തിരുവനന്തപുരം: കോൺഗ്രസ് അണികൾ ആഗ്രഹിച്ചത് കെ സുധാകരനെ കോൺഗ്രസിന്റെ അധ്യക്ഷനായി കാണാനാണ്. എന്നാൽ കഴിഞ്ഞ പുനഃസംഘടനയിൽ പാർട്ടി ദേശീയ നേതൃത്വം അദ്ദേഹത്തിന് നല്കിയത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനമാണ്. മുല്ലപ്പള്ളിയാണ് പാർട്ടിയുടെ അവസാന വാക്കെങ്കിലും അണികളുടെ നേതാവായി കെ സുധാകരൻ മാറുന്നതും കണ്ടു. ആർഎസ്എസിനോളം വരില്ലെങ്കിലും ഒരു സെമി കേഡർ സംവിധാനം കോൺഗ്രസിനായി കൊണ്ടുവരാൻ സുധാകരന് കഴിയും. പവർത്തന ശൈലി അടിമുടി മാറ്റി സംഘടനാ മെക്കാനിസം സമഗ്രമായി അഴിച്ചുപണിയുകയെന്ന ദൗത്യം നിർവ്വഹിക്കാൻ സുധാകരന് കഴിയും.

ഖദറും ധരിച്ച് ഒരു ഗുണവുമില്ലാതെ നടക്കുന്നവരെ മാറ്റി മുഴുവൻ സമയ പ്രവർത്തകരെ ഉയർത്തിക്കൊണ്ടുവന്ന് ബൂത്തുതലം മുതൽ പ്രവർത്തനം ഊർജ്ജിതമാക്കാനാകും കെപിസിസി അധ്യക്ഷ പദവി കിട്ടിയാൽ സുധാകരൻ ചെയ്യുക. പുതിയ രാഷ്ട്രീയ പ്രവർത്തന ശൈലിക്കു രൂപം നൽകിയാൽ മാത്രമേ സ്വന്തം തട്ടകമായ കണ്ണൂരിലടക്കം കോൺഗ്രസിനെ ശക്തമായി മുന്നോട്ടുനയിക്കാൻ കഴിയൂ എന്ന തിരിച്ചറിവിലാണ് സുധാകരൻ വീണ്ടും അങ്കം തുടങ്ങുന്നത്. സെമി കേഡർ നിലയിലെങ്കിലും പാർട്ടിയെ എത്തിക്കാനാണ് ശ്രമം. കേഡർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സിപിഐഎമ്മും ആർഎസ്എസും കണ്ണൂരിലടക്കം ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കാൻ അണികളെ കൂടുതൽ കരുത്തരും ഉത്തരവാദിത്തമുള്ളവരുമാക്കി മാറ്റിയത് സുധാകരനാണ്. ഈ മോഡൽ ഇനി കെപിസിസിയിലും വരും.

കെ. സുധാകരന് കെപിസിസി. അധ്യക്ഷന്റെ ചുമതല നൽകാനുള്ള ധാരണയുണ്ടായത് കോൺഗ്രസ് നേതാക്കളുമായി ഡൽഹിയിൽ ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ്. മുല്ലപ്പള്ളി രാമചന്ദ്രന് മത്സരത്തിന് അനുമതി നൽകുന്ന ഘട്ടത്തിലാണ് പാർട്ടി ചുമതല കൈമാറുന്ന കാര്യം പരിഗണിച്ചത്. ഒരാൾക്ക് ഒരുപദവിയെന്ന നിബന്ധന കർശനമാക്കണമെന്ന നിലപാടാണ് ഹൈക്കമാൻഡിനുമുള്ളത്. അതിനാൽ, തത്കാലം സ്ഥിരം അധ്യക്ഷനായി സുധാകരന് നിയമനം നൽകില്ല. വിജയസാധ്യതയുള്ള നേതാക്കളെല്ലാം മത്സരിക്കണമെന്നതാണ് ഹൈക്കമാൻഡ് നിർദേശിച്ചത്. അതനുസരിച്ചാണ് മുല്ലപ്പള്ളി മത്സരിക്കുന്നത്. അദ്ദേഹം ജയിക്കുകയും യു.ഡി.എഫ്. അധികാരത്തിലെത്തുകയും ചെയ്താൽ കെപിസിസി. അധ്യക്ഷ പദവിയിൽനിന്ന് മുല്ലപ്പള്ളി ഒഴിയും. ഇതിനുശേഷം സ്ഥിരം അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം വരും.

യു.ഡി.എഫിന്റെ കേരളയാത്ര രമേശ് ചെന്നിത്തല നയിക്കട്ടെയെന്നും ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്. ഇതിൽ മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും സജീവമായി ഉണ്ടാകും.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽസെക്രട്ടറി താരിഖ് അൻവർ എന്നിവരടങ്ങുന്ന ഹൈക്കമാൻഡ് പ്രതിനിധികൾ അടുത്തദിവസം കേരളത്തിലെത്തും. ഇവരും ഘടകകക്ഷികളുമായി ചർച്ച നടത്തും. സുധാകരനെ ഘടകക്ഷികളും അംഗീകരിക്കും.

സൈബർ ലോകത്തും കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നാണ് സുധാകരന്റെ വാദം. കെഎസ് ബ്രിഗേഡ് എന്ന പേരിൽ സുധാകരനെ പിന്തുണക്കുന്ന വലിയൊരു വിഭാഗം ഇപ്പോൾ സൈബർ ലോകത്തുണ്ട്. ഇവർ കോൺഗ്രസ് ബ്രിഗേഡായി മാറും. കെപിസിസി അദ്ധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് സുധാകരൻ എംപി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെത്തുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി 23ന് അദ്ദേഹം കൂടിക്കാഴ്ച നടത്തും. അടുത്ത ആഴ്ച ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നതായും താത്കാലിക അദ്ധ്യക്ഷസ്ഥാനം തനിക്കു വേണ്ടെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നതായും നേരത്തെ റിപ്പോർട്ട് വന്നിരുന്നു. കഴിഞ്ഞദിവസം മുതിർന്ന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചപ്പോൾ സുധാകരനും ക്ഷണമുണ്ടായിരുന്നു.

പക്ഷേ, അദ്ദേഹം പോയിരുന്നില്ല.നിയമസഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ നിന്നു മത്സരിക്കാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ്, തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സമിതിയുടെ അദ്ധ്യക്ഷനായി ഉമ്മൻ ചാണ്ടി നിയോഗിക്കപ്പെട്ടതുപോലെ സുധാകരൻ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങളുയർന്നത്. അദ്ധ്യക്ഷസ്ഥാനം സംബന്ധിച്ച് ദേശീയ നേതാക്കളുമായി സംസാരിച്ച കാര്യം സുധാകരൻ മാധ്യമങ്ങളോടും വെളിപ്പെടുത്തി. മറ്റു ജില്ലകൾ കോൺഗ്രസിനെ കൈവിട്ടപ്പോൾ താത്കാലിക ആശ്വാസമായ കണ്ണൂരിലെ വിജയം ഉയർത്തിപ്പിടിച്ച് കെപിസിസി പ്രസിഡന്റ് സ്ഥാനം പിടിക്കാൻ സുധാകരവിഭാഗം നേരത്തെ നീക്കം തുടങ്ങിയിരുന്നു.

കണ്ണൂർ കോർപ്പറേഷനിലെ വിജയത്തിന്റെ ശില്പിയെന്ന നിലയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാൻഡിനെ സമീപിക്കുമെന്ന് സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ സ്ഥാനാർത്ഥിനിർണയത്തിൽ താനുമായി യാതൊരു കൂടിയാലോചനയും സുധാകരൻ നടത്തിയില്ലെന്നു മുല്ലപ്പള്ളിയും ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു.