാരുടെ പേരുകൾ രേഖപ്പെടുത്തിയിരുന്നു. പരിപാടിയിൽ പ്രസംഗിക്കുന്നവർക്ക് മാത്രമാണ് വേദിയിൽ ഇടം നൽകിയത്. യോഗം നടക്കുന്ന ഡിസിസി ഹാളിലേക്ക് രജിസ്ട്രേഷൻ നടത്തിയാണ് ആളെ പ്രവേശിപ്പിച്ചത്. സീനിയോറിറ്റിയും പദവിയും പരിഗണിച്ച് സീറ്റ് നമ്പറിട്ടും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുമാണ് സദസിൽ ആളെ ഇരുത്തിയത്.
മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കാലം തന്ന ദൗർബല്യം പാർട്ടിയെ ബാധിച്ചു. കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാത്തതും തിരിച്ചടിയായെന്നും സുധാകരൻ പറഞ്ഞു. നിഷ്ക്രിയരായ നേതാക്കളെ ആറു മാസത്തിൽ കൂടുതൽ ഒരു പദവിയിലും വച്ചു പൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സംഘടനാ പ്രവർത്തനത്തിലുമുണ്ടായ വീഴ്ച്ചകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്നും യോഗത്തിൽ പ്രവർത്തകർക്ക് സുധാകരൻ ഉറപ്പ് നൽകി. പാർട്ടിക്ക് വിധേയരാകാത്ത സഹകാരികളെ വച്ച് പൊറുപ്പിക്കില്ലെന്നും പറഞ്ഞു. ഒപ്പം ചില സ്വയം വിമർശനങ്ങൾക്കും അദ്ദേഹം സന്നദ്ധനായി.
കോൺഗ്രസ് പോലെ ഇത്രയും അച്ചടക്കമില്ലാത്ത പാർട്ടി ലോകത്തെവിടെയും ഉണ്ടാകില്ല. വൃത്തികെട്ട സംസ്കാരമുള്ള പാർട്ടിയാണ് കോൺഗ്രസ്. സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികളെ തോൽപ്പിക്കുന്ന നേതാക്കന്മാരെ വേണമോയെന്ന് ആലോചിക്കണമെന്നും സുധാകരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വെല്ലുവിളിക്കുന്നവർ എന്ത് കോൺഗ്രസുകാരാണ്. നേതാക്കന്മാരെ പോലും സമൂഹ മാധ്യമങ്ങളിലൂടെ തെറി വിളിക്കുന്നു. ഇതെല്ലാം കാണുന്ന പൊതുജനങ്ങൾക്ക് പാർട്ടിയെ കുറിച്ച് എന്ത് മതിപ്പാണ് ഉണ്ടാവുക. പ്രവർത്തകർക്ക് അച്ചടക്കം പഠിക്കാൻ കൈപുസ്തകം നൽകുമെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസിനെ ശക്തമാക്കുന്നതിനുള്ള പരിപാടികൾ തുടങ്ങിയിട്ടുണ്ട്. സെമി കേഡർ സംവിധാനത്തെ രാഹുൽ ഗാന്ധി പ്രശംസിച്ചിട്ടുണ്ട്. വി എം സുധീരന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. രാഷ്ട്രീയ കാര്യ സമിതി കൂടിയിട്ടുണ്ടെന്നും ആ സമയത്ത് ആരും വിമർശനങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
ഫ്ളക്സ് ബോർഡുകൾ വയ്ക്കുന്നതിന് പകരം അഞ്ച് അണികളെ കൂടെ നിർത്താൻ സാധിക്കണം. പ്രാദേശിക തലത്തിലെ പ്രവർത്തനത്തിനുള്ള വ്യക്തമായ മാർഗരേഖയായി കൈപ്പുസ്തകം പ്രവർത്തകർക്ക് ഉടനെ നൽകുമെന്നും ഇക്കാര്യത്തിൽ അവരുടെ ചുമതലകളും കർത്തവ്യങ്ങളും എണ്ണമിട്ട് പറയുമെന്നും സുധാകരൻ പറഞ്ഞു. നേതാക്കൾക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ 'ചൊറിയുന്ന' ആരും കോൺഗ്രസ്സുകാരായി പാർട്ടിയിൽ ഉണ്ടാകില്ലെന്നും സുധാകരൻ തുറന്നടിച്ചു.
തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി സാമ്പത്തിക ഇടപാടില്ല. മോൻസൺ പെരുങ്കള്ളനാണ്. കച്ചവടത്തിനായി തന്റെ സാന്നിധ്യം ദുരുപയോഗം ചെയ്തു. മോൻസൺ പറയുന്നത് കള്ളമാണ്. മുഖ്യമന്ത്രിയെ താങ്ങുന്നവരും മോൻസണെ കാണുന്നുവെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ