രുപാട് ദുരിതങ്ങളും ദുരന്തങ്ങളും കഷ്ടങ്ങളും നഷ്ടങ്ങളും സഹിച്ചാണ് കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിലടക്കം മറ്റ് പാർട്ടികൾ പ്രവർത്തിക്കുന്നത്. അതിന്റെ ചരിത്രം ഏറ്റവും നന്നായി പറയാൻ കഴിയുക കെ. സുധാകരനാണ്. കേരളത്തിലെ സിപിഎമ്മിന്റെ തലയെടുപ്പുള്ള നേതാക്കൾക്ക് ജന്മം നൽകിയ കണ്ണൂരിലെ രാഷ്ട്രീയം മറ്റെങ്ങുമില്ലാത്ത വിധം സാഹസിക പ്രവർത്തനമായി മാറുന്നത് തങ്ങളുടെ അധീശത്വം എന്നും നിലനിർത്താൻ സിപിഎം എന്നും ശ്രമിക്കുന്നതുകൊണ്ടുകൂടിയാണ്. രാഷ്ട്രീയ പ്രവർത്തനത്തിനുള്ള മാർഗങ്ങൾ വാളും ബോംബുമാകുമ്പോൾ പൊതുപ്രവർത്തനം കണ്ണൂരിൽ ഒരു മരണക്കളിയായി മാറുന്നു. അത്തരമൊരു സാഹചര്യത്തിലാണ് തല്ലുകൊണ്ടുമാത്രം ശീലിച്ചവരെ ചെറുത്തുനിൽക്കാനും പ്രതിരോധിക്കാനും പഠിപ്പിച്ചുകൊണ്ട് കെ. സുധാകരൻ എന്ന നേതാവ് നേതൃരംഗത്തേയ്ക്ക് കടന്നുവരുന്നത്.

നാല് തവണയാണ് സുധാകരന് നേരെ നേരിട്ടുള്ള വധശ്രമങ്ങളുണ്ടായത്. അതിൽ മൂന്ന് തവണ വാഹനം കത്തിപ്പോയി. പരാജയപ്പെട്ട ശ്രമങ്ങൾ അതിലുമെത്രയോ ഏറെ. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ തിരിച്ചെത്തുമോ എന്നറിയാതെ പൊതുപ്രവർത്തനത്തിൽ ഏർപ്പെടുന്ന ഒരുപറ്റം യുവാക്കൾ. അവർക്ക് നേതൃത്വം നൽകാൻ, രാത്രി ഉറങ്ങുമ്പോൾ പോലും തലയ്ക്ക് നേരെ ഒരു ബോംബ് പ്രതീക്ഷിക്കുന്ന ഒരേയൊരു സുധാകരനും.

സ്വന്തമായി വാഹനങ്ങളില്ലാത്ത കാലത്ത് സുധാകരൻ രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ കണ്ണിൽ നിന്നും മായുംവരെ അമ്മ നോക്കിനിൽക്കുമായിരുന്നു, തിരിച്ചുവരുമോ എന്നറിയില്ലല്ലോ. വൈകിട്ട് എത്രവൈകിയാലും തിരിച്ചെത്തുംവരെ ആ വീട്ടിൽ വിളക്കണയാറില്ല. ഒരിക്കൽ സിപിഎമ്മിന്റെ ബോംബേറിന് മുന്നിലേയ്ക്ക് സുധാകരന് പകരം എത്തിപ്പെട്ടത് പട്ടാളക്കാരനായ ജ്യേഷ്ഠൻ. പട്ടാളവിദ്യകൾ ഉപയോഗിച്ചാണ് മുടിനാരിഴയ്ക്ക് അവിടെ നിന്നും അദ്ദേഹം രക്ഷപ്പെട്ടത്. കണ്ണൂരിൽ പാർട്ടി വളർത്താനും ഏകാധിപത്യത്തിന് മറുപടി നൽകാനും ജീവൻ പകരം നൽകേണ്ടി വന്നവരുടെ കഥയും കണ്ണൂരിലെ വർത്തമാനകാല രാഷ്ട്രീയ ചരിത്രവും സംസാരിച്ച് കെ. സുധാകരൻ.

കണ്ണൂർ പാർട്ടി ഗ്രാമങ്ങളുള്ള ഒരു സിപിഎം കോട്ടയാണ്. അത്തരമൊരു കോട്ടയ്ക്കകത്ത് നിന്നുകൊണ്ട് എങ്ങനെയാണ് ഇത്രയുംകാലം ഒരു കോൺഗ്രസുകാരനായി പ്രവർത്തിച്ചത്?

അത് നിങ്ങളന്വേഷിക്കേണ്ടതാണ്. ഞാൻ പറഞ്ഞാൽ അതൊരു അധികപറ്റായി പോകും. ഞാൻ ഓർമ വച്ചകാലം മുതൽ, വിദ്യാർത്ഥി രാഷ്ട്രീയകാലം മുതൽ, ഒരിടത്തും ഞങ്ങൾ അവരുടെ മുന്നിൽ തലകുനിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടിയിൽ എന്റെ ജീവിതം ഇൻവെസ്റ്റ് ചെയ്താണ് ഞാൻ പ്രവർത്തിച്ചത്. മൂന്ന് തവണയാണ് എന്റെ കാർ ബോംബെറിഞ്ഞ് തകർത്തത്. പരാജയപ്പെട്ടുപോയ ഒരുപാട് ശ്രമങ്ങളുണ്ട്. അതിനെയൊക്കെ അതിജീവിക്കുമ്പോഴും പുറകിലേയ്ക്ക് പോകാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. ഞങ്ങൾ നിർബാധം അതിനെ എതിർത്ത് പിടിച്ചുനിന്നാണ് മുന്നോട്ടുപോയത്. ഭയപ്പെട്ടാൽ അത് അപകടം. കണ്ണൂരിൽ അവർക്ക് കീഴടങ്ങിയ ഒരു സംഭവം പോലും ഉണ്ടായിട്ടില്ല. അവർക്കെതിരെ ഇഞ്ചോടിഞ്ച് പടപൊരുതിയാണ് മുന്നോട്ടുപോയത്. അതാണ് എനിക്കെതിരെ രാഷ്ട്രീയത്തിൽ ക്രിമിനൽ എന്ന പ്രചരണമുണ്ടാകാൻ കാരണം.

ആയുധമെടുത്ത് എതിരാളികളെ ഇല്ലാതാക്കുന്ന, വീടുകളിൽ മാലിന്യം കൊണ്ടിടുന്ന, പട്ടിയെയേയും പാമ്പിനേയും കൊന്ന് കിണറ്റിലിടുന്ന, പെട്രോളും ഡീസലും കിണറ്റിലൊഴിക്കുന്ന, അത്തരത്തിൽ ജീവിക്കാനനുവദിക്കാത്ത സാഹചര്യത്തിൽ പ്രതിരോധിക്കുകയല്ലാതെ എന്താണ് മാർഗം? എന്റെ പാർട്ടിയിലെ പ്രവർത്തകർക്ക് സംരക്ഷണമൊരുക്കാൻ എനിക്ക് സാധിച്ചില്ലെങ്കിൽ അവർ എന്നോടൊപ്പം നിൽക്കുമോ? അപ്പോൾ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നേതാക്കന്മാർക്കാണ്. ഞാൻ ഉത്തരവാദിത്തം ഏറ്റെടുത്തു. ആ ഏറ്റെടുത്ത പ്രവർത്തനത്തിന്റെ ചിത്രമാണ് എനിക്ക് ക്രിമിനലെന്ന് പേരുണ്ടാക്കി തന്നത്.

ഇവിടെയിപ്പോൾ ആരാണ് ക്രിമിനൽ. ഗവർണർക്ക് വരെ സ്ത്രീസുരക്ഷയ്ക്കായി സത്യാഗ്രഹമിരിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഡിവൈഫ്ഐയുടെയും സിപിഎമ്മിന്റെയും ആളുകൾ പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് കെട്ടിത്തൂക്കുമ്പോൾ ഇവർ സംരക്ഷിക്കുകയല്ലേ. ഇത്തരം ക്രിമിനലുകൾക്കെതിരെ ഗവൺമെന്റ് ചെറുവിരലനക്കുണ്ടോ? കൊടി സുനി ഉള്ള ജയിലിൽ അയാളാണ് അവിടെ പരമാധികാരി. അദ്ദേഹമാണ് ഭക്ഷണത്തിന്റെ മെനു പോലും. അദ്ദേഹത്തിന്റെ റൂമിൽ ഫൈവ് സ്റ്റാർ സൗകര്യങ്ങളുണ്ടെന്നാണ് പറയുന്നത്. ജയിൽ ഉദ്യോഗസ്ഥർ അതെല്ലാം കണ്ണടച്ചു കൊടുക്കുകയാണ്.

മുമ്പ് ഇതിനെ പറ്റി ഒരു പരാതി ഉണ്ടായപ്പോൾ അന്നത്തെ ജയിൽ ഡിജിപി നടത്തിയ പരിശോധനയിൽ നിരവധി ഫോണുകൾ അടക്കമുള്ളവയാണ് പിടിച്ചെടുത്തത്. അതൊക്കെ വീണ്ടും തിരിച്ചത്തിയിരിക്കുകയാണ്. അതൊന്നും അധികൃതർ അറിയാതെയാണോ? സെല്ലിനുള്ളിൽ കിടന്നുകൊണ്ട് കൊടി സുനി മധ്യസ്ഥം വഹിക്കുകയാണ്. ഗൾഫിൽ നിന്നും സ്വർണം കൊണ്ടു വരുന്നതും കൈമാറുന്നതുമൊക്കെ പ്ലാൻ ചെയ്ത് ഫോണിലൂടെ നിർദ്ദേശം നൽകുന്നതുകൊടിസുനിയാണ്. സിപിഎമ്മിന്റെ തണലില്ലാതെ, ഭരണത്തിന്റെ തണലില്ലാതെ ഇങ്ങനെയൊരു കാര്യം ചെയ്യാൻ പറ്റുമോ?

ഭരണരംഗത്ത് പോലും ഇങ്ങനെ പെരുമാറുന്ന ഒരു പാർട്ടി പാർട്ടിഗ്രാമങ്ങളിൽ എങ്ങനെ പെരുമാറുമെന്ന് നമുക്ക് ഊഹിച്ചൂടെ. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. പെരളശേരി പഞ്ചായത്തൊക്കെ പഴയ നായർ തറവാടുകൾ ഒരുപാടുള്ള സ്ഥലമാണ്. അവരൊക്കെ കോൺഗ്രസുകാരായിരുന്നു. അവരുടെ ഏക്കറുകണക്കിന് തെങ്ങുകളുടെ മണ്ട വെട്ടി മമ്പറം പുഴയിലൊഴുക്കിയതിന്റെ മനോരമയിൽ വന്ന ഫോട്ടോ എന്റെ ആൽബത്തിൽ ഇപ്പോഴുമുണ്ട്. പോകാനുള്ള വഴി തടസപ്പെടുത്തും. പെൺകുട്ടികളുടെ കല്യാണം മുടക്കും. മരുന്ന് വാങ്ങാൻ 100 രൂപ പോലും സഹായിക്കില്ല. സാമൂഹ്യ ഭ്രഷ്ട് കൽപ്പിക്കും. ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയാണ് അവർ ആളുകളെ പാർട്ടി്ക്കൊപ്പം നിർത്തുന്നത്.

താങ്കൾ പാർട്ടിഗ്രാമങ്ങൾക്കുള്ളിൽ പോയിട്ടുണ്ടോ?

പാർട്ടി ഗ്രാമങ്ങളിൽ പോകാതെ എനിക്ക് പാർട്ടി വളർത്താൻ പറ്റുമോ? പക്ഷെ പണ്ടത്തെ പാർട്ടിഗ്രാമങ്ങളൊക്കെ പലയിടത്തും തകർന്നുതുടങ്ങിയിട്ടുണ്ട്. കോൺഗ്രസും ലീഗും ബിജെപിയുമൊക്കെ സിപിഎമ്മിന്റെ പല പാർട്ടിഗ്രാമങ്ങളിലും ഇന്ന് പ്രവർത്തിക്കുന്നുണ്ട്. പഴയ അപ്രമാദിത്വമൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞു. അവശേഷിക്കുന്ന പാർട്ടി ഗ്രാമങ്ങളൊക്കെ ഇപ്പോഴുമുണ്ടെന്ന് മാത്രം.

താങ്കൾക്ക് നേരെ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ടല്ലോ. മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

തീർച്ചയായിട്ടും. ഞാൻ പേരാവൂർ നിയോജക മണ്ഡലത്തിലെ വെള്ളാവള്ളിയിൽ രാജീവ് ഗാന്ധിയുടെ സ്തൂപം ഉത്ഘാടനം ചെയ്യാൻ പോയതാണ്. പേരാവൂർ ബസ് സ്റ്റാൻഡിൽ വന്ന് യു ടേൺ വളവ് തിരിയുമ്പോൾ കാറിന് നേരെ ബോംബേറുണ്ടായി. അഞ്ച് ബോംബുകളാണ് അന്ന് എറിഞ്ഞത്. ബോംബ് തട്ടി എന്റെ തലയ്ക്കൽ വച്ചിരുന്ന ബ്രീഫ്കേസ് ചിതറിപോയി. ബ്രണ്ണൻ കോളേജിൽ ജൂനിയറായിരുന്ന ഒരു സുഹൃത്ത് രാജീവ് അന്ന് എംപിയായിരുന്ന മുരളിക്ക് കൊടുക്കാൻ ഒരു കത്ത് വാങ്ങാൻ വീട്ടിൽ വന്നിരുന്നു. അയാളും എന്നോടൊപ്പം കാറിലുണ്ടായിരുന്നു. അയാളോട് സംസാരിക്കാൻ വേണ്ടി മുന്നോട്ട് ആഞ്ഞ് ഇരുന്നതുകൊണ്ടുമാത്രം എന്റെ തല ചിതറിയില്ല. ഒരു ബോംബ് രാജീവിന്റെ കയ്യിലാണ് കൊണ്ടത്. മാരകമായി പരുക്കേറ്റ രാജീവ് ഒന്നേമുക്കാൽ കൊല്ലം മണിപ്പാൽ മെഡിക്കൽ കോളേജിൽ കിടന്നു. കേസ് നടത്തിയെങ്കിലും സിപിഎം സാക്ഷികളെയൊക്കെ സ്വാധീനിച്ച്, ഒടുവിൽ കേസ് പൊളിഞ്ഞുപോയി. രാജീവിന്റെ മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒക്കെ ഉത്തരേന്ത്യക്കാർ കൊണ്ടുപോയി. ഇപ്പോൾ മംഗലാപുരത്തെ മാതൃഭൂമി റിപ്പോർട്ടറാണ് രാജീവ്.

ഇതുപോലെ മറ്റൊരു സംഭവം താഴെച്ചൊവ്വയിൽ വച്ചുനടന്നു. ഞാനന്ന് കാറിലുണ്ടായിരുന്നില്ല. എന്റെ ജ്യേഷ്ടൻ എന്റെ കാറിൽ കണ്ണൂർക്ക് പോകുകയായിരുന്നു. ഞാനാണെന്ന് കരുതി റയിൽവേ ഗേറ്റ് അടച്ച ശേഷം അവർ ബോംബെറിഞ്ഞു. ആർമി ഉദ്യോഗസ്ഥനായിരുന്ന ജ്യേഷ്ഠൻ അന്ന് പുകയ്ക്കിടയിലൂടെ ആർമിയുടെ ക്രൗളിങ് വിദ്യ ഉപയോഗിച്ചാണ് രക്ഷപ്പെട്ടത്. ഡ്രൈവറുടെ കൈ അന്ന് തകർന്നുപോയി. പിന്നെ പയ്യന്നൂരിൽ ആശുപത്രിയിൽ കിടക്കുന്ന ഒരാളെ കാണാൻ പോകുമ്പോൾ മറ്റൊരു ആക്രമണം ഉണ്ടായി. പിന്നെ പരാജയപ്പെട്ടുപോയ എത്ര ശ്രമങ്ങൾ.

കണ്ണൂരിൽ അക്രമം കാണിക്കുന്നത് സുധാകരനാണെന്ന് പറയുമ്പോൾ കണ്ണൂരിലെ രാഷ്ട്രീയം നിങ്ങൾ പഠിക്കണം. ഞങ്ങൾ എതിർത്തിട്ടുണ്ട്, പ്രതിരോധിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും അങ്ങോട്ട് അക്രമിച്ചിട്ടില്ല. ഒരാളെ കൊല്ലാൻ പോലും എന്റെ പാർട്ടി പ്രവർത്തകർക്ക് ഞാൻ നിർദ്ദേശം കൊടുത്തിട്ടില്ല. യാദൃശ്ചികമായിട്ടുണ്ടായ ഒരു സംഭവത്തിൽ കോൺഗ്രസുകാരൻ പ്രതിയായിട്ടുണ്ട്. ഒറ്റക്കേസിൽ. കണ്ണൂരിൽ ഞാൻ ജീപ്പ് ജാഥ നടത്തുമ്പോൾ സിപിഎമ്മിന്റെ ഒരു കോട്ടയിൽ ആവർ ജാഥ തടഞ്ഞു. എന്റെ നേരെ ആക്രമണമുണ്ടാകുമെന്ന സ്ഥിതി ഉണ്ടായപ്പോൾ എന്റെ ഗൺമാൻ അവരെ വിരട്ടിയോട്ടിക്കാൻ സൈഡിലേക്ക് വെടിവച്ചു. ആളില്ലാത്ത ദിക്ക് നോക്കിയാണ് വെടിവച്ചത്. എന്നാൽ അവിടെ മരത്തിന്റെ കീഴിൽ ഒരാൾ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു. അയാൾക്ക് വെടിയേറ്റു. അങ്ങനെ അബദ്ധത്തിൽ സംഭവിച്ചതല്ലാതെ മറ്റൊരു കേസും കോൺഗ്രസുകാരുടെ കൈ കൊണ്ട് ഉണ്ടായിട്ടില്ല. ആ കേസിലും എന്നെ പ്രതിയാക്കാൻ അവർ ശ്രമിച്ചു. അങ്ങനെയൊക്കെയാണ് എന്നെ അവർ ക്രിമിനലായി പ്രചരിപ്പിച്ചത്.

ഒരിക്കൽ ഞാൻ നിയമസഭയിൽ പ്രസംഗിച്ചു. 'എന്നെ വധിക്കാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ നിങ്ങളത് നടപ്പിലാക്കുമെന്ന് എനിക്കറിയാം. നാളെ ഈ കസേര സഭയിൽ ഒഴിഞ്ഞുകിടന്നേയ്ക്കാം. മരിക്കുന്നതിൽ എനിക്ക് ഭയമില്ല. പക്ഷെ മരിക്കുന്നതിന് മുമ്പ് എനിക്കൊരു ആഗ്രഹമുണ്ട്. നിങ്ങളുടെ പ്രചാരണം കൊണ്ട് എനിക്ക് നഷ്ടപ്പെട്ടുപോയ ഒരു മുഖമുണ്ട്. മരിക്കുന്നതിന് മുമ്പ് എന്റെ യഥാർത്ഥ മുഖം നിങ്ങളെനിക്ക് തിരിച്ചുതരണം.'

ഈ സംഭവം കഴിഞ്ഞ് കഷ്ടിച്ച് ഒരുമാസം കഴിഞ്ഞ് ഞാൻ ഡൽഹിക്ക് പോകാൻ എറണാകുളത്ത് നിന്നും ഫ്ളൈറ്റിൽ കയറുമ്പോൾ മുഖ്യമന്ത്രി നായനാർ ഫ്ളൈറ്റിലുണ്ട്. എന്നെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു 'വാടോ, ഇരിക്കടോ. എന്തൊക്കെ പറഞ്ഞാലും താനന്ന് പ്രസംഗിച്ചത് എന്റെ മനസിൽ കൊണ്ടടോ.' എന്നിട്ട് എന്റെ തോളിൽ തലോടികൊണ്ട് അദ്ദേഹം പയ്യെ പറഞ്ഞു.'സൂക്ഷിക്കണം കേട്ടാ. നമ്മടെ പാർട്ടിയാണ്. എന്തും ചെയ്യും' ഇത്രയും സാത്വികനായ, നേരും മര്യാദയുമുള്ള, ശുദ്ധനായ ഒരു കമ്യൂണിസ്റ്റുനേതാവിനെ ഞാനിത് വരെ വേറെ കണ്ടിട്ടില്ല. അയാളെങ്ങനെ കമ്യൂണിസ്റ്റായെന്ന് എനിക്കറിയില്ല. എന്നോടിത് പോലെ പറഞ്ഞ മറ്റ് രണ്ട് കമ്യൂണിസ്റ്റ് നേതാക്കളുണ്ട്. ഒന്ന് മുൻ എംഎൽഎ, മരിച്ചുപോയ ബാലൻ വൈദ്യനും മറ്റൊന്ന് എകെ ബാലന്റെ സഹപ്രവർത്തകനായിരുന്ന മുൻ എംഎൽഎ ചാത്തുവും. അന്നും എന്നെ സ്നേഹിക്കുന്ന ആളുകൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായിരുന്നു.

ഇങ്ങനെ മരണം ചുറ്റിലും നിൽക്കുമ്പോൾ എങ്ങനെയാണ് ധൈര്യത്തോടെ മുന്നോട്ടുപോകാൻ കഴിയുന്നത്?

ഭയപ്പെട്ടുപോയാൽ മുന്നോട്ടുപോകാൻ കഴിയില്ല. ഞാൻ അധീരനായാൽ ജീവിക്കാൻ പറ്റില്ല. ധീരനായി മുന്നോട്ടുപോകുകയെ മാർഗമുള്ളു. മരണം എപ്പോഴും സംഭവിക്കാം. ഞാൻ കാറൊന്നുമില്ലാത്ത കാലത്ത് വീട്ടിൽ നിന്നും പുറത്തുപോകുമ്പോൾ കണ്ണിൽ നിന്നും മറയുംവരെ അമ്മ നോക്കി നിൽക്കും. കാരണം തിരിച്ചുവരുമോ എന്നറിയില്ല. രാത്രി തിരിച്ചുവരുന്നത് വരെ അമ്മ വിളക്കണയ്ക്കില്ല. അത് രാത്രി പന്ത്രണ്ടും ഒന്നും രണ്ടും മണിയാകും.

പൊതുപ്രവർത്തനം നിർത്തിക്കൂടെ എന്നാരും ചോദിച്ചിട്ടില്ലേ?

പറഞ്ഞാലും എനിക്ക് നിർത്താൻ കഴിയില്ല. പുഴയിലിറങ്ങി പകുതിദുരം ചെന്നിട്ട് തിരിച്ചുനീന്തിയാലും കരപറ്റുമോ എന്ന് ഉറപ്പില്ല. നേരെ നീന്തി രക്ഷപ്പെടുക എന്നത് മാത്രമേ മാർഗമുള്ളു. അതിന് വേണ്ടി ചെറുപ്പക്കാർ ജീവൻ പണയം വച്ച് എനിക്കൊപ്പം നിന്നു. എന്റെ പ്രവർത്തകരാണ് എന്നെ സംരക്ഷിച്ചത്. അവരുടെ കരുത്തിലാണ് ഞാൻ പോയത്. മരിച്ചാൽ മറക്കാത്ത കടപ്പാടുണ്ട് എനിക്ക് അവരോട്, അവരുടെ കുടുംബങ്ങളോട്. ഇപ്പോഴും അവരുടെ കുടുംബങ്ങളോട് എനിക്ക് ബന്ധമുണ്ട്.

ഒപ്പം നടന്നവരെ ഇവർ കൊന്ന അനുഭവമുണ്ടോ?

ഒരുപാടില്ലേ. സജിത്ത് ലാൽ, ബെന്നി എബ്രഹാം, ജോസ്, മനോഹരൻ, രാജൻ, വസന്തൻ, ഭാസ്‌കരൻ, പവിത്രൻ അങ്ങനെ എത്രപേർ. ഞാൻ ഡിസിസി പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ മരിച്ചുവീണത് പത്ത് മുപ്പത് ആളുകളാണ്. മയ്യഴിപുഴയുടെ തീരത്ത് വച്ച് ഇവരുടെ മൃതശരീരങ്ങൾ ഏറ്റുവാങ്ങി ഏറ്റുവാങ്ങി മനംമടുത്തയാളാണ് ഞാൻ. അന്ന് മുഖ്യമന്ത്രിയുടെ സ്റ്റാഫ് ആയിരുന്ന ബെന്നി എബ്രഹാമിനെ മാതമംഗലം ബസാറിൽ വച്ച് ബോംബെറിഞ്ഞുകൊന്നു. അദ്ദേഹത്തിന്റെ മൃതശരീരം ഡിസിസിയിൽ കിടത്തിയിരിക്കുമ്പോൾ സജിത്ത് ലാൽ എന്നോട് പറഞ്ഞു ഒരു ദിവസം ഞാനും ഇതുപോലെ കിടക്കും സുധാകരേട്ടാ. അങ്ങനെ മരണത്തെ മുഖാമുഖം കണ്ട്, ഇന്നല്ലെങ്കിൽ നാളെ കൊല്ലപ്പെടുമെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ടുപോയവരാണ് ഈ ചെറുപ്പക്കാരൊക്കെ.

ഈ സന്ദർഭത്തിൽ പാർട്ടിയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ? മുതിർന്ന നേതാക്കളുടെ സംരക്ഷണം ഉണ്ടായിട്ടുണ്ടോ?

ഒരുപാടുപേർ നിരുൽസാഹപ്പെടുത്തിയിട്ടുണ്ട്. അതവരുടെ കുഴപ്പമല്ല. അത്തരമൊരു സംസ്‌കാരം കോൺഗ്രസിനില്ല. ഞങ്ങൾ കണ്ണൂരിൽ നേരിടുന്ന പ്രശ്നങ്ങൾ അവർക്കറിയില്ല. പാർട്ടിയുടെ ഒരു സീനിയർ നേതാവ് ഒരിക്കൽ എന്നെ ഗസ്റ്റ് ഹൗസിലേയ്ക്ക് വിളിച്ചുവരുത്തി പറഞ്ഞു 'കാക്ക കരയും, പട്ടി കുരയ്ക്കും, കുറുക്കൻ ഓരിയിടും. കാക്ക ഒരിക്കലും കുരയ്ക്കില്ലല്ലോ. അതുപോലെ, ഇത് നമ്മുടെതല്ല. നമുക്ക് വേണ്ട' ഒറ്റയടിക്കൊന്നും നമുക്ക് പിന്നോട്ടുപോകാനാവില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ പോയാൽ നമ്മളിലാരും ബാക്കിയുണ്ടാവില്ല.

അങ്ങനെ ഞാൻ കുറേശ്ശെ കുറേശ്ശെയായി അവിടെ ഉണ്ടായിരുന്ന ചെറുപ്പക്കാരെയൊക്കെ വിദേശത്തേയ്ക്ക് അയച്ചു. അതൊക്കെ കണ്ണൂരിൽ പാർട്ടിയുടെ സ്വാധിനം കുറച്ചു. പക്ഷെ ഇപ്പോൾ സിപിഎമ്മിന്റെ പ്രവർത്തകരിൽ നിന്നു തന്നെ അവരുടെ അക്രമത്തിനെതിരെ പ്രതിഷേധമുയരുന്നുണ്ട്. സിപിഎമ്മിന്റെ സാധാരണ പ്രവർത്തകർ തന്നെ അവരുടെ ഗുണ്ടായിസത്തിനെതിരെ രംഗത്ത് വരുന്നുണ്ട്. സിപിഎം അണികളിൽ അക്രമവാസന കുറഞ്ഞിട്ടുണ്ട്. മുമ്പ് അവർക്ക് എല്ലായിടത്തും സുസജ്ജമായ ഗുണ്ടാ സംവിധാനം ഉണ്ടായിരുന്നു. ഇപ്പോൾ അത് ചിലയിടങ്ങളിലേയ്ക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ട്.

ഇപ്പോൾ ആകാശ് തില്ലങ്കേരിയും അർജൻ ആയങ്കിയും കൊടി സുനിയുമൊക്കെ ഹൈജാക്ക് ചെയ്തിരിക്കുന്ന പാർട്ടിയെ അവിടത്തെ അണികൾ അംഗീകരിക്കുന്നുണ്ടോ?

അതിനെ സാധാരണ അണികൾ ഉൾക്കൊള്ളുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. അവർക്കതിൽ എതിർപ്പുണ്ട്. അവരതിനെ വിമർശിക്കുന്നുണ്ട്.

പഴയ ഗുണ്ടായിസത്തിന്റെ പുതിയ മേഖലയാണല്ലോ സ്വർണകടത്തൊക്കെ. ഇത് സിപിഎമ്മിനെ കുഴപ്പത്തിലാക്കില്ലെ?

നിശ്ചയമായും. ഇപ്പോൾ സിപിഎമ്മിൽ ചേരുന്നത് പണമുണ്ടാക്കാനുള്ള എളുപ്പമാർഗമായി മാറിയിട്ടുണ്ട്. അത് ചെലവിഭാഗം ചെറുപ്പക്കാരെ ആ പാർട്ടിയിലേയ്ക്ക് ആകർഷിക്കും. എന്നാൽ അത് ആ പാർട്ടിയുടെ നാശത്തിന് വഴി വയ്ക്കും എന്നുറപ്പാണ്. സമൂഹത്തിൽ സിപിഎമ്മിൽ ഒറ്റപ്പെടും.

കണ്ണൂരിലെ സിപിഎം നേതാക്കൾക്കിടയിലും ഭിന്നത ഉണ്ടായിട്ടുണ്ടെന്ന് വാർത്തകളുണ്ടല്ലോ. ശരിയാണോ?

ശരിയാണ്. എന്നെക്കാൾ മുകളിലേയ്ക്ക് ആരും പാടില്ല എന്ന നയമാണ് പിണറായി വിജയന്. അതാണ് പി. ജയരാജൻ പ്രശ്നത്തിനൊക്കെ അടിസ്ഥാന കാരണം.

പി ജയരാജനും പിണറായിയും തമ്മിൽ ശരിക്കും ഭിന്നതയുണ്ടോ?

ഉണ്ട്. പി. ജയരാജന് അവിടെ പാർട്ടിക്കുള്ളിലെ ചെറുപ്പക്കാരുടെ വലിയ പിന്തുണയുണ്ട്, പിജെ ആർമി എന്നൊക്കെ പറഞ്ഞ്. പബ്ലിക്ക് മീറ്റിങ്ങിലൊക്കെ ജയരാജനും പിണറായിയും ഒന്നിച്ചുവന്നാൽ ജയരാജന് കുറച്ച് കയ്യടി കൂടുതൽ കിട്ടും. അത് മൂപ്പർക്ക് സഹിക്കൂല. അതുകൊണ്ടാണ് അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നൊക്കെ മാറ്റിയത്. അദ്ദേഹം വടകരയിൽ മൽസരിച്ചപ്പോൾ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി എഴുതി വാങ്ങിച്ചല്ലോ. വേറെയും ജില്ലാ സെക്രട്ടറിമാർ മൽസരിച്ചിരുന്നല്ലോ. അവരെയൊന്നും ആ സ്ഥാനത്ത് നിന്നും മാറ്റിയില്ലല്ലോ. പക്ഷെ അത് ജയരാജനെ കൂടുതൽ ശക്തനാക്കി. ചെറുപ്പക്കാർ കൂടുതൽ പരസ്യമായി അദ്ദേഹത്തിന് വേണ്ടി രംഗത്തിറങ്ങി. അയാളെയൊരു കൺകണ്ട ദൈവത്തെപോലെ അവർ ആരാധിക്കാൻ തുടങ്ങി. അതൊക്കെയൊരു യാഥാർത്ഥ്യമാണ്. ഇന്നിപ്പോൾ അതിനൊക്കെ കുറേ പോറൽ ഏറ്റിട്ടുണ്ട്.

ഇന്നിപ്പോൾ കണ്ണൂരിലെ സിപിഎമ്മിൽ പി. ജയരാജനാണോ പിണറായിയേക്കാൾ സ്വാധീനം കൂടുതൽ?

സിപിഎമ്മിലെ ചെറുപ്പക്കാർക്കിടയിൽ ജയരാജനാണ് കൂടുതൽ സ്വാധീനം. ചെറുപ്പത്തിലെ ഒരു ചോരത്തിളപ്പുണ്ടല്ലോ, അത് കൂടുതൽ ജയരാജന് അനുകൂലമാണ്.

ജയരാജൻ അഴിമതിക്കാരനാണോ?

വലിയ അഴിമതിക്കാരനാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല.

സിപിഎമ്മിലെ നേതാക്കന്മാരുമായി അങ്ങയുടെ ബന്ധം എങ്ങനെയാണ്?

സിപിഎം നേതാക്കളോട് ഒരു ബന്ധവുമില്ല. ബന്ധപ്പെട്ടാൽ അത് ആത്മവഞ്ചനയാണ്. എന്നെക്കൊല്ലാൻ വേണ്ടി ഈ പ്ലോട്ടുകളൊക്കെ തയ്യാറാക്കിയവരോട് എങ്ങനെയാണ് മനസറിഞ്ഞൊന്ന് ചിരിക്കാൻ കഴിയുക.

പിണറായിയുടെ മകളുടെയും മകന്റെയും കല്യാണമൊന്നും വിളിച്ചില്ല അല്ലേ?

ഇല്ല.

ബാക്കി എല്ലാവരെയും വിളിക്കുന്നുണ്ടല്ലോ?

ചിലരൊക്കെ വിളിക്കും. അതിൽ അപൂർവമായ ഒന്നോ രണ്ടോ കല്യാണങ്ങൾക്ക് മാത്രമേ പോയിട്ടുള്ളു. അത് കുട്ടികളോടുള്ള ബന്ധം കൊണ്ടാണ്. അച്ഛൻ സിപിഎം നേതാവ് ആണെങ്കിലും മക്കൾക്ക് അത്ര രാഷ്ട്രീയമൊന്നുമില്ല, നമ്മളോട് താൽപര്യമാണ് എന്നൊക്കെയുള്ളവരുടെ കല്യാണങ്ങൾക്കൊക്കെ പോയിട്ടുണ്ട്. ഒരിക്കൽ അത്തരമൊരു പയ്യൻ എന്നെ കല്യാണം വിളിച്ചു. ഞാൻ ചോദിച്ചു, തന്റെ അച്ഛന് ഇഷ്ടപ്പെടുമോടോ. അച്ഛന് സമ്മതമാണെന്ന് അവൻ. അങ്ങനെയെങ്കിൽ അച്ഛനെക്കൊണ്ട് വിളിപ്പിക്കാൻ ഞാൻ പറഞ്ഞു. അങ്ങനെ അച്ഛൻ വിളിച്ചു. ' കെ.എസെ മോന്റെ കല്യാണമാണ്. മോൻ എന്റെതാണെങ്കിലും നിങ്ങളുടെ ഫാനാ അവൻ. കല്യാണത്തിന് വരണം' എന്ന് പറഞ്ഞു. അങ്ങനെ ഞാൻ നയനാർ ഓഡിറ്റോറിയത്തിൽ ആ കല്യാണത്തിന് പോയി.

പിണറായിയെയൊക്കെ വഴിയിൽ കാണാറുണ്ടോ?

വഴിയിൽ കണ്ടാൽ ഞാൻ പടിഞ്ഞാറേയ്ക്കും അയാൾ കിഴക്കോട്ടും പോകും. അയാളെ കണ്ടാൽ ചിരിക്കാൻ പോലും തോന്നാറില്ല. ഉള്ളിൽ തട്ടിയ വികാരത്തിന്റെ പ്രതിഫലനമാണ് ചിരി. വെറുതേ ചിരിക്കുന്നത് കോവർ കഴുതകളാണ്. മനുഷ്യൻ ചിരിക്കുന്നത് ഉള്ളിൽ തട്ടിയിട്ടാണ്. അങ്ങനെ ഉള്ളിൽ തട്ടി ചിരിക്കാൻ കഴിയാറില്ല. കാരണം അത്രത്തോളം കഷ്ടതകളും നഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാക്കിയ ആളെ കാണുമ്പോൾ എങ്ങനെയാണ സന്തോഷിക്കാൻ കഴിയുക. എന്നെ കൊല്ലാൻ ആളുകളെ വിടുന്നയാളെ കാണുമ്പോൾ എങ്ങനെ ചിരിക്കും. ഇനി ഒന്നും ചെയ്യാൻ കഴിയാതെ നിസഹായനായ മനുഷ്യനാണെങ്കിൽ കൂടി അയാൾക്ക് വൈരാഗ്യമുണ്ടാകില്ലേ? സ്വാഭാവികമല്ലെ. അതുകൊണ്ടാണ് ഞാൻ പലപ്പോഴും പറയാറ്, നോ കോംപ്രമൈസ് എന്ന്.

ഇത്രയും വൈരാഗ്യം അയാളോട് തോന്നാൻ എന്താണ് കാരണം? ഈ കൊലപാതക ശ്രമങ്ങളൊക്കെ പിണറായി അറിയാറുണ്ടോ?

പിണറായിയുടെ സമ്മതമില്ലാതെ ഒരു കൊലപാതകം കണ്ണൂരിൽ നടക്കില്ല. യാദൃശ്ചികമായി സംഭവിച്ച ഒന്നോ രണ്ടോ ഒഴികെ കണ്ണൂരിൽ നടന്ന മറ്റെല്ലാ കൊലപാതകങ്ങളും വളരെ ആസൂത്രിതമാണ്. കണ്ണൂരിലെ സിപിഎം കോൺഗ്രസിനെ പോലയല്ല. കോൺഗ്രസിൽ നേതാക്കളാരും അറിയണമെന്നില്ല. താഴെത്തട്ടിലുള്ള കുട്ടികൾ വിചാരിച്ചാലും എന്തെങ്കിലും ചെയ്യാം. എന്നാൽ സിപിഎമ്മിൽ പാർട്ടി അറിഞ്ഞും പാർട്ടിയുടെ ആസൂത്രണമനുസരിച്ചും മാത്രമെ കാര്യങ്ങൾ നടക്കു.

ടിപിയെ കൊന്നതിൽ പിണറായിക്ക് പങ്കുണ്ടോ?

അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ചാണ്. അദ്ദേഹത്തിന് നേരിട്ട് പങ്കില്ല. അവിടെ ഒരു റോഡിന്റെ പ്രശ്നത്തിൽ പിണറായിയും ടിപിയും തമ്മിൽ തർക്കമുണ്ടായിരുന്നു. പിണറായിയുടെ ഒരു നിർദ്ദേശം ടിപി അംഗീകരിച്ചില്ല എന്നാണ് എനിക്ക് കിട്ടിയ വിവരം. ആർഎംപി പ്രവർത്തകർ തന്നെ പറഞ്ഞതാണ്. ചന്ദ്രശേഖരനുമായി വേറെ തർക്കങ്ങളൊന്നുമില്ല. അവനൊരു ധിക്കാരി എന്ന് പിണറായിക്ക് തോന്നിക്കാണും. അയാൾ അതിലും വലിയ ധിക്കാരി അല്ലെ. മാത്രമല്ല അതിനകത്ത് അന്വേഷണമൊക്കെ കുറെയൊക്കെ വഴുതിപ്പോയിട്ടുണ്ട്. അല്ലെങ്കിൽ നമ്മൾ പ്രതീക്ഷിക്കാത്ത പലരും അതിൽ പ്രതികളായേനെ.

നിങ്ങളാണ് ഭരിച്ചിരുന്നത്.

അതെ, ഞങ്ങളാണ് ഭരിച്ചിരുന്നത്. അതുതന്നെയാണ് പറഞ്ഞുവന്നത്. അന്വേഷണത്തിൽ പോരായ്മകളുണ്ടായിരുന്നു.