തിരുവനന്തപുരം: റിപ്പോർട്ടർ ടി.വിയുടെ ചർച്ചയ്ക്കിടെ മാധ്യമ പ്രവർത്തകൻ നികേഷ് കുമാർ നടത്തിയ വിവാദപരാമർശത്തിന്റെ പേരിൽ പ്രതികാരബുദ്ധിയോടെ നീങ്ങുന്നത് ശരിയല്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. കുട്ടിക്കാലം മുതലേ തനിക്ക് അറിയാവുന്ന വ്യക്തിയാണ് നികേഷെന്നും താനും നിങ്ങളുമൊക്കെ സ്‌നേഹിക്കുന്ന എംവിആറിന്റെ മകനാണെന്നും, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും നമുക്ക് ഉണ്ടെന്നും സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചു. സംവാദത്തിൽ താൻ മറുപടി പറഞ്ഞതോടുകൂടി ആ കാര്യം മറന്നു. രു പ്രതികാരവാജ്ഞയോടു കൂടി അതിനെ നോക്കി കാണേണ്ടതില്ല. പ്രതികാരം തീർക്കുന്ന സംഭവമായി അതിനെ മാറ്റരുതെന്നും സുധാകരൻ ഫേസബുക്ക് കുറിപ്പിൽ പറഞ്ഞു.

കെ.സുധാകരന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പ്രിയമുള്ളവരെ,

റിപ്പോർട്ടർ ചാനലുമായി ഞാൻ നടത്തിയ അഭിമുഖത്തിൽ ശ്രീ. നികേഷും ഞാനും തമ്മിൽ ഉണ്ടായ വാഗ്വാദം നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.ചർച്ചയിൽ ഇത് പോലുള്ള സംഭവങ്ങൾ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്‌നത്തെ സമീപിക്കുവാൻ സാധിക്കുകയില്ല.

കുട്ടിക്കാലം മുതൽഎനിക്ക് അറിയാവുന്ന വ്യക്തിയാണ് ശ്രീ.നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്‌നേഹിക്കുന്ന എം വി ആറിന്റെ മകൻ, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും നമുക്ക് ഉണ്ട്.ആ സംവാദത്തിൽ ഞാൻ മറുപടി പറഞ്ഞ തോടുകൂടി ആ കാര്യം ഞാൻ മറന്നു. അതിനെ ഒരു പ്രതികാരവാജ്ഞയോടു കൂടി അതിനെ നോക്കി കാണേണ്ടതില്ല. പ്രതികാരം തീർക്കുന്ന സംഭവമായി അതിനെ മാറ്റരുത്.

ചാനൽ ചർച്ചകളിൽ ഇത് പോലുള്ള സംഭവങ്ങൾ സ്വാഭാവികമാണ്, അതിനെ ഒരു വൈരാഗ്യബുദ്ധിയോടു കൂടി നോക്കി കാണുന്നത് ശരിയല്ല.അതുകൊണ്ട് എന്റെ പ്രിയപ്പെട്ടവരോട് ഞാൻ സ്‌നേഹപൂർവ്വം പറയുന്നു അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ല. ആ സംഭവം മനസ്സിൽ വെച്ച് ശ്രീ. നികേഷിനെതിരെ പ്രതികരിക്കുന്ന എന്റെ പ്രിയപ്പെട്ടവരോട് ഞാൻ അപേക്ഷിക്കുന്നു, ദയവായി അത് ആവർത്തിക്കരുത്. അതിൽ നിന്ന് പിന്തിരിയണം. എന്റെ ഈ വാക്കുകൾ നിങ്ങൾ അനുസരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് വായിക്കുന്ന ഓരോ ആളും ഈ നിമിഷം മുതൽ പിന്തിരിയണം. ഇത് പോലുള്ള അന്തരീക്ഷം ഉണ്ടാകുമ്പോൾ സഹനശക്തിയോടു കൂടി അത് ശ്രവിക്കാനും അത് ഉൾകൊള്ളാനും നമുക്ക് സാധിക്കണം.

ജാത്യാലുള്ളത് തൂത്താൽ പോകുമോ, താങ്കളുടെ നാവിൽ വരുന്നത് പറയാതിരിക്കാൻ താങ്കൾക്ക് കഴിയുമോ എന്നായിരുന്നു ചർച്ചയ്ക്കിടെ നികേഷിന്റെ പരാമർശം. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നുവന്നിരുന്നത്.

എം.വി നികേഷ് കുമാർ നടത്തിയ പരാമർശത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനത്തിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് ശബരീനാഥൻ തുടങ്ങിയവർ പരാമർശത്തിനെതിരെ രംഗത്തെത്തി.

ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും കസേര കണ്ടിട്ടാണ് നികേഷൊക്കെ മാടമ്പിത്തരവുമായി സുധാകരന്റെ നെഞ്ചത്തോട്ട് കേറാൻ തുനിയുന്നതെങ്കിൽ കെ.എസ് ചാനൽ ചർച്ചയിൽ ഓർമിപ്പിച്ചത് മാത്രമേ പറയാനുള്ളുവെന്ന് കൊടിക്കുന്നിൽ സുരേഷ് ഫേസ്‌ബുക്കിൽ കുറിച്ചു. അധികാരത്തിന്റെ വെള്ളിക്കാശുകൾ കണ്ട് കണ്ണ് മഞ്ഞളിക്കുമ്പോൾ സ്വന്തം പിതാവിന്റെ ഓർമ്മകൾ എങ്കിലും നികേഷ് മറന്നു പോകരുതെന്നും അദ്ദേഹം പറഞ്ഞു.നികേഷ് കുമാർ വിവാദ പരാമർശം പിൻവലിച്ച് പൊതുസമൂഹത്തിന്റെ മുന്നിൽ തെറ്റ് തിരുത്തണമെന്ന് കെ.എസ് ശബരീനാഥനും ആവശ്യപ്പെട്ടിരുന്നു.