- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് ബന്ധം: സിപിഎം ദേശീയ നേതൃത്വത്തെ പിണറായി സംഘം അട്ടിമറിച്ചു; തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ കോൺഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്ന പിബി തീരുമാനം കേരള ഘടകത്തിന്റെ സമ്മർദ്ദം മൂലമോ? സിപിഎം നിലപാട് അങ്ങേയറ്റം ബുദ്ധിശൂന്യതയും വിവേകമില്ലായ്മയും എന്ന് കെ.സുധാകരൻ എംപി
തിരുവനന്തപുരം: ജനാധിപത്യ ചേരിയെ ശാക്തീകരിക്കാനുള്ള സിപിഎം ദേശീയ നേതൃത്വത്തിന്റെ ശ്രമങ്ങളെ പതിവുപോലെ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടുന്ന കേരള സംഘം അട്ടിമറിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.
ദേശീയതലത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ കോൺഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്ന തീരുമാനം പോളിറ്റ് ബ്യൂറോ എടുത്തത് കേരള ഘടകത്തിന്റെ സമ്മർദ്ദം മൂലമാണോയെന്ന് വ്യക്തമാക്കണം. സിപിഎം നിലപാട് അങ്ങേയറ്റം ബുദ്ധിശൂന്യതയും വിവേകമില്ലായ്മയുമാണ്.
കേരളം മാത്രമാണ് സിപിഎമ്മിന് തുരുത്തായുള്ളത്. കേരള സിപിഎം നേതാക്കളുടെ നിലപാട് ബിജെപിക്ക് അനുകൂലമാണ്. കാലങ്ങളായി കേരളത്തിൽ സിപിഎമ്മും ബിജെപിയും തുടരുന്ന രഹസ്യ സഖ്യമാണ് ഇത്തരം ഒരു നിലപാട് പിബിയിൽ സ്വീകരിക്കാൻ കേരള നേതാക്കൾക്ക് ഇന്ധനം പകർന്നത്. അന്ധമായ കോൺഗ്രസ് വിരോധം വച്ചുപുലർത്തുന്ന കേരളത്തിലെ സിപിഎം നേതാക്കളുടെ മൃദുഹിന്ദുത്വ സമീപനത്തിന് തെളിവാണ് പിബിയിലെ നിലപാട്.
വർഗീയ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ ജനാധിപത്യ മതേതര ശക്തികളെ സിപിഎം ഒറ്റിക്കൊടുക്കുകയാണ്.നരേന്ദ്ര മോദിയുടെ നയങ്ങളോടും നിലപാടുകളോടും യോജിക്കുന്ന നടപടികളാണ് അധികാരത്തിൽ എത്തിയത് മുതൽ കേരള മുഖ്യമന്ത്രി പിന്തുടരുന്നത്.ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് ഭീഷണിയെ ചെറുത്ത് തോൽപ്പിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യകക്ഷികളുടെ ദേശീയ ബദൽ രൂപപ്പെട്ടുവരുന്ന ഘട്ടത്തിലാണ് സിപിഎം കേരള ഘടകം പിന്നിൽ നിന്നും കുത്തിയത്.
കേരളത്തിൽ സമീപകാലത്ത് കോളിളക്കം സൃഷ്ടിച്ച ലാവ്ലിൻ കേസും സ്വർണ്ണക്കടത്ത് കേസും ബിജെപി നേതാക്കൾ പ്രതികളായ കഴുൽപ്പണക്കേസും എങ്ങനെ തെളിവുകളില്ലാതെ ആവിയായിപ്പോയി എന്ന് തിരിച്ചറിയാൻ സിപിഎം പിബിയിലെ കേരള നേതാക്കളുടെ നിലപാട് മാത്രം പരിശോധിച്ചാൽ മതിയെന്നും സുധാകരൻ പറഞ്ഞു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലാകെ സിപിഎമ്മിന് ലഭിച്ച വോട്ട് 0.55 ശതമാനവും സിപി ഐക്ക് 0.37 ശതമാനവുമാണ്.രണ്ടുപാർട്ടിക്കും കൂടി ഇന്ത്യയിലാകെ ഒരുശതമാനത്തിൽ താഴെ വോട്ടുകൾ നേടാനാണ് കഴിഞ്ഞത്. തമിഴ്നാട്ടിൽ ഉൾപ്പെടെ ഇടതുസ്ഥാനാർത്ഥികൾ രാഹുൽ ഗാന്ധിയുടെ ചിത്രം വച്ചാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതും വിജയിച്ചതും. എന്നിട്ടാണ് കോൺഗ്രസുമായി സഹകരിക്കില്ലെന്ന വിചിത്ര നിലപാട് സിപിഎം സ്വീകരിക്കുന്നത്.
കേരള നേതാക്കളുടെ സാമ്പത്തിക പ്രതാപത്തിന് മുന്നിൽ സിപിഎം ദേശീയ നേതൃത്വം അടിയറവ് പറഞ്ഞിരിക്കുകയാണ് രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും ബലികഴിക്കുന്ന നിലപാട് പുനഃപരിശോധിക്കാൻ സിപിഎം തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ