- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂർ സർവകലാശാല സിലബസ് വിവാദം സിപിഎം-ബിജെപി ബന്ധത്തിലെ ഒരു ഒരേട് മാത്രം; മുഖ്യമന്ത്രി ഉത്തരവാദിത്വം സർവകലാശാലയുടെ തലയിൽ കെട്ടിവച്ച് കൈകഴുകി; വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും കെ.സുധാകരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ഒത്താശ ചെയ്ത സിപിഎമ്മിന്റെ നിലപാട് മതേതര കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിലെ ഒരേടു മാത്രമാണ് കണ്ണൂർ സർവകലാശാല സിലബസ് വിവാദം.വിദ്യാഭ്യാസ രംഗത്തെ ആർഎസ്എസിന്റെ തൊഴുത്തിൽക്കെട്ടാനുള്ള ഏതു നീക്കവും ചെറുത്തിരിക്കും. കണ്ണൂർ യൂണിവേഴ്സിറ്റി ഭരിക്കുന്ന എസ്എഫ്ഐ ഈ വിഷയത്തിൽ മൗനം ഭജിക്കുന്നതും യൂണിയൻ ചെയർമാൻ സിലബസിനെ പരസ്യമായി പിന്തുണച്ചതും സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്.
മുഖ്യമന്ത്രിയുടെ നാട്ടിലെ സർവകലാശാലയിൽ ഹൈന്ദവ അജണ്ട ഉൾപ്പെടുത്തി വിദ്യാഭ്യാസത്തെ കാവിവത്കരിക്കാൻ ശ്രമിച്ചിട്ടും മുഖ്യമന്ത്രി ഉത്തരവാദിത്വം സർവകലാശാലയുടെ തലയിൽ കെട്ടിവച്ച് കൈകഴുകി. വിദ്യാഭ്യാസ മന്ത്രിയും അതു തന്നെ ചെയ്തു. മതനിരപേക്ഷതയുടെ അപ്പോസ്ത്തലരെന്ന് സ്വയംവാദിക്കുമ്പോഴാണ് ഈ ഉരുണ്ടുകളിയെന്നത് വിചിത്രമാണ്. മഹാത്മഗാന്ധിയെയും നെഹ്റുവിനെയും തമസ്ക്കരിച്ച് വർഗീയവാദികളെ പ്രകീർത്തിക്കുന്ന ബിജെപി ശൈലി തന്നെയാണ് സിപിഎമ്മും എസ്എഫ്ഐയും സ്വീകരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
പിജി സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരായ ഗോൾവാൽക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തി ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും കണ്ണൂർ സർവകലാശാല പിന്നോട്ട് പോയതും വിവാദ വിഷയം പഠിക്കാൻ രണ്ടംഗ സമിതിയെ നിയമിക്കാൻ തയ്യാറായതും കെഎസ്യു,യൂത്ത്കോൺഗ്രസ് സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ്. എന്നാൽ ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാൻ സാധിക്കില്ല. ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആക്ഷേപം ശക്തമാണ്.സിലബസ് രൂപീകരണത്തിൽ വേണ്ടത്ര ചർച്ചകൾ നടത്താതെ പ്രത്യേക താൽപ്പര്യം മാത്രമാണ് പരിഗണിച്ചതെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സുധാകരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ